Movie prime

'വിശുദ്ധ പശു'ക്കളെ തൊടുമ്പോൾ... 

 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്‌ ഇന്ത്യ എങ്കിലും ഇന്നും സാധാരണക്കാരന്‌ നീതി ലഭിക്കാന്‍ കോടതികള്‍ മാത്രമാണ്‌ ആശ്രയം. എന്നാല്‍, ഇന്ന്‌ ജുഡീഷ്യറിയും രാഷ്ട്രീയത്തില്‍ സംഭവിച്ച മൂല്യച്യുതിയുടെ പിന്നാലെയാണോ?

ഒരിടവേളക്ക്‌ ശേഷം ഏഷ്യാനെറ്റ്‌ ന്യൂസില്‍ പുനരാരംഭിച്ച കവര്‍‌സ്റ്റോറി ഉയര്‍ത്തിയ ചോദ്യം ഇതാണ്‌. രാജ്യത്തെ  ഉയര്‍ന്ന കോടതികളിലെ ചില ന്യായാധിപന്‍മാരുടെ നിരീക്ഷണങ്ങള്‍ ചിലതെങ്കിലും സംശയാസ്‌പദവും അപകടകരവുമാണ്‌  എന്ന സത്യം മറച്ച്‌ വെയ്‌ക്കാന്‍ കഴിയില്ല. ഇതിലൊന്നായ, അലഹാബാദ്‌ ഹൈക്കോടതിയിലെ ജസ്‌റ്റിസ്‌ ശേഖര്‍ കുമാര്‍  യാദവിന്റെ അതിവിചിത്രമായ ഒരു ഉത്തരവാണ്‌ സിന്ധു സൂര്യകുമാര്‍ ജനങ്ങളുടെ കോടതിയില്‍ കവര്‍സ്‌റ്റോറിയിലൂടെ എത്തിച്ചത്‌. പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്നാണ്‌ ശേഖര്‍ കുമാറിന്റെ ആവശ്യം.

Madhyama lokamഅതും പശുവുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്‌ ജസ്‌റ്റിസ്‌ തന്റെ ആവശ്യം മുന്നോട്ട്‌  വെയ്‌ക്കുന്നത്‌. ആവശ്യം കേന്ദ്രസര്‍ക്കാരിനോടാണ്‌. പശുവിന്റെ ശ്വസനക്രിയയുമായി ബന്ധപ്പെട്ട്‌ ജസ്റ്റിസ്‌ പറഞ്ഞ കാര്യങ്ങള്‍ ഏത്‌ വാട്‌സാപ്പ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്‌ കിട്ടിയതെന്ന സിന്ധുവിന്റെ ചോദ്യം നമ്മെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. 

ബലാല്‍സംഗക്കേസിലെ പ്രതിയായ ഐ.ഐ.ടി. വിദ്യാര്‍ത്ഥിക്ക്‌ ആസാം ഹൈക്കോടതി ജാമ്യം അനുവദിച്ചതും സ്‌ത്രീയുടെ വസ്‌ത്രത്തിന്‌ പുറത്ത്‌ കൂടി സ്‌പര്‍ശിച്ചാല്‍ അത്‌ പീഡനമാകില്ലെന്ന മുംബൈ ഹൈക്കോടതി വിധിയുമെല്ലാം  സാധാരണക്കാരുടെ അരക്ഷിതാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. തനിക്ക്‌ നേരേ ഉയര്‍ന്ന സ്‌ത്രീപീഡന പരാതി സ്വയം അന്വേഷിച്ച ചീഫ്‌ ജസ്റ്റിസ്‌ ഇപ്പോള്‍ രാജ്യസഭയിലെ കസേരയില്‍ ഇരിക്കുന്നതും ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ചീഫ്‌ ജസ്റ്റിസ്‌ നാഗ്‌പ്പൂരിലെ ആര്‍.എസ്‌.എസ്‌ ആസ്ഥാനത്ത്‌ സന്ദര്‍ശനം നടത്തിയതുമെല്ലാം മൂല്യച്ച്യുതിയുടെ ചിത്രം പൂർണമാക്കുന്നു.

ഇതിനിടയിൽ, പുതിയ ചീഫ്‌ ജസ്റ്റിസ്‌ എന്‍.വി രമണ ഭരണാനുകൂല മാധ്യമങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച്‌ ഈയിടെ നടത്തിയ പ്രസ്‌താവനയെ എങ്ങനെയാണ്‌ കാണേണ്ടതെന്ന്‌ ചോദിക്കാം. കേരളത്തിലും ഇത്തരം ന്യായാധിപര്‍ കുറവല്ല. തന്നെ ഫോണ്‍ ചെയ്‌ത പോലീസ്‌ ഇന്‍സ്‌പക്ടറോട്‌ ഉറഞ്ഞ്‌ തുള്ളിയ മജിസ്‌ട്രേട്ടിന്റെ ശബ്ദം മാധ്യമങ്ങളിലൂടെ നമ്മളെല്ലാം കേട്ടതാണ്‌. ഇത്തരക്കാര്‍ക്ക്‌ എതിരെ നടപടിയെടുക്കേണ്ട ഹൈക്കോടതിയിലെ ജസ്‌റ്റിസുമാരാണ്‌ പശുവിന്‌ വേണ്ടി വാദിക്കാന്‍ രംഗത്ത്‌ എത്തിയിരിക്കുന്നത്‌.

പണ്ട്‌ കോടതിക്ക്‌ എതിരെ നടത്തിയ നടത്തിയ പരാമര്‍ശത്തിന്‌ സാക്ഷാല്‍ ഇ.എം.എസ്‌ നമ്പൂതിരിപ്പാടിനെ കോടതി കയറ്റിയ ജഡ്‌ജിമാരുള്ള നാടാണ്‌ കേരളം. എന്നാല്‍ ഇന്നോ? കൂടുതല്‍ ഒന്നും പറയുന്നില്ല ഈ വിശുദ്ധ പശുക്കള്‍ക്ക്‌ എതിരെ പോലും വിമര്‍ശനം നടത്താന്‍ ഏഷ്യാനെറ്റ്‌ ന്യൂസ് കാട്ടിയ ആര്‍ജ്ജവത്തിന്‌ അഭിനന്ദനങ്ങൾ.