Movie prime

മെയ് ദിനത്തിന്റെ രാഷ്ട്രീയ പ്രസക്തി

ഇന്ന് മെയ് ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് അന്തസ്സും ആത്മാഭിമാനവും പകർന്നുനല്കിയ അവകാശപ്പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓർമകളുമായാണ് ഓരോ മെയ്ദിനവും കടന്നു വരുന്നത്. ജനജീവിതത്തിൻ്റെ സമസ്ത മേഖലകളിലും അധ്വാന ചൂഷണത്തിൻ്റെ സാധ്യതകൾ തിരയുകയാണ് നവലിബറൽ മുതലാളി വർഗം. തൊഴിലിനും അർഹമായ കൂലിക്കും വേണ്ടിയുള്ള തൊഴിലാളി വർഗ നിലപാടുകളെ കയ്യൊഴിഞ്ഞ് വ്യവസ്ഥാപിത ഇടതു പക്ഷവും വലതുപക്ഷ പ്രവണതകൾ പ്രകടിപ്പിക്കുന്നു. വീണ്ടുവിചാരത്തിനും തിരുത്തലിനും ഇവിടത്തെ ജനാധിപത്യവാദികളെയും ഇടതുപക്ഷ നേതൃത്വങ്ങളെയും പ്രേരിപ്പിക്കുന്നതാവട്ടെ ഇത്തവണത്തെ മെയ്ദിനം. മെയ് ദിനത്തിൻ്റെ രാഷ്ട്രീയ പ്രസക്തി ഓർമപ്പെടുത്തി ഡോ. More
 
മെയ് ദിനത്തിന്റെ രാഷ്ട്രീയ പ്രസക്തി

ഇന്ന് മെയ് ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് അന്തസ്സും ആത്മാഭിമാനവും പകർന്നുനല്കിയ അവകാശപ്പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓർമകളുമായാണ് ഓരോ മെയ്ദിനവും കടന്നു വരുന്നത്. ജനജീവിതത്തിൻ്റെ സമസ്ത മേഖലകളിലും അധ്വാന ചൂഷണത്തിൻ്റെ സാധ്യതകൾ തിരയുകയാണ് നവലിബറൽ മുതലാളി വർഗം. തൊഴിലിനും അർഹമായ കൂലിക്കും വേണ്ടിയുള്ള തൊഴിലാളി വർഗ നിലപാടുകളെ കയ്യൊഴിഞ്ഞ് വ്യവസ്ഥാപിത ഇടതു പക്ഷവും വലതുപക്ഷ പ്രവണതകൾ പ്രകടിപ്പിക്കുന്നു. വീണ്ടുവിചാരത്തിനും തിരുത്തലിനും ഇവിടത്തെ ജനാധിപത്യവാദികളെയും ഇടതുപക്ഷ നേതൃത്വങ്ങളെയും പ്രേരിപ്പിക്കുന്നതാവട്ടെ ഇത്തവണത്തെ മെയ്ദിനം.

മെയ്‌ ദിനത്തിൻ്റെ രാഷ്ട്രീയ പ്രസക്തി ഓർമപ്പെടുത്തി ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

തൊഴിലാളി കൂലി ചോദിക്കുന്നത് പിടിച്ചുപറി! മുതലാളിത്തം പിടിച്ചുപറിക്കുന്നത് വികസനം!!

എത്ര സ്വാഭാവികമായി നാമത് ഏറ്റെടുക്കുന്നു! മുതലാളിമാരെ ആനയിക്കാന്‍ തടസ്സം നീക്കുന്നത് തൊഴിലാളികളെ കെട്ടിയിട്ടാണ്. അവകാശക്കൊടികള്‍ അഴിച്ചുവെച്ചാണ്. കൊള്ള മുതലാളിത്തം അസ്വസ്ഥമാക്കുന്നില്ല ആരെയും. കൂലിവേലക്കാര്‍ വികസനത്തിന്റെ ശത്രുപക്ഷമെന്നു വിപരീതം തീര്‍ത്തിരിക്കുന്നു.

കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്റ്റ് കൊണ്ടുവരുമ്പോള്‍ ഒപ്പം ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യേണ്ടി വരുന്നു! പുത്തന്‍ സാമ്പത്തിക നയം അടിച്ചേല്‍പ്പിക്കുന്ന ഘടനാപരമായ പുതുക്കി പണിയലിന് ഇരയാവുന്നത് തൊഴിലാളികളാണ്.

ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കയ്യേറുന്ന വന്‍കിട തോട്ടം ഉടമകളും ഇതര കയ്യേറ്റ മാഫിയകളും സംരക്ഷിക്കപ്പെടും. പാര്‍ക്കാന്‍ ഇടമില്ലാത്ത തോട്ടം തൊഴിലാളിക്കു ഭൂമിയോ കൂരയോ മിനിമം വേതനമോ നല്‍കാന്‍ ഇന്നും സര്‍ക്കാറിനു സാധിച്ചിട്ടില്ല. ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് ഭേദഗതി ചെയ്യുമ്പോള്‍ കടകളില്‍ കൂലിവേല ചെയ്യുന്ന തൊഴിലാളികളുടെ വേതന/ തൊഴില്‍ അവകാശങ്ങള്‍ ചോര്‍ന്നു പോകുന്നു.

അസംഘടിത തൊഴില്‍ മേഖലയിലാണ് തൊഴിലെടുക്കുന്നവരുടെ തൊണ്ണൂറു ശതമാനവും. അവര്‍ക്കു മിനിമം വേതനം ഉറപ്പു വരുത്താന്‍ ഒരു സര്‍ക്കാറിനും കഴിഞ്ഞിട്ടില്ല. രാജ്യത്തിന്റെ സമ്പത്തു ചോര്‍ന്നു പോകുന്നത് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കുന്ന അധിക വേതനം വഴിയാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ഒരു കൂട്ടര്‍ക്കു മിനിമം വേതനമോ തൊഴില്‍ സുരക്ഷയോ ലഭിക്കാത്തത് മറ്റൊരു കൂട്ടരുടെ അധികവേതനവും പ്രതിബദ്ധതയില്ലായ്മയും മൂലമാണെന്ന് സ്ഥാപിക്കുന്നു. തൊഴിലാളി വിഭാഗങ്ങളെ അന്യോന്യ ശത്രുക്കളാക്കി കൊള്ള മുതലാളിത്തം അഴിഞ്ഞാടുന്നു. നമ്മുടെ ജനാധിപത്യ സര്‍ക്കാറുകള്‍ അവരുടെ ദല്ലാള്‍വേഷമണിയുന്നു. രാജ്യത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ പിഴിഞ്ഞൂറ്റേണ്ടത് തൊഴിലാളികളെയാണ്, കൊള്ളമുതലാളിത്ത ശക്തികളെയല്ലെന്ന് സര്‍ക്കാറിനറിയാം!!

ലോകമെങ്ങുമുള്ള അടിത്തട്ടു ജീവിതങ്ങള്‍ പട്ടിണിയിലേക്കു നീങ്ങുകയാണെന്ന് സാര്‍വ്വ ദേശീയ തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പു നല്‍കുന്നു. ഭക്ഷണത്തിനു വേണ്ടിയുള്ള കലാപങ്ങളാണ് കാത്തിരിക്കുന്നത്. കോവിഡ് കാലം പാപ്പരാക്കുന്നത് സമൂഹത്തിലെ അവശ വിഭാഗങ്ങളെയാണ്. മനുഷ്യ ശവശരീരങ്ങള്‍ക്കു മേല്‍ തങ്ങളുടെ റിപ്പബ്ലിക്കുകള്‍ പുലരുമെന്ന് മുതലാളിത്തം കണക്കു കൂട്ടുന്നു. വികസനം അനിവാര്യമായ കയറ്റിറക്കങ്ങള്‍ പിന്നിടുകയാണെന്നേ ഭരണകൂടം ഭാവിക്കൂ.

പൊതുവിഭവങ്ങളിലെ നീതിപൂര്‍വ്വമായ പങ്കാളിത്തവും തൊഴിലെടുക്കാനും ജീവിക്കാനുമുള്ള അവകാശവും നിറവേറ്റാത്ത സാമൂഹിക ക്രമം പുരോഗതിയുടേതല്ല. കടുത്ത ചൂഷണത്തിലേക്ക് വലിച്ചെറിയപ്പെടുന്ന സംഘടിത – അസംഘടിത – കുടിയേറ്റ തൊഴിലാളികളുടെ പക്ഷത്തുനിന്നാണ് വികസനക്കാഴ്ച്ച രുപപ്പെടേണ്ടത്. ഈ മെയ്ദിനം വീണ്ടുവിചാരത്തിനും തിരുത്തലിനും ഇവിടത്തെ ജനാധിപത്യവാദികളെയും ഇടതുപക്ഷ നേതൃത്വങ്ങളെയും പ്രേരിപ്പിക്കട്ടെ.