in

സ്ത്രീകളോടുള്ള സമീപനം മാറ്റിയെടുക്കാന്‍ പോലീസ് സേനയ്ക്ക് കഴിയണം: ശൈലജ ടീച്ചര്‍

സ്ത്രീകളോടും കുട്ടികളോടും ട്രാന്‍സ്‌ജെന്‍ഡറുകളോടുമുള്ള സമീപനം മാറ്റിയെടുക്കാന്‍ പോലീസ് സേനയ്ക്ക് കഴിയണമെന്ന് ആരോഗ്യ  വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്ത്രീയ്ക്കും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറിനും തുല്യത ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. കാലം ഇത്ര പുരോഗമിച്ചിട്ടും ഭരണഘടനാപരമായ ആ തുല്യത ഉറപ്പുവരുത്താനായിട്ടില്ല. നമ്മുടെ കേരളം ഇത്രയൊക്കെ പുരോഗമിച്ചിട്ടും സന്ധ്യ കഴിഞ്ഞതിന് ശേഷം സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമത്തിനിരയാകുന്ന സ്ത്രീകളോടും കുട്ടികളോടും ട്രാന്‍സ്‌ജെന്‍ഡര്‍മാരോടുമുള്ള മനോഭാവവും സമീപനവും ജോലി സംസ്‌കാരവും മാറ്റാന്‍ പോലീസ് സേനയ്ക്ക് കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ ‘ബോധ്യം’ ലിംഗാവബോധ പരിശീല പരിപാടി തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തില്‍ മാറ്റമുണ്ടാകുന്ന രീതിയില്‍ നിയമങ്ങള്‍ ആനുകാലികമായി പരിഷ്‌ക്കരിക്കേണ്ടതാണ്. വ്യക്തമായ അന്വേഷണങ്ങളുടേയും തെളിവുകളുടേയും വാദത്തിന്റേയും കുറവ് കാരണം പല ഇരകള്‍ക്കും നീതി ലഭിക്കാതെ പോകുകയും കുറ്റക്കാര്‍ രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. കോടതിയില്‍ പ്രതി എത്തുമ്പോള്‍ തന്നെ ശിക്ഷ വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്വം എക്‌സിക്യുട്ടീവിനാണ്. ഇക്കാര്യത്തില്‍ എക്‌സിക്യുട്ടീവിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. നിലവിലെ നിയമങ്ങള്‍ പാവങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ പോലീസുകാര്‍ക്ക് സാധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. 

ജനകീയ പോലീസ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാന പോലീസ് നടത്തുന്നത്. എങ്കിലും നല്ലയൊരു സാമൂഹിക ബോധം പോലീസ് സേനയില്‍ ഉണ്ടാക്കിയെടുക്കണം. സ്റ്റേഷനിലേക്ക് പരാതിയുമായി വരുന്ന സ്ത്രീകളോട് വളരെ അനുഭാവപൂര്‍വം പെരുമാറേണ്ടതാണ്. അതവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. സിനിമയിലെ സ്ത്രീ വിരുദ്ധ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടേണ്ടതാണ്. വനിതാ പോലീസ് ഒഴിഞ്ഞ് മാറാതെ വളരെ കരുത്തായി വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകണം. 

ബോധ്യം പദ്ധതി വളരെ നന്നായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് ഉറപ്പാണ്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അവഹേളനവും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഡി.ജി.പി. ബി. സന്ധ്യ, വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ, എം.ഡി. വി.സി. ബിന്ദു, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ എ. വിജയന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി എന്നിവര്‍ സംസാരിച്ചു. ബോധ്യം ലിംഗാവബോധ പരിശീലന മാനുവലിന്റെ പ്രകാശനം മന്ത്രി സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നല്‍കി നിര്‍വഹിച്ചു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സ്വിഗ്ഗിയുടെ പിക് അപ്പ് & ഡ്രോപ്പ് സേവനങ്ങൾക്ക് ബെംഗളൂരുവിൽ തുടക്കം 

ഇഗ്നിറ്റേറിയം കൊച്ചി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു