oxford
in

ബ്രസീലിൽ ആസ്ട്രസെനക വാക്സിൻ ട്രയൽ വളണ്ടിയർ മരിച്ചു; വാക്സിൻ എടുത്തിട്ടില്ലെന്ന് റിപ്പോർട്ട്

Oxford Vaccine

ഓക്സ്ഫഡ്  സർവകലാശാലയുമായി ചേർന്ന് ആസ്ട്രസെനക വികസിപ്പിച്ചെടുത്ത വാക്സിൻ പരീക്ഷണം മുന്നേറുന്നതിനിടെ ബ്രസീലിൽ ട്രയൽ വളണ്ടിയർ മരണമടഞ്ഞു. മരുന്നു പരീക്ഷണത്തിന് സ്വമേധയാ സന്നദ്ധരായി വരുന്നവരാണ് ട്രയൽ വളണ്ടിയർമാർ. സന്നദ്ധ പ്രവർത്തകൻ്റെ മരണം സംബദ്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെ, മരിച്ച വ്യക്തി വാക്സിൻ എടുത്തിരുന്നില്ല എന്ന് പരീക്ഷണവുമായി അടുത്ത ബന്ധമുള്ള വ്യക്തി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു. Oxford Vaccine

രഹസ്യാത്മകത നിലനിർത്തേണ്ട ആവശ്യമുള്ളതിനാലും ക്ലിനിക്കൽ ട്രയലിൻ്റെ നിയമപരമായ വശങ്ങൾ കണക്കിലെടുത്തും വ്യക്തിഗത കേസുകളിൽ അഭിപ്രായം പറയാൻ കഴിയില്ലെന്നാണ് ഇതുസംബന്ധിച്ച്  

ആസ്ട്രാസെനെകയുടെ വിശദീകരണം. ലോകം ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്സിൻ പരീക്ഷണമാണ് ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് ആസ്ട്രസെനെക നടത്തുന്നത്.

പഠന സന്നദ്ധപ്രവർത്തകന്റെ മരണം രണ്ടു ദിവസം മുമ്പുതന്നെ സ്ഥിരീകരിച്ചതായി ബ്രസീൽ ആരോഗ്യ അതോറിറ്റി അൻവിസ പ്രതികരിച്ചു. ക്ലിനിക്കൽ ട്രയൽ സുരക്ഷ വിലയിരുത്തുന്ന അന്താരാഷ്ട്ര സമിതിയിൽ നിന്ന് ഇതു സംബന്ധിച്ച ഭാഗിക റിപ്പോർട്ട് ലഭിച്ചിരുന്നു.  പരീക്ഷണം നിർത്തിവെക്കേണ്ടതില്ലെന്നും തുടരണമെന്നുമാണ് കമ്മിറ്റി നിർദേശിച്ചത്.

സ്വതന്ത്രവും സൂക്ഷ്മവുമായ അവലോകനം നടക്കുന്നുണ്ട്. വാക്സിൻ്റെ സുരക്ഷയെക്കുറിച്ച് ഓക്സ്ഫഡിന് യാതൊരു ആശങ്കയുമില്ല. പരീക്ഷണം തുടരാനാണ് ബ്രസീലിന്റെ റെഗുലേറ്റർമാരും ശുപാർശ ചെയ്തിരിക്കുന്നത്- ഓക്സ്ഫഡ് സർവകലാശാലയിലെ കമ്മ്യൂണിക്കേഷൻസ് മേധാവി സ്റ്റീഫൻ റൂസ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം,  വാർത്ത പുറത്തുവന്നതിനെ തുടർന്ന് ആസ്ട്രാസെനകയുടെ അമേരിക്കൻ ഡെപോസിറ്ററി റസീപ്റ്റുകളുടെ മൂല്യം 3.3 ശതമാനം വരെ ഇടിഞ്ഞു. യു‌എസിൽ ഓക്സ്ഫഡ് വാക്‌സിൻ്റെ ക്ലിനിക്കൽ ട്രയൽ‌ ഒരു മാസത്തിലേറെയായി നിർത്തിവെച്ചിരിക്കുകയാണ്.  ബ്രിട്ടനിലെ ക്ലിനിക്കൽ ട്രയൽ പരീക്ഷണത്തിൽ പങ്കെടുത്ത ഒരു വ്യക്തിക്ക് സെപ്റ്റംബറിൽ രോഗം ബാധിച്ചിരുന്നു. തുടർന്ന് ആഗോളതലത്തിൽ തന്നെ പരീക്ഷണങ്ങൾ നിർത്തിവെച്ചിരുന്നു. പിന്നീട് യു‌കെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ ട്രയൽ പുനരാരംഭിച്ചു. വാക്സിൻ പരീക്ഷണങ്ങൾ താത്ക്കാലികമായി നിർത്തി വെയ്ക്കുന്നത് സാധാരണമാണെങ്കിലും, യു ‌കെ യിലെ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനായി ആസ്ട്രാസെനകയും ഓക്സ്ഫഡും സമ്മർദം നേരിട്ടിരുന്നു.

യു‌എസ് ട്രയൽ പുനരാരംഭിക്കുന്നതിൽ നേരിടുന്ന തടസ്സം ലോകം പ്രതീക്ഷയർപ്പിക്കുന്ന വാക്സിൻ പരീക്ഷണത്തെപ്പറ്റി ആശങ്കകൾ ഉയർത്തുന്നുണ്ട്. ട്രയൽ വളണ്ടിയർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് ഈ മാസം ആദ്യം മുതൽ ജോൺസൺ ആൻ്റ് ജോൺസൺ നടത്തി വരുന്ന വാക്സിൻ പരീക്ഷണവും  താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

ഗവേഷകർ പതിറ്റാണ്ടുകളായി പരീക്ഷണാത്മക ചികിത്സകളിൽ ഉപയോഗിച്ചു വരുന്ന അഡെനോവൈറസ് ആധാരമാക്കിയാണ് ആസ്ട്രാസെനകയും ജോൺസൺ ആൻ്റ് ജോൺസണും വാക്സിനുകൾ വികസിപ്പിക്കുന്നത്. താത്ക്കാലികമായിട്ടാണെങ്കിലും പരീക്ഷണങ്ങൾ നിർത്തി വെയ്ക്കാനിടയായത് ഈ പരീക്ഷണങ്ങളുടെ സമീപനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

അമേരിക്കയിലെ പരീക്ഷണങ്ങൾ ഈ വർഷം തന്നെ പുനരാരംഭിക്കുമെന്നാണ് ആസ്ട്രസെനക പറയുന്നത്. ആഗോള തലത്തിൽ വാക്സിന് അംഗീകാരം നൽകുന്നത്  യുഎസിന് പുറത്തുള്ള പരീക്ഷണങ്ങളുടെ ഫലം അനുസരിച്ചായിരിക്കും എന്നും കമ്പനി വ്യക്തമാക്കുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

ഐഫോണോ, ആൻഡ്രോയ്ഡോ; വേഗതയിൽ മുമ്പനാര്? വൈറൽ വീഡിയോ കാണാം