in

പണ്ഡിറ്റ് കറുപ്പൻ ആധുനിക കേരളത്തിൻ്റെ സൃഷ്ടിക്ക് അടിത്തറയിട്ട മഹാനെന്ന് മുഖ്യമന്ത്രി

Pandit Karuppan

ആധുനിക കേരളത്തിൻ്റെ സൃഷ്ടിക്ക് അടിത്തറയിട്ട മഹാനാണ് പണ്ഡിറ്റ് കറുപ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സാംസ്കാരിക വകുപ്പ് ചെറായിയിൽ നിർമിക്കുന്ന പണ്ഡിറ്റ് കറുപ്പൻ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് ദിവസം നൂറ് പദ്ധതിയുടെ ഭാഗമായാണ് സാംസ്കാരിക വകുപ്പ് പണ്ഡിറ്റ് കറുപ്പൻ സ്മാരകം നിർമിക്കുന്നത്.Pandit Karuppan

ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് അടിത്തറയിട്ട സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ള മഹാനാണ് പണ്ഡിറ്റ് കറുപ്പൻ. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിലാണ് പണ്ഡിറ്റ് കറുപ്പൻ ജനിച്ചത്. എന്നാൽ വിദ്യാഭ്യാസത്തിനായി അദ്ദേഹം കുറേക്കാലം ചെറായിയിൽ താമസിച്ചു. സാമൂഹ്യ പരിഷ്കരണ പ്രവർത്തനത്തിലും അദ്ദേഹത്തിന്റെ പ്രധാന ഇടമായിരുന്നു ചെറായി. ആ നിലയ്ക്ക് അദ്ദേഹത്തിനുള്ള ഉചിതമായ സ്മാരകമായിരിക്കും ഇവിടെ ഉയരാൻ പോകുന്നത്.

കേരള ചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തേണ്ട സംഭവമാണ് കൊച്ചി കായൽ സമ്മേളനം. അത് കായൽ സമരമായി നമ്മൾ അറിയുന്നു. പുലയരുടെ സമ്മേളനത്തിന് എറണാകുളം നഗരത്തിൽ സ്ഥലം കണ്ടെത്താനായിരുന്നു ശ്രമം. അന്ന് ഈ ജനവിഭാഗങ്ങൾക്ക് കൊച്ചി നഗരത്തിൽ പ്രവേശിക്കാൻ പോലും അനുവാദമില്ലായിരുന്നു എന്നത് വളരെ വിചിത്രമായി ഇന്ന് നമുക്ക് തോന്നാം. നഗരത്തിൽ എവിടെയും സമ്മേളനം നടത്താൻ അനുവാദം കിട്ടിയില്ല. അങ്ങനെയാണ് ജാതിയില്ലാത്ത കായലിൽ സമ്മേളനം നടത്താമെന്നു പണ്ഡിറ്റ് കറുപ്പനും കൂട്ടരും തീരുമാനിച്ചത്. കെ. പി. വെള്ളോനെ പോലുള്ള നേതാക്കളും പണ്ഡിറ്റ് കറുപ്പനോടൊപ്പം കൂടി. വഞ്ചികൾ കൂട്ടിക്കെട്ടി വേദിയൊരുക്കുകയും നിരവധി വഞ്ചികളിൽ ഇരുന്ന് സദസ് ആ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. അതൊരു അവകാശ പ്രഖ്യാപനമായിരുന്നു.

കൊച്ചി നിയമസഭാംഗമായി പണ്ഡിറ്റ് കറുപ്പൻ നാമനിർദേശം ചെയ്യപ്പെട്ട സംഭവം മുഖ്യമന്ത്രി അനുസ്മരിച്ചു. തന്നെ നാമനിർദേശം ചെയ്തവർ പ്രതിനിധാനം ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ സമീപനങ്ങളെ ആ സഭയിൽ തന്നെ പണ്ഡിറ്റ് കറുപ്പൻ ശക്തമായി എതിർത്ത കാര്യം പിണറായി ഓർമപ്പെടുത്തി. കൊച്ചിയിൽ നടന്ന കാർഷിക പ്രദർശനത്തിൽ കാർഷികവൃത്തിയുടെ അടിസ്ഥാനശിലയായി പ്രവർത്തിക്കുന്ന കർഷക തൊഴിലാളികൾക്ക് പ്രവേശനം നേടാൻ വേണ്ടി അദ്ദേഹം പോരാടുകയും അത് നേടുകയും ചെയ്തു. പണ്ഡിറ്റ് കറുപ്പൻ എം എൽ സി ആയിരുന്നപ്പോഴാണ് കൊച്ചിയിൽ അധഃകൃതോദ്ധാരണവകുപ്പ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് അത് ഹരിജന ക്ഷേമ വകുപ്പായി മാറി. പണ്ഡിറ്റ് കറുപ്പനെ രണ്ടാമതും എം എൽ സി ആക്കാൻ നീക്കം നടന്നപ്പോൾ, ഇനിയൊരു പുലയനാണ് എം എൽ സി ആകേണ്ടതെന്ന് അദ്ദേഹം വാദിച്ചു. പി സി ചാഞ്ചൻ്റെ പേര് നിർദേശിക്കുകയും ചെയ്തു.

അടിസ്ഥാനവർഗത്തിന്റെ ജീവിതോന്നതിക്ക് വിദ്യാഭ്യാസം പ്രധാന ആയുധമാക്കണം എന്നാണ് പണ്ഡിറ്റ് കറുപ്പൻ ആഹ്വാനം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതകാലം മുഴുവൻ അടിസ്ഥാനവർഗത്തിന്റെ ജീവിത ദുരിതങ്ങൾ പരിഹരിക്കാനും സാമൂഹ്യ അസമത്വവും ജാതി വിവേചനവും ഇല്ലാതാക്കാനുമാണ് അദ്ദേഹം പ്രവർത്തിച്ചത്. പണ്ഡിറ്റ് കറുപ്പനെ പോലുള്ള നിരവധി സാമൂഹ്യ പരിഷ്കർത്താക്കളുടെ സമർപ്പിത ജീവിതത്തിന്റെ അടിത്തറയിലാണ് കേരളത്തിലെ പുരോഗമന ശക്തികൾ വളർന്നുവന്നതും ഇന്ന് കാണുന്ന ആധുനിക കേരളം യാഥാർഥ്യമായതും.

ആധുനിക കേരളത്തിന്റെ ഉന്നതമായ മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇതിനെതിരെ ജാഗ്രത പുലർത്തുകയും നവോത്ഥാനത്തിന്റെ സന്ദേശങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് വർത്തമാനകാല കേരളത്തിന്റെ പ്രധാന കടമയായി കാണണം. പണ്ഡിറ്റ് കറുപ്പന്റെ ദീപ്ത സ്മരണ അതിനു പ്രചോദനമാകണം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

UP

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദലിത് പെൺകുട്ടി മരിച്ചു; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

George Floyd Moment

നമ്മുടെ സ്വന്തം ജോർജ് ഫ്ലോയ്ഡ് നിമിഷം”, ഹത്രാസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യം