in

കശ്‍മീർ പ്രശ്നത്തിൽ നിലപാട് കൈയൊഴിഞ്ഞോ- മോദിയോട് പ്രതിപക്ഷം  

കശ്‍മീർ പ്രശ്നത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശം വിവാദമാകുന്നു. ഇന്ത്യ -പാക് സംഘർഷത്തിൽ എക്കാലത്തെയും വലിയ വെല്ലുവിളിയാണ് കശ്‍മീർ. കാലങ്ങളായി മൂന്നാം കക്ഷി ഇടപെടലുകൾക്ക് തക്കം പാർത്തിരിക്കുന്ന പാകിസ്താന് പിടിവള്ളിയായി ട്രംപിന്റെ അഭിപ്രായ പ്രകടനം  മാറിയിട്ടുണ്ട്. എന്നാൽ കശ്‍മീർ ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്നും ഉഭയകക്ഷി ചർച്ചകൾ മാത്രമാണ് പ്രശ്നപരിഹാരം സാധ്യമാക്കൂ എന്നുമാണ് നാളിതുവരെ ഇന്ത്യ കൈക്കൊണ്ട നിലപാട്. കശ്‍മീരിനെ ഒരു അന്താരാഷ്ട്ര പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള പാകിസ്താന്റെ ശ്രമങ്ങളെല്ലാം ഇതേവരെ വിഫലമായത് വിഷയത്തിൽ രാജ്യം  കൈക്കൊണ്ട കർക്കശമായ നിലപാടുമൂലമാണ്. വൈറ്റ് ഹൌസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മാധ്യമങ്ങളോട് ട്രംപ് വെളിപ്പെടുത്തൽ നടത്തിയെന്നത് ശ്രദ്ധേയമാണ്.

കശ്‍മീർ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ മോദി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചെന്നുമുള്ള ട്രംപിന്റെ വെളിപ്പെടുത്തലോടെ സംഭവം വിവാദവിഷയമാവുകയാണ്. കശ്‍മീർ പ്രശ്നത്തിൽ  മധ്യസ്ഥനാകാൻ മോദി അമേരിക്കൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടെന്ന വാർത്ത പ്രതിപക്ഷകക്ഷികൾ ഏറ്റെടുത്തു. കശ്‍മീരിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല എന്ന ചരിത്രപരമായ നിലപാട് ഇന്ത്യ ഉപേക്ഷിച്ചോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 

അതിനിടെ വിദേശകാര്യമന്ത്രാലയം ട്രംപിന്റെ അവകാശവാദത്തെ തള്ളി രംഗത്തെത്തി. പാകിസ്താനുമായുള്ള സംഘർഷവിഷയങ്ങളെല്ലാം ഉഭയകക്ഷി ചർച്ചയിലൂടെ മാത്രം പരിഹാരം കാണണം എന്ന നിലപാടിൽ യാതൊരു മാറ്റവും ഇല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടില്ല- വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിന് അറുതിവരാതെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. ഇന്ത്യ-പാകിസ്താൻ ബന്ധത്തിൽ സംഘർഷം സൃഷ്ടിക്കുന്ന ഏതൊരു പ്രശ്നവും സിംല കരാറിന്റെയും ലാഹോർ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തിൽ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ പരിഹാരം കാണാനാവൂ. മൂന്നാം കക്ഷി ഇടപെടൽ ഇക്കാര്യത്തിൽ അനുവദിക്കില്ല-വക്താവ് വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് ശശി തരൂർ കേന്ദ്ര സർക്കാരിനും അമേരിക്കൻ പ്രസിഡന്റിനും എതിരേ ആഞ്ഞടിച്ചു. താൻ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് ട്രംപിന് യാതൊരു ധാരണയുമില്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് പറഞ്ഞതെന്ന് ഒന്നുകിൽ അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. അല്ലെങ്കിൽ അതുസംബന്ധിച്ച് അദ്ദേഹത്തെ വിവരം ധരിപ്പിച്ചവർ വേണ്ടവിധത്തിലല്ല അത് നൽകിയത്. മൂന്നാം കക്ഷി ഇടപെടലിനെപ്പറ്റിയുള്ള ഇന്ത്യയുടെ നിലപാട് അദ്ദേഹത്തിന് അറിയില്ല. 

കശ്‍മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല എന്ന നാളിതുവരെയുള്ള രാജ്യത്തിൻറെ ഉറച്ച നിലപാടിൽ മാറ്റം വന്നോ എന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ആശ്ചര്യം പ്രകടിപ്പിച്ചു. ട്രംപ് നുണ പറയുകയാണ് എന്ന് വിദേശകാര്യ മന്ത്രാലയത്തിന് അഭിപ്രായമുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു.

കശ്‍മീർ വിഷയത്തിൽ ട്രംപിന്റെ പ്രസ്താവനയെ തള്ളിപ്പറയാനുള്ള ധൈര്യം മോദിക്കുണ്ടോ എന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരാഞ്ഞു. ജമ്മുകശ്‍മീർ അഖണ്ഡ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അക്കാര്യത്തിൽ മൂന്നാം കക്ഷി ഇടപെടലുകൾക്ക് യാതൊരു പ്രസക്തിയും ഇല്ലെന്നുമുള്ള സിംല കരാർ പ്രഖ്യാപനം കയ്യൊഴിഞ്ഞോ എന്ന് മോദി വ്യക്തമാക്കണം.

അതിനിടയിൽ ട്രംപിന്റെ പ്രസ്താവനക്കെതിരെ മുൻ നയതന്ത്ര വിദഗ്‌ധരും രംഗത്തെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാനേ ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ ഉപകരിക്കൂ എന്ന് അവർ ആക്ഷേപിച്ചു. പ്രസിഡണ്ട് ഇന്ന് ഒരുപാട് ദോഷങ്ങൾ വരുത്തിവെച്ചു എന്നാണ് ഇന്ത്യയുടെ മുൻ അമേരിക്കൻ അംബാസഡർ റിച്ചാർഡ് വർമയുടെ ട്വീറ്റ്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സങ്കീർണതകൾ ട്രംപ് അറിയാനിരിക്കുന്നതേയുള്ളൂ എന്ന് അമേരിക്കയിലെ മുൻ പാക് അംബാസഡർ ഹുസ്സൈൻ ഹക്കാനിയുടെ പ്രതികരിച്ചു. അഫ്ഘാൻ പ്രശ്നത്തിൽ ട്രംപിന് പാകിസ്താന്റെ സഹായം വേണം. അതിനാലാണ് ട്രംപ് ഇമ്രാൻ ഖാനെ പ്രശംസിക്കുന്നതും പാകിസ്താൻ ആഗ്രഹിക്കും വിധത്തിൽ ഇത്തരമൊരു പരാമർശം കൊണ്ടുവരുന്നതും. കൊറിയൻ വിഷയത്തിൽ ഉത്തര കൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉന്നിനെയും അദ്ദേഹം ഇതേപോലെ പുകഴ്ത്തി. എന്നാൽ ഒരു പരിഹാരവും തെളിഞ്ഞുകണ്ടില്ല. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചരിത്രപരമായ സങ്കീർണതകൾ റിയൽ എസ്റ്റേറ്റ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതതുപോലെ അത്ര എളുപ്പമല്ലെന്ന് താമസിയാതെ അദ്ദേഹത്തിന് മനസ്സിലാവും- അദ്ദേഹം പറഞ്ഞു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Guru ,pooja, guruvandanam,  teacher, students, India, Kerala, Thrissur,  Guru poornima, sri sankaracharya , Sukumaran, Kabir Das, 

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ശ്രദ്ധ നല്‍കും

ക്രിമിനലുകളെ ഒതുക്കാൻ ജ്യോതികയും രേവതിയും