Movie prime

രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 67 ശതമാനത്തിനും ഉറവിടമില്ല

ബി ജെ പി ഉൾപ്പെടെ ഏഴ് ദേശീയ പാർട്ടികൾക്ക് 2018-2019 വർഷം ലഭിച്ച സംഭാവനകളിൽ അറുപത്തിഏഴു ശതമാനത്തിനും ഉറവിടമില്ല. ഇതിൽ ഭൂരിഭാഗവും സമാഹരിച്ചിട്ടുള്ളത് ഇലക്ടറൽ ബോണ്ടുകൾ വഴിയാണ്. 3749.37 കോടി രൂപയാണ് നിശ്ചിത വർഷം പാർട്ടികൾ സമാഹരിച്ചത്. അതിൽ 67 ശതമാനവും അറിയപ്പെടാത്ത സ്രോതസ്സുകളിൽ നിന്നാണെന്നാണ് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് “അജ്ഞാത ഉറവിട”ങ്ങളിൽ നിന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ കണക്കുള്ളത്. ഇതുപ്രകാരം 1612.04 കോടി More
 
രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 67 ശതമാനത്തിനും ഉറവിടമില്ല
ബി ജെ പി ഉൾപ്പെടെ ഏഴ് ദേശീയ പാർട്ടികൾക്ക് 2018-2019 വർഷം ലഭിച്ച സംഭാവനകളിൽ അറുപത്തിഏഴു ശതമാനത്തിനും ഉറവിടമില്ല. ഇതിൽ ഭൂരിഭാഗവും സമാഹരിച്ചിട്ടുള്ളത് ഇലക്ടറൽ ബോണ്ടുകൾ വഴിയാണ്. 3749.37 കോടി രൂപയാണ് നിശ്ചിത വർഷം പാർട്ടികൾ സമാഹരിച്ചത്. അതിൽ 67 ശതമാനവും അറിയപ്പെടാത്ത സ്രോതസ്സുകളിൽ നിന്നാണെന്നാണ് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് “അജ്ഞാത ഉറവിട”ങ്ങളിൽ നിന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ കണക്കുള്ളത്. ഇതുപ്രകാരം 1612.04 കോടി രൂപയുടെ സംഭാവന ബി ജെ പിക്കു മാത്രമായി ലഭിച്ചിട്ടുണ്ട്. ഇത് ഏഴു പാർട്ടികൾക്കും കൂടി മൊത്തമായി ലഭിച്ച സംഭാവനയുടെ 64 ശതമാനത്തോളം വരും.

ബി ജെ പിക്കു പുറമെ കോൺഗ്രസ്, ബി എസ് പി, എൻ സി പി, തൃണമൂൽ കോൺഗ്രസ്, സി പി ഐ (എം), സി പി ഐ എന്നീ ദേശീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനുമുന്നിൽ സമർപ്പിച്ച രേഖകളും ടാക്സ് റിട്ടേണുകളും ഡൊണേഷൻ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് സംഘടന റിപ്പോർട്ട് തയ്യാറാക്കിയത്. 2017-2018 വർഷത്തെ പട്ടികയും ബന്ധപ്പെട്ട മറ്റു രേഖകളും കമ്മീഷനുമുന്നിൽ സി പി ഐ എം സമർപ്പിച്ചിട്ടില്ല എന്നും റിപ്പോർട്ടിലുണ്ട്.

728.88 കോടി രൂപയാണ് കോൺഗ്രസ് വെളിപ്പെടുത്തിയിട്ടുള്ളത്. 1960.68 കോടി രൂപയുടെ ഉറവിടം അജ്ഞാതമാണ്. ഇലക്ടറൽ ബോണ്ടുവഴിയാണ് ഈ തുക സമാഹരിച്ചിരിക്കുന്നത്. 2004-2005 നും 2018-2019 നും ഇടയ്ക്കുള്ള കാലയളവിൽ ആറ് ദേശീയ പാർട്ടികൾക്കും കൂടി ആകെ ലഭിച്ചത് 11,234.12 കോടി രൂപയാണെന്ന് റിപ്പോർട്ടിലുണ്ട്. 2018-2019 കാലത്തെ ഡൊണേഷൻ റിപ്പോർട്ട് പ്രകാരം 71.44 കോടി രൂപയാണ് രാഷ്ട്രീയ പാർട്ടികൾക്ക് പണമായി ലഭിച്ച തുക. ഇതേ കാലയളവിൽ കോൺഗ്രസിനും എൻ സി പി ക്കും കൂടി 3902.63 കോടി രൂപ കൂപ്പൺ വില്പനയിലൂടെ ലഭിച്ചതായി കണക്കുകൾ പറയുന്നു.

20,000 രൂപയ്ക്കു മുകളിലുള്ളതും സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ അടങ്ങിയതുമാണ് “അറിയാവുന്ന ഇടങ്ങളിൽ നിന്നുള്ള” വരുമാനമായി കാണിക്കുന്നത്. സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ ഇല്ലാത്തതും 20,000 രൂപയിൽ കുറവുള്ള സംഭാവനകളുമാണ് ഉറവിടം കാണിക്കാത്ത വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.

രാജ്യത്തെ പൗരന്മാർക്കും കോർപറേറ്റുകൾക്കും ബാങ്കുകൾ വഴി വാങ്ങാവുന്നതും പാർട്ടികൾക്ക് സംഭാവന ചെയ്യാവുന്നതുമായ ധനകാര്യ ഉപകരണങ്ങളാണ് ഇലക്ടറൽ ബോണ്ടുകൾ. 2017-ലെ ബഡ്ജറ്റിലാണ് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി ഇലക്ടറൽ ബോണ്ട് പദ്ധതി പ്രഖ്യാപിച്ചത്. ആ വർഷം മാർച്ച് മുതൽ ബാങ്കുകൾ ബോണ്ട് വില്പന ആരംഭിച്ചു.

രാഷ്ട്രീയ സംവിധാനത്തെ അഴിമതി മുക്തമാക്കാൻ എന്ന പേരിൽ തുടങ്ങിവെച്ച ഇലക്ടറൽ ബോണ്ട് സംവിധാനം ദുരൂഹമാണ് എന്ന ആരോപണമുണ്ട്. കാരണം ഇതുപ്രകാരം ബോണ്ട് വാങ്ങിയ വ്യക്തിക്കോ കോർപറേറ്റ് കമ്പനിക്കോ അക്കാര്യം വെളിപ്പെടുത്തേണ്ട കാര്യമില്ല. ഉറവിടം വെളിപ്പെടുത്തേണ്ട നിയമപരമായ ബാധ്യത രാഷ്ട്രീയ പാർട്ടികൾക്കും ഇല്ല.

എന്നാൽ ചെക്ക് വഴിയാണ് പണമിടപാട് എന്നതിനാൽ കള്ളപ്പണത്തിന്റെ ഇടപാട് ഇതുവഴി നടക്കില്ല എന്നാണ് സർക്കാർ വാദം.