Oxfam
ആഗോള ജനസംഖ്യയുടെ പതിമൂന്ന് ശതമാനം വരുന്ന സമ്പന്ന രാജ്യങ്ങൾ, ഭാവിയിലെ കോവിഡ്-19 വാക്സിൻ വിതരണത്തിൻ്റെ പകുതിയിലധികവും ഇതിനോടകം വാങ്ങിക്കഴിഞ്ഞതായി ഓക്സ്ഫാം റിപ്പോർട്ട്.
അനലിറ്റിക്സ് കമ്പനിയായ എയർഫിനിറ്റി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓക്സ്ഫാം ഈ നിഗമനത്തിൽ എത്തിയത്.Oxfam
അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അഞ്ച് പ്രമുഖ വാക്സിനുകൾക്കായി പ്രമുഖ രാജ്യങ്ങളും ഫാർമസ്യൂട്ടിക്കൽ കമ്പനികളും വാക്സിൻ നിർമാതാക്കളും മറ്റും നടത്തിയ ഡീലുകൾ പരിശോധിച്ചാണ് സംഘടനയുടെ വിശകലനം.
മനുഷ്യരാശിയുടെ ജീവൻരക്ഷാ ഔഷധമായ കോവിഡ് വാക്സിൻ്റെ ലഭ്യത താമസിക്കുന്ന രാജ്യത്തെയോ, സമ്പത്തിനെയോ ആശ്രയിച്ചാവരുത് എന്ന് ഓക്സ്ഫാം വക്താവ് റോബർട്ട് സിൽവർമാൻ അഭിപ്രായപ്പെട്ടു. സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ വികസിപ്പിക്കുന്നതും അവയ്ക്ക് ലഭിക്കുന്ന അംഗീകാരവും നിർണായകമാണ്. എന്നാൽ
ഭൂമുഖത്തെ എല്ലാവർക്കും വാക്സിനുകൾ ലഭ്യമാവണം. എല്ലാവർക്കും താങ്ങാനാവുന്നതും ആയിരിക്കണം. അത് ഉറപ്പാക്കേണ്ടതും പ്രധാനമാണ്. കോവിഡ്-19 എവിടെയും എന്നതിനർഥം കോവിഡ്-19 എല്ലായിടത്തും എന്നുതന്നെയാണ്, അദ്ദേഹം വിശദീകരിച്ചു.
ആസ്ട്രസെനക, ഗമാലിയ- സ്പുട്നിക്, മോഡേണ, ഫൈസർ, സിനോവാക് എന്നീ അഞ്ച് കമ്പനികളുടെ വാക്സിനുകളാണ് ഓക്സ്ഫാം വിശകലനത്തിന് വിധേയമാക്കിയത്.
ഈ അഞ്ച് വാക്സിനുകളുടെയും കൂടി ആകെ ഉത്പാദന ശേഷി 5.9 ബില്യൺ ഡോസ് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഒരാൾക്ക് രണ്ട് ഡോസ് ആവശ്യമായി വരും എന്ന വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം മൂന്ന് ബില്യൺ ആളുകൾക്കാണ് ഇത് തികയുന്നത്.
5.3 ബില്യൺ ഡോസുകൾക്കുള്ള സപ്ലൈ കരാറുകൾ ഇതുവരെ ധാരണയായിക്കഴിഞ്ഞു. അതിൽ 2.7 ബില്യൺ (51 ശതമാനം) യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ഹോങ്കോംഗ്, മക്കാവു, ജപ്പാൻ, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ എന്നിവയുൾപ്പെടെ വികസിത രാജ്യങ്ങളും ടെറിറ്ററികളും റീജിയനുകളും സ്വന്തമാക്കിക്കഴിഞ്ഞു. ബാക്കി 2.6 ബില്യൺ ഡോസുകൾ ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ബ്രസീൽ, ഇന്തോനേഷ്യ, മെക്സിക്കോ എന്നിവയുൾപ്പെടെ വികസ്വര രാജ്യങ്ങൾ വാങ്ങുമെന്ന കരാറിൽ എത്തിയിട്ടുമുണ്ട്.
മോഡേണക്ക് മാത്രം 2.5 ബില്യൺ ഡോളറിൻ്റെ ഓഫർ ലഭിച്ചുവെന്നാണ് ഓക്സ്ഫാമിൻ്റെ വെളിപ്പെടുത്തൽ. എന്നാൽ കൂടുതൽ ലാഭമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ വാക്സിൻ്റെ വിതരണാവകാശം മുഴുവൻ സമ്പന്ന രാജ്യങ്ങൾക്ക് വിറ്റതായി ഓക്സ്ഫാം പറയുന്നു.
ഓക്സ്ഫാം ഉൾപ്പെടെയുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷനുകൾ ആവശ്യപ്പെടുന്നത് വാക്സിൻ വിതരണം സൗജന്യമായിരിക്കണം എന്നാണ്. ആവശ്യാനുസരണം വിതരണം ചെയ്യുന്ന “പീപ്പിൾസ് വാക്സിൻ” ആയിരിക്കണം കോവിഡ്-19 നുള്ള വാക്സിൻ. അത് സൗജന്യമായിത്തന്നെ ജനങ്ങളിൽ എത്തിക്കണം എന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കുത്തക താത്പര്യം സംരക്ഷിച്ച്, ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നവർക്ക് വിൽക്കുന്നതിനുപകരം പേറ്റന്റില്ലാതെ തങ്ങളുടെ അറിവ് സൗജന്യമായി പങ്കിട്ട്, വാക്സിൻ വ്യാപകമായി ഉത്പാദിപ്പിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ തയ്യാറായാൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് ഓക്സ്ഫാം പറയുന്നു.
ഭൂമിയിലെ എല്ലാവർക്കും വാക്സിൻ നൽകുന്നതിനുള്ള ചെലവ്, പ്രതീക്ഷിക്കുന്ന ചെലവിന്റെ (പ്രൊജക്റ്റഡ് കോസ്റ്റ്) ഒരു ശതമാനത്തിൽ താഴെയാണെന്നും ഓക്സ്ഫാം പറയുന്നു.