ലോകത്തെ പ്രമുഖ മരുന്നു നിർമാണ കമ്പനികളായ ഫൈസർ, ബയോഎൻടെക് എന്നിവയ്ക്ക് മനുഷ്യരിലെ വാക്സിൻ പരീക്ഷണത്തിനുള്ള ജർമൻ സർക്കാറിൻ്റെ അനുമതി ലഭിച്ചു.
18 നും 55 നും ഇടയിൽ പ്രായമുള്ള, പൂർണ ആരോഗ്യമുള്ള 200 പേരിലാണ് ഒന്നാംഘട്ട പരീക്ഷണം നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ ജീവിത ശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ള ഹൈറിസ്ക് വിഭാഗക്കാരിൽ പരീക്ഷിക്കും.
ഇരുകമ്പനികളുടേയും വാക്സിൻ പരീക്ഷണം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചത് ശുഭകരമാണെന്നും എന്നാൽ മാസങ്ങൾ നീണ്ടു നില്ക്കുന്ന പ്രക്രിയയാണ് ഹ്യൂമൺ ട്രയൽ സ്റ്റേജെന്നും ജർമൻ ആരോഗ്യ മന്ത്രി ജെൻസ് സ്പാൻ അഭിപ്രായപ്പെട്ടു. വാക്സിൻ ലഭ്യമാകാൻ ഇനിയുമേറെ സമയമെടുക്കും.
ഇതിനിടെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്സിൻ്റെ മനുഷ്യരിലുള്ള പരീക്ഷണം ഇന്നുമുതൽ തുടങ്ങുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
നിരവധി അമേരിക്കൻ ചൈനീസ് കമ്പനികളുടെ വാക്സിൻ വികസനം മനുഷ്യ പരീക്ഷണ ഘട്ടത്തിലെത്തിയതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. കാൻസിനോ ബയോളക്സ്, ബീജിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി, ഇനോ വിയോ ഫാർമസ്യൂട്ടിക്കൽസ്, മോഡേണ ഇൻക് എന്നിവ ഹ്യൂമൺ ട്രയലിലേക്ക് കടന്നിട്ടുണ്ട്.
ജർമനിക്കു പുറമേ, തങ്ങളുടെ വാക്സിൻ പരീക്ഷണം ഉടൻ തന്നെ അമേരിക്കയിൽ തുടങ്ങുമെന്ന് ഫൈസർ പറയുന്നു. ഫോസുൻ ഫാർമയുമായി ചേർന്ന് ചൈനയിലും വാക്സിൻ പരീക്ഷിക്കും.
ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇരുപത്തഞ്ചു ലക്ഷവും മരിച്ചവരുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷവും കടന്നു. ഫലപ്രദമായ ഒരു മരുന്നും നിലവിൽ ഇല്ലെന്നിരിക്കെ കടുത്ത ആശങ്കയിലാണ് ലോക രാജ്യങ്ങൾ.