Movie prime

പ്രതീക്ഷയാണ് പഞ്ച്ഷീര്‍

 

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ കീഴടക്കി. അവര്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ നടത്തുകയാണ്. അപ്പോഴും പൂര്‍ണമായും താലിബാന് കീഴടങ്ങാതെ പ്രതിരോധത്തിന്റെ വന്മതില്‍ തീര്‍ക്കുന്ന ഒരു താഴ്വരയുണ്ട്  - പഞ്ച്ഷീര്‍. വടക്ക് കിഴക്കന്‍ കാബൂളില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ഹിന്ദുകുശ് മലനിരകള്‍ക്ക് സമീപത്തുള്ള പ്രദേശമാണ് പഞ്ച്ഷീര്‍. വടക്കന്‍ സഖ്യം എന്നാണ് ഇത്  അറിയപ്പെടുന്നത്. 

1996 ല്‍ രൂപം കൊണ്ട 'വടക്കന്‍ സഖ്യം' ചെറുത്തുനില്‍പ്പിന്റെ ആസ്ഥാനമാക്കിയ  പഞ്ച്ഷീര്‍ ഇന്നും താലിബാനു മുമ്പില്‍ തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു. വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ നാടു കൂടിയാണിത്. നേരത്തെ മുതല്‍ തന്നെ താലിബാനെതിരെ വിരുദ്ധ ചേരിയില്‍ നില്‍ക്കുകയും വലിയ രീതിയിലുള്ള പോരാട്ടങ്ങങ്ങള്‍ നടത്തുകയും ചെയ്ത ചരിത്രം കൂടിയുണ്ട് പഞ്ച്ഷീറിന്.  

1996 മുതല്‍ 2001 വരെ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചപ്പോഴും വഴിപ്പെടാതെ നിന്ന പ്രദേശമാണ് പഞ്ച്ഷീര്‍. അതുപോലെ തന്നെ സോവിയറ്റ് യൂണിയന്‍ അഫ്ഗാന്‍ പിടിച്ചടക്കിയപ്പോഴും പഞ്ച്ഷീര്‍ എതിര്‍ത്ത് നിന്നു. അതായത് സോവിയറ്റ് യൂണിയന്‍ സൈന്യത്തിന് പോലും കടന്നു ചെല്ലാന്‍ കഴിയാത്ത മേഖല. ആ മേഖലയുടെ ഒരു ഭൂപ്രകൃതിയാണ് അവരെ സംരക്ഷിക്കുന്നത്. അവിടെ പ്രതിരോധം തീര്‍ക്കുന്നത്  താജിക്ക് വംശജര്‍ ആണ്. 

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറച്ചു കടുപ്പമാണ്. താലിബാന്‍ അവരുടെ ശക്തി മുഴുവന്‍ പ്രദർശിപ്പിക്കുകയാണ്. താഴ്വരയിലെ ജനങ്ങള്‍ ഇതിനെ മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളഞ്ഞു. അഫ്ഗാന്‍ സൈന്യത്തില്‍ നിന്ന് അത്യാന്താധുനിക ആയുധങ്ങള്‍ കൈവശപ്പെടുത്തിയ താലിബാനെ പ്രതിരോധിക്കുക താഴ്വരയിലുളളവര്‍ക്ക് ദുഷ്‌കരമാവും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ബാലികേറാമലയായ  പഞ്ച്ഷീര്‍ ഏതു വിധേനയും കൈക്കലാക്കി അഫ്ഗാനില്‍ സമ്പൂര്‍ണ ആധിപത്യമാണ് താലിബാന്‍ ലക്ഷ്യം. 

താലിബാന്‍ ഓരോ ദിവസവും അവരുടെ നിലപാടുകള്‍ കടുപ്പിക്കുകയാണ് . താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചത് മുതല്‍ പഞ്ച്ഷീര്‍ പ്രദേശത്തെ ജനങ്ങള്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാന്‍ ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുടെ സംഘവും അഫ്ഗാന്‍ പ്രതിരോധ സേനയും സംയുക്തമായാണ് താലിബാന്‍ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്. പ്രദേശത്തെ ആളുകള്‍ കീഴടങ്ങാതെ നില്‍ക്കുന്നത് താലിബാന് ആശങ്ക വര്‍ദ്ധിപ്പിച്ചു. ഇതോടെയാണ് പ്രദേശം പിടിച്ചടക്കാന്‍ താലിബാന്‍ തീരുമാനിച്ചത്.പഞ്ച്ഷീര്‍ പ്രവിശ്യ പിടിച്ചടക്കിയേ അടങ്ങൂ എന്ന വാശിയില്‍ കൂടുതല്‍  ഭീകരരെ അങ്ങോട്ട് അയക്കുന്നുണ്ട്  താലിബാന്‍.

പ്രദേശത്തെ ജനങ്ങള്‍ സമാധാനപൂര്‍വ്വം കീഴടങ്ങാത്തത് കാരണം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ നൂറോളം ആളുകളെ അവിടേക്ക് അയച്ചതായി താലിബാന്‍ അറിയിച്ചു. പ്രവിശ്യ താലിബാന്‍ വളഞ്ഞിരിക്കുകയാണ് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം താലിബാന്‍ ഇവര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. താലിബാന്‍ എത്തിയതോടെ നാടിനെ രക്ഷിക്കാന്‍ കുട്ടികള്‍ ഉള്‍പ്പടെ ആയുധവുമെടുത്ത് തെരുവിലിറങ്ങി. നിറതോക്കുമായി തെരുവിലൂടെ നടക്കുന്ന കുട്ടികളുടെ നിരവധി ചിത്രങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടത്. 

താലിബാനെ ചെറുക്കാന്‍ തങ്ങളുടെ ജീവന്‍ നല്‍കാന്‍ പോലും താഴ്‌വരയിലുള്ളവര്‍ക്ക് മടിയില്ല. അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലേയാണ് താലിബാനെതിരെയുള്ള പോരാട്ടം നയിക്കുന്നത്. താലിബാന് കീഴടങ്ങില്ലെന്നും അവസാന നിമിഷം വരെ പൊരുതുമെന്നും താലിബാന്‍ വിരുദ്ധ പോരാട്ടത്തിനു നേത്ൃത്വം നല്‍കുന്ന അഹമ്മദ് മസൂദ് പ്രഖ്യാപനം നടത്തി. ചര്‍ച്ചകളിലൂടെ എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുക മാത്രമാണ് അഫ്ഗാന്‍ പ്രതിസന്ധിക്ക് പരിഹാരമെന്ന മസൂദിന്റെ നിലപാട് താലിബാന്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ അഫ്ഗാന്‍ കലുഷിതമാകും. 

കീഴടങ്ങാന്‍ തയാറല്ലെന്നും  പഞ്ച്ഷീറിലേക്ക് കടക്കാന്‍ താലിബാന്‍ ശ്രമിച്ചാല്‍ യുദ്ധം ഉറപ്പാണെന്നും മസൂദ് പറയുന്നു. എണ്‍പതുകളില്‍ അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ പൊരുതിയ യുദ്ധനായകനായ  അഹമ്മദ് ഷാ മസൂദിന്റെ മകനാണ് അഹമ്മദ് മസൂദ്. 1996മുതല്‍ 2000 വരെ താലിബാന്‍ ഭരണം നിയന്ത്രിച്ചിരുന്ന കാലത്ത് അഫ്ഗാന്‍ ജനതയുടെ എതിര്‍പ്പുകള്‍ പരസ്യമായി ഉയര്‍ന്നു കേട്ടിരുന്നില്ല . എന്നാല്‍ ഇന്ന് താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ ശേഷവും കാബൂളിലും മറ്റു പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ അടക്കമുള്ളവര്‍ ദേശിയ പതാകയുമേന്തി താലിബാനെതിരെ രംഗത്തെത്തി എന്നത് ശ്രദ്ധേയമാണ്. ഇതില്‍ പ്രധാനപങ്ക് വഹിച്ചത് സാമൂഹ്യ മാധ്യമങ്ങളാണ് . അതുകൊണ്ട് തന്നെ അഫ്ഗാന്റെ ഏതെങ്കിലും ഒരു പ്രദേശത്തു ഒരു ചെറുത് നില്‍പ്പ് ഉണ്ടായാല്‍ അത് വേഗത്തില്‍ തന്നെ മറ്റിടങ്ങളിലേക്ക് വ്യാപിക്കും എന്ന് താലിബാന്‍ ഭയക്കുന്നു . അതുകൊണ്ടാണ് എന്ത് വിലകൊടുത്തും പഞ്ച്ഷീര്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് താലിബാന്‍ എത്തിയത്.

ഗറില്ലാ യുദ്ധമുറയ്ക്ക് പേരുകേട്ടവരാണ് താഴ്വരയിലുള്ളത്. പഞ്ച്ഷീറിന് അവരുടെതായ സാമ്പത്തിക സ്രോതസുണ്ട് , ഹെമറാള്‍ഡ് ധാരാളമായി കുഴിച്ചെടുക്കുന്ന സ്ഥലമാണ് ഇവിടം അത് വിറ്റു പണം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട് . അതുപയോഗിച്ചാണ് അവര്‍ മുന്‍പുണ്ടായ അധിനിവേശങ്ങളെ ചെറുത് നിന്നത് . എന്നാല്‍ മുന്‍പത്തെക്കാള്‍ ആയുധവും കായിക ബലവും ഇപ്പോള്‍ താലിബാനുണ്ട്. അതുകൊണ്ട് തന്നെ എത്ര നാള്‍ പഞ്ചശീര്‍ പ്രവിശ്യക്ക് പിടിച്ചുനില്‍ക്കാന്‍ ആവുമെന്ന് അറിയില്ല ... അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ വിദേശ സഹായം ലഭിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. 

എന്തായാലും പഞ്ച്ഷീര്‍ പ്രതീക്ഷയാണ്... ഭീകരവാദികള്‍ക്കെതിരെ പോരാടാന്‍ അഫ്ഗാന്‍ ജനതയ്ക്ക് കരുത്ത് നല്‍കുന്നതാണ് പഞ്ച്ഷീരിന്റെ ഈ ചെറുത്ത് നില്‍പ്പ്.

Image courtesy: India Today