in

ഗൂഗിളിനെ വെല്ലുവിളിച്ച് സ്വന്തമായി ആപ്പ് സ്റ്റോർ ആരംഭിച്ച് പേടിഎം

paytm
ഗൂഗിളുമായുള്ള തർക്കങ്ങൾ തുടരുന്നതിനിടയിൽ സ്വന്തം ആപ്പ് സ്റ്റോറിന് തുടക്കമിട്ട്
പേടിഎം. നിലവിൽ ഒരു മിനി ആപ്പ് സ്റ്റോറിനാണ്
പേടിഎം തുടക്കം കുറിച്ചിരിക്കുന്നത്. ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മിനി ആപ്പ് സ്റ്റോർ ഡെവലപ്പർമാരെ സഹായിക്കുമെന്ന് പേടിഎം പറഞ്ഞു. എതിരാളിയായ ഫോൺ‌പേ 2018 ജൂണിൽസ്വന്തമായി ഇൻ‌-ആപ്പ് പ്ലാറ്റ്ഫോം പുറത്തിറക്കിയിരുന്നു. 2019 ഒക്ടോബറിൽ അത് ഫോൺ‌പേ സ്വിച്ച് എന്ന് പുനർ‌നാമകരണവും ചെയ്തു. paytm

നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പ്ലേസ്റ്റോറിൽ നിന്ന് പേടിഎമ്മിൻ്റെ പേയ്മെൻ്റ് അപ്ലിക്കേഷൻ താത്കാലികമായി നീക്കം ചെയ്തതു മുതലാണ് ഗൂഗിളും പേടിഎമ്മും തമ്മിലുള്ള തർക്കങ്ങൾ ഉടലെടുത്തത്. ഇന്ത്യൻ ഡെവലപ്പർമാരെ പിന്തുണയ്ക്കാൻ എന്ന നിലയിൽ പേടിഎം നടത്തുന്ന പുതിയ നീക്കം, ഈ രംഗത്തെ അതികായരായ ഗൂഗിളിനെ വെല്ലുവിളിക്കും വിധത്തിലാണ്. ഡിജിറ്റൽ ഉത്പന്ന, സേവന
ഇടപാടുകൾക്കെല്ലാം ഇൻ‌-ആപ്പ് ബില്ലിംഗ് വഴി മുപ്പത് ശതമാനം കമ്മീഷൻ ഈടാക്കാനുള്ള ഗൂഗിളിൻ്റെ തീരുമാനത്തിനെതിരെയാണ് വാസ്തവത്തിൽ
പേടിഎം ഉൾപ്പെടെയുള്ള കമ്പനികളുടെ പടയൊരുക്കം.

ഡെക്കാത് ലോൺ, ഒല, റാപ്പിഡോ, നെറ്റ്മെഡ്സ്, വൺ എം‌ജി, ഡൊമിനോസ് പിസ്സ, ഫ്രെഷ്മെനു, നോബ്രോക്കർ എന്നിവ ഉൾപ്പെടെ മുന്നൂറിലധികം അപ്ലിക്കേഷനുകൾ പേടിഎം ആപ്പ് സ്റ്റോറിൽ ചേർന്നതായി കമ്പനി അറിയിച്ചു.

പേടിഎമ്മിന്റെ വിജയ് ശേഖർ ശർമ, റേസർപെയുടെ ഹർഷിൽ മാത്തൂർ തുടങ്ങി അമ്പതോളം സംരംഭകർ ഗൂഗിളിനെ വെല്ലുവിളിച്ച് ഒരു ഇന്ത്യൻ ആപ്പ് സ്റ്റോർ തുടങ്ങാനുള്ള സാധ്യതയെപ്പറ്റി കഴിഞ്ഞയാഴ്ച ചർച്ചചെയ്തിരുന്നു.

മറ്റൊരു നീക്കത്തിൽ നിരവധി സ്റ്റാർടപ്പുകൾ അംഗങ്ങളായ ഇൻറർനെറ്റ് ആൻ്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ) പ്രശ്നപരിഹാരത്തിന് ഒരു കൂട്ടായ ചർച്ചയ്ക്കുളള സാധ്യതകൾ തേടിയിരുന്നു. സെപ്റ്റംബർ 29-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ സംഘടന അതിന്റെ സ്ഥാപക അംഗങ്ങളുടെ യോഗം വിളിച്ചു ചേർക്കുമെന്നും വിഷയം ചർച്ച ചെയ്യുമെന്നും പറഞ്ഞിരുന്നു.

രാജ്യത്തെ ഡിജിറ്റൽ ആവാസവ്യവസ്ഥ ഗൂഗിളിൻ്റെ നിയന്ത്രണത്തിലായതിനാൽ അവർ ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്നും ഇന്ത്യയിലെ നിയമങ്ങൾക്ക് വിരുദ്ധമായി സ്വന്തം നിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേല്പിക്കുകയാണെന്നും പേയ്‌മെന്റ് കൗൺസിൽ ചെയർമാൻ വിശ്വാസ് പട്ടേൽ കുറ്റപ്പെടുത്തിയതാണ് ഈ വിഷയത്തിലുണ്ടായ ശ്രദ്ധേയമായ മറ്റൊരു നീക്കം.

ഒരു പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർ അല്ലാത്തതിനാൽ ബില്ലിംഗ് വിഷയത്തിൽ ആർ‌ബി‌ഐ അംഗീകാരം ആവശ്യമില്ല എന്ന നിലപാടാണ് ഗൂഗിളിനുള്ളത്. കോടതിയിലും അവർ ഇതേ നിലപാടാണ് കൈക്കൊള്ളുന്നത്. ഇന്ത്യൻ അപ്ലിക്കേഷനുകൾ ഗൂഗിളിന്റെ ഉടമസ്ഥാവകാശ ബില്ലിംഗും പേയ്‌മെന്റ് സംവിധാനങ്ങളും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഗൂഗിളിൻ്റെ നിബന്ധന.

ഈ രംഗത്ത് തങ്ങൾക്കുള്ള കുത്തകയാണ് ഗൂഗിൾ തന്ത്രപൂർവം പ്രയോഗിക്കുന്നത്. അത് ശരിയല്ലെന്നും എല്ലാവർക്കും അവസരങ്ങൾ(ലെവൽ പ്ലേയിംഗ് ഫീൽഡ്) അനുവദിക്കുകയാണ് ഗൂഗിൾ വേണ്ടതെന്നും വിശ്വാസ് പട്ടേൽ പറയുന്നു. സെപ്റ്റംബർ 29-ന് നൽകിയ ഒരു പത്രക്കുറിപ്പിൽ ബില്ലിംഗ് വിഷയത്തിൽ ഇന്ത്യൻ ഡെവലപ്പർമാരെ നിർബന്ധിക്കാൻ ഗൂഗിളിന് കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയ്ക്ക് ഒരു പ്രാദേശിക ആപ്പ് സ്റ്റോർ ആവശ്യമാണെന്നും മുപ്പത് ശതമാനം നികുതി എന്നത് ഒട്ടുമിക്ക ബിസ്നസ് സ്ഥാപനങ്ങളെയും നശിപ്പിക്കുമെന്നും റേസർപേ സിഇഒ ഹർഷിൽ മാത്തൂർ കഴിഞ്ഞ ആഴ്ച ട്വീറ്റ് ചെയ്തിരുന്നു.

സർക്കാരിൽ സമ്മർദം ചെലുത്തി ഗൂഗിളിന് ബദലായി ഒരു ഇന്ത്യൻ ആപ്പ് സ്റ്റോർ അവതരിപ്പിക്കാനാണ് കുറച്ചു നാളുകളായി ഇന്ത്യൻ ഡെവലപ്പർമാരുടെ ശ്രമം. അതിനുള്ള ലോബിയിങ്ങാണ് മാസങ്ങളായി നടന്നുവരുന്നത്. ഗൂഗിളിൻ്റെയും ആപ്പിളിൻ്റെയും അപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമുകൾക്ക് പകരമായി നിലവിൽ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ (എം‌എസ്എംഇ) പ്രോത്സാഹനത്തിനായി രൂപീകരിച്ച മൊബൈൽ സേവാ ആപ്പ് സ്റ്റോറിനെ ഉപയോഗപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നതായി കഴിഞ്ഞ ആഴ്ച എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ സ്മാർട്ട്‌ഫോണുകളിലും മൊബൈൽ സേവാ ആപ്പ് സ്റ്റോർ നിർബന്ധമാക്കാനാണ് പദ്ധതി എന്നായിരുന്നു റിപ്പോർട്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

അമേരിക്കയിൽ ബെസ്റ്റ് സെല്ലർ ആയി നടി പ്രിയങ്ക ചോപ്രയുടെ ഓർമക്കുറിപ്പുകൾ ‘അൺ‌ഫിനിഷ്ഡ് ‘

ഒരില വൃക്ഷത്തിൽ നിന്ന് അടരുന്നതുപോലെ ലളിതമാണ് മരണം”, ഡോ. സതീഷ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്