തിരുവനന്തപുരം: ഉപജീവനത്തിനായി ഭിന്നശേഷിക്കാര് നിര്മ്മിക്കുന്ന വിവിധ ഉത്പന്നങ്ങള്ക്ക് മതിയായ വിപണി കണ്ടെത്താന് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന് നടത്തിയ പ്രപ്പോസലിന് വ്യാവസായിക പരിശീലന വകുപ്പ് അനുമതി നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്.
കേരളത്തിലെ പലയിടങ്ങളിലും വീല്ചെയറുകളിലും മറ്റും ജീവിക്കുന്ന ഭിന്നശേഷിക്കാര് നിത്യവൃത്തിയ്ക്കായി നിര്മ്മിക്കുന്ന പേപ്പര് പേനകള്, കുടകള് എന്നിവയ്ക്കാണ് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന് വിപണി കണ്ടെത്താന് കേരളത്തിലെ ഐ.ടി.ഐകള്‍ മുഖാന്തിരം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ നിര്‍മ്മിക്കുന്നവരുടെ പേപ്പര്‍ പേനകള്, കുടകള്‍ എന്നിവ ഐ.ടി.ഐ.കളില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നതാണ്.
ഐ.ടി.ഐ.കളെ ഹരിത ക്യാമ്പസ് ആക്കുന്നതിന്റെ ഭാഗമായും പ്ലാസ്റ്റിക്ക് പേനകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായും ഭിന്നശേഷിക്കാര്‍ നിര്‍മിക്കുന്ന ഈ സാധനങ്ങള്‍ ഐ.ടി.ഐ.കളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍, എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകള്‍, സ്റ്റാഫ് കമ്മറ്റികള്‍ എന്നിവ മുഖേന വിതരണം ചെയ്യേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചു കൊണ്ട് ട്രെയിനിംഗ് ഡയറക്ടര്‍ സര്‍ക്കുലര്‍ നല്കി കഴിഞ്ഞു.
ഐ.ടി.ഐ.കളെ ഹരിത ക്യാമ്പസുകള്‍ ആക്കി മാറ്റുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് പേനകള്‍ക്ക് പകരം വിത്തുകള്‍ ഉള്‍കൊള്ളുന്ന പേപ്പര്‍ പേനകള്‍ മാത്രം ക്യാമ്പസുകളില്‍ ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഉപയോഗശേഷം വലിച്ചെറിയുന്ന പേപ്പര്‍ പേനകളില്‍ വിവിധതരം വിത്തുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ഇവ ചെടിയായി വളരുകയും തലമുറകള്‍ക്ക് പുതു സന്ദേശം പകരുന്നതിന് സഹായകരം ആകുകയും ചെയ്യുന്നതാണ്. ഇത് വിജയകരമാണെന്ന് കണ്ടാല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.