Movie prime

പൽഘാർ: അറസ്റ്റ് ചെയ്ത 101 പേരിൽ ഒറ്റ മുസ്ലീമും ഇല്ലെന്ന് ആഭ്യന്തരമന്ത്രി

മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിൽ സന്യാസിമാരടക്കം മൂന്നു പേർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട 101 പേരിൽ ഒറ്റ മുസ്ലീം പോലും ഇല്ലെന്നും സംഭവത്തിൽ വർഗീയത കലർത്തരുതെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. സംഭവത്തിന് വർഗീയ നിറം പകരാനാണ് ബി ജെ പിയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം കേസന്വേഷണം മഹാരാഷ്ട്ര ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറിയതായി അറിയിച്ചു. നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. കുറ്റവാളികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതൊരു വർഗീയ ആക്രമണമല്ല. എന്നിട്ടും അങ്ങനെയാക്കിത്തീർക്കാനാണ് ബി More
 
പൽഘാർ: അറസ്റ്റ് ചെയ്ത 101 പേരിൽ ഒറ്റ മുസ്ലീമും ഇല്ലെന്ന് ആഭ്യന്തരമന്ത്രി

മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിൽ സന്യാസിമാരടക്കം മൂന്നു പേർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട 101 പേരിൽ ഒറ്റ മുസ്ലീം പോലും ഇല്ലെന്നും സംഭവത്തിൽ വർഗീയത കലർത്തരുതെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. സംഭവത്തിന് വർഗീയ നിറം പകരാനാണ് ബി ജെ പിയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം കേസന്വേഷണം മഹാരാഷ്ട്ര ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറിയതായി അറിയിച്ചു.

നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. കുറ്റവാളികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതൊരു വർഗീയ ആക്രമണമല്ല. എന്നിട്ടും അങ്ങനെയാക്കിത്തീർക്കാനാണ് ബി ജെ പിയുടെ ശ്രമം. കൊറോണ വൈറസിനെതിരെ ഒന്നിച്ചു നിന്ന് പോരാടേണ്ട സന്ദർഭത്തിൽ ദുരുദ്ദേശം വെച്ചുള്ള ഇത്തരം പ്രവൃത്തികൾ നിർഭാഗ്യകരമാണ്.
വർഗീയ വികാരം കലർത്തി സംഭവത്തിൽ മുതലെടുപ്പ് നടത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് നേരത്തേ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ആരോപിച്ചിരുന്നു. ഹിന്ദു-മുസ്ലിം സംഘർഷമായി ഇതിനെ കാണാനാവില്ല. വർഗീയതയുടെ നിറം കൊടുക്കരുത്.
കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം പൽഘാറിൽ നടന്നത്.

മുംബൈയിൽ നിന്ന് നൂറ്റി ഇരുപത്തഞ്ച് കിലോമീറ്റർ അകലെയുള്ള ജില്ലയാണ് പൽഘാർ. രണ്ട് സന്യാസിമാർ ഉൾപ്പെടെ മൂന്നുപേരെ വടികളും കല്ലുകളും ഉപയോഗിച്ച് ആൾക്കൂട്ടം മൃഗീയമായി ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ വാട്സ് അപ്പ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ വൈറലായി പ്രചരിക്കുകയായിരുന്നു.
മോഷ്ടാക്കളെന്നോ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നോ തെറ്റിദ്ധരിച്ചാണ് ഇവരെ പ്രദേശവാസികൾ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ പിടിച്ചു കൊണ്ടു പോകുന്നവർ പ്രദേശത്ത് ഇറങ്ങിയിട്ടുണ്ട് എന്ന പ്രചാരണം നേരത്തേ തന്നെ അവിടെ ഉണ്ടായിരുന്നതായി ജില്ലാ കളക്ടർ കൈലാഷ് ഷിൻഡെ പറഞ്ഞു.