Movie prime

“ഇതിനു വേണ്ടി അമിത്ഷായ്ക്ക് കത്തെഴുതാനോ?” എന്നത് അമ്പരപ്പിക്കുന്ന അരാഷ്ട്രീയ ചോദ്യം

അലൻ-താഹ വിഷയത്തിൽ സി പി ഐ എമ്മും മുഖ്യമന്ത്രി പിണറായി വിജയനും കൈക്കൊണ്ട നിലപാടിനെ നിശിതമായി വിമർശിച്ച് സുപ്രീം കോടതി അഭിഭാഷകൻ പ്രമോദ് പുഴങ്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഭരണകൂടവുമായി എല്ലാ കാലത്തും സംഘർഷത്തിൽ ഏർപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. ഭരണകൂടത്തിന്റെ അംഗീകാരം വാങ്ങി വിപ്ലവം നടത്തുന്ന ഏർപ്പാട് കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ ഇല്ല. തങ്ങൾക്ക് വേണ്ടിടത്ത് പ്രയോഗിക്കുകയും അല്ലാത്തിടത്ത് പ്രയോഗിക്കുകയുമില്ല എന്ന ഇരട്ടത്താപ്പ് ഇടതുപക്ഷ രാഷ്ട്രീയ നിലപാടല്ല. അമിത്ഷായ്ക്ക് കത്തെഴുതുന്നത് മാനക്കേടായി തോന്നേണ്ട കാര്യമില്ല. കത്തെഴുതാൻ മുഖ്യമന്ത്രിക്ക് ചളിപ്പ് തോന്നിയത് അമിത് More
 
“ഇതിനു വേണ്ടി അമിത്ഷായ്ക്ക് കത്തെഴുതാനോ?” എന്നത് അമ്പരപ്പിക്കുന്ന അരാഷ്ട്രീയ ചോദ്യം

അലൻ-താഹ വിഷയത്തിൽ സി പി ഐ എമ്മും മുഖ്യമന്ത്രി പിണറായി വിജയനും കൈക്കൊണ്ട നിലപാടിനെ നിശിതമായി വിമർശിച്ച് സുപ്രീം കോടതി അഭിഭാഷകൻ പ്രമോദ് പുഴങ്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഭരണകൂടവുമായി എല്ലാ കാലത്തും സംഘർഷത്തിൽ ഏർപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. ഭരണകൂടത്തിന്റെ അംഗീകാരം വാങ്ങി വിപ്ലവം നടത്തുന്ന ഏർപ്പാട് കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ ഇല്ല. തങ്ങൾക്ക് വേണ്ടിടത്ത് പ്രയോഗിക്കുകയും അല്ലാത്തിടത്ത് പ്രയോഗിക്കുകയുമില്ല എന്ന ഇരട്ടത്താപ്പ് ഇടതുപക്ഷ രാഷ്ട്രീയ നിലപാടല്ല. അമിത്ഷായ്ക്ക് കത്തെഴുതുന്നത് മാനക്കേടായി തോന്നേണ്ട കാര്യമില്ല. കത്തെഴുതാൻ മുഖ്യമന്ത്രിക്ക് ചളിപ്പ് തോന്നിയത് അമിത് ഷായെയും അയാളുടെ ജനവിരുദ്ധ സേനയെയും പിൻവാതിലിലൂടെ വിളിച്ചുവരുത്തിയത് തന്റെ തന്നെ നടപടിയാണ് എന്നതുകൊണ്ടാണ്. എന്നാൽ കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയ സമൂഹത്തിനു ആ മാനക്കേടിന്റെ ഭാരം ചുമക്കേണ്ടതില്ല.

ചരിത്രവുമായുള്ള, ജീവിക്കുന്ന കാലവുമായുള്ള നിരന്തരരാഷ്ട്രീയഭാഷണമാണ് കമ്മ്യൂണിസ്റ്റുകാരെ മുന്നോട്ട് നടത്തുന്നത്. കുറുക്കുവഴികളിലെ ആൽത്തറകളിൽ മയങ്ങാൻ കിടക്കുമ്പോഴൊക്കെയും വെയിൽ വഴികളുടെ ദൂരത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈ സംവാദമൂശകളിൽ നിന്നും തെളിയിച്ചെടുത്ത ബോധമാണ്. ഈ രാഷ്ട്രീയബോധം കൈമോശം വന്നതുകൊണ്ടാണ് UAPA പോലൊരു ഭീകരനിയമത്തെ തള്ളിപ്പറയാനുള്ള രാഷ്ട്രീയ ആർജ്ജവം കേരള മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കാതെ പോയത്. അതുകൊണ്ടാണ് ഒരു പാർട്ടി എന്ന നിലയിൽ സി പി ഐ (എം) എതിർക്കുന്ന ഈ നിയമം ഉപയോഗിച്ചുകൊണ്ട് രണ്ടു പേരെ അവരുടെ രാഷ്ട്രീയത്തിന്റെ പേരിൽ തടങ്കലിലാക്കിയത്. പൊതുസമൂഹത്തിലും സ്വന്തം പാർട്ടിയിൽത്തന്നെയും അതിനെതിരെ പ്രതിഷേധങ്ങൾ പല തരത്തിൽ ഉയർന്നിട്ടും അധിക്ഷേപത്തിന്റെ ഭാഷയിൽ മാവോവാദികളുടെ നിഷ്ക്കളങ്കതയെന്ന മട്ടിൽ പരിഹാസം ചൊരിഞ്ഞത്. ഒടുവിൽ ഇതിനു വേണ്ടി താൻ അമിത് ഷായ്ക്ക് കത്തെഴുതാനോ എന്ന അമ്പരപ്പിക്കുന്ന അരാഷ്ട്രീയ ചോദ്യം നിയമസഭയിൽ ഉന്നയിച്ചത്. പിണറായി വിജയൻ സർക്കാരിന് നഷ്ടപ്പെട്ടത് കമ്യൂണിസ്റ്റ് ബോധം മാത്രമല്ലായിരുന്നു, ഫാഷിസ്റ്റ് വിരുദ്ധ സമരകാലത്തിൽ സൂക്ഷ്മമായി പ്രയോഗിക്കേണ്ട വിശാല ജനാധിപത്യ രാഷ്ട്രീയം കൂടിയായിരുന്നു.

ഇപ്പോൾ UAPA നിയമപ്രകാരം അലനും താഹയ്ക്കും എതിരെ കേരള പോലീസ് രേഖപ്പെടുത്തിയ കേസ്, NIA അന്വേഷിക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നും അത് സംസ്ഥാനത്തിന് തിരിച്ചു നല്കണം എന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതാൻ മുഖ്യമന്ത്രി തയ്യാറായിരിക്കുന്നു. എത്ര നിസാരമായാണ് പൗരന്റെ ജനാധിപത്യാവകാശങ്ങളെ ഭരണകൂടം കൈകാര്യം ചെയ്യുന്നത് എന്ന് മാത്രമല്ല കേരള സർക്കാരിനും സി പി ഐ എമ്മിനും ഇക്കാര്യത്തിലുള്ള രാഷ്ട്രീയദാരിദ്ര്യം കൂടിയാണ് ഇത് കാണിക്കുന്നത്.

വളരെ ഗൗരവമുള്ള, രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയാണെന്ന് കരുതുന്നതുകൊണ്ടാണല്ലോ പിണറായി വിജയൻ നേരിട്ട് ചുമതല വഹിക്കുന്ന ആഭ്യന്തര വകുപ്പ് ഈ രണ്ടു പേർക്കുമെതിരെ UAPA ചുത്തിയത്. അങ്ങനെ ചെയ്തത് ശരിയാണെന്ന് അവർ പല തവണ കോടതിയിൽ വാദിക്കുകയും ചെയ്തു. UAPA-ക്കു കീഴിൽ രേഖപ്പെടുത്തുന്ന കേസുകൾ സംസ്ഥാന പൊലീസോ സർക്കാരോ ആവശ്യപ്പെടാതെത്തന്നെ NIA-ക്ക് ഏറ്റെടുക്കാൻ കഴിയുമെന്ന് അറിയാത്തവരല്ല ആഭ്യന്തര വകുപ്പിലുള്ളവർ. അപ്പോൾ NIA കേസ് ഏറ്റെടുത്തത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് പറയുമ്പോൾ, അറിഞ്ഞുകൊണ്ട് വിളിച്ചു വരുത്തിയ അതിഥിയാണ് NIA ഇടപെടൽ എന്നത് മറച്ചുവെക്കാൻ സർക്കാർ ഒട്ടകപക്ഷിയെപ്പോലെ തല പൂഴ്ത്തുകയാണ്.

“ഇതിനു വേണ്ടി അമിത്ഷായ്ക്ക് കത്തെഴുതാനോ?” എന്നത് അമ്പരപ്പിക്കുന്ന അരാഷ്ട്രീയ ചോദ്യം

UAPA എന്ന ജനാധിപത്യ വിരുദ്ധ നിയമം, ഒരു തരത്തിലും പ്രയോഗിക്കില്ല എന്നുള്ള രാഷ്ട്രീയ നിലപാടിന് പകരം തങ്ങൾക്ക് വേണ്ടിടത്ത് പ്രയോഗിക്കുകയും അല്ലാത്തിടത്ത് പ്രയോഗിക്കുകയുമില്ല എന്ന ഇരട്ടത്താപ്പ് ഒരു ഇടതുപക്ഷ രാഷ്ട്രീയ നിലപാടല്ല. മാവോവാദികൾക്ക് UAPA, സന്മനസ്സുള്ളവർക്ക് സമാധാനം എന്ന മട്ടിൽ ഒരു ഭരണകൂട ഭീകര നിയമത്തെ വ്യാഖ്യാനിക്കുന്നത് പ്രഖ്യാപിത UAPA വിരുദ്ധ നിലപാടിനെ വെറും തട്ടിപ്പാക്കി മാറ്റും.

രണ്ടു പേരെ അറസ്റ്റ് ചെയ്ത ഉടനെ അവർക്ക് മേൽ UAPA ചുമത്താനും വിവരം NIA -യെ അറിയിക്കാനും പ്രാഥമികമായ ചോദ്യം ചെയ്യൽ മുതൽ NIA -യുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും സാന്നിധ്യം ഉറപ്പുവരുത്താനും നിഷ്ക്കർഷ പാലിച്ച കേരള പൊലീസ് ഇതെല്ലാം നിഷ്ക്കളങ്കമായി ചെയ്തൊരു കാര്യമല്ല. UAPA ചുമത്തുന്നതോടെ കേസ് NIA നിരീക്ഷണത്തിൽ അവർക്കിട്ടടിക്കാൻ പാകത്തിലാണെന്ന് കേരള പൊലീസിനറിയാം. UAPA ചുമത്തിയ കേസ് NIA അന്വേഷിക്കാൻ മാത്രം ഗൗരവമുണ്ടോ ഇല്ലേ എന്ന് നിലവിലെ നിയമപ്രകാരം തീരുമാനിക്കുന്നത് NIA ആണ്. ഏറ്റെടുത്ത കേസിൽ തുടരന്വേഷണവും അറസ്റ്റും പരിശോധനകളുമെല്ലാം അവർക്ക് സംസ്ഥാന പോലീസിന്റെയോ സർക്കാരിന്റെയോ അനുമതി കൂടാതെ നടത്താം. അതായത് സി പി എമ്മിൽ നുഴഞ്ഞുകയറിയ മാവോവാദികളെ തിരിച്ചറിയാനെന്ന പേരിൽ ഇപ്പോൾ കോഴിക്കോട്, കണ്ണൂർ ജില്ലാ കമ്മറ്റികളിൽ നിന്നും വിവരം ചോർത്താൻ IB -യും NIA -യും ഉണ്ടാക്കിയ ഏർപ്പാട് കുറച്ചുകൂടി വൃത്തിയായി അവർ സംസ്ഥാനമൊട്ടാകെ നടപ്പാക്കാൻ പോവുകയാണ്. അതിനും പിണറായി വിജയൻറെ സമ്മതം അവർ ആവശ്യപ്പെടില്ല.

ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവത്തിന്റെ പ്രതിഫലനങ്ങളാണ് ഇത്തരം ഭീകരനിയമങ്ങൾ എന്നത് ലളിതമായ രാഷ്ട്രീയ പാഠമാണ്. POTA -യും TADA-യും പോലുള്ള മനുഷ്യാവകാശ വിരുദ്ധ നിയമങ്ങൾക്കെതിരെ സി പി ഐ (എം) അടക്കമുള്ള പല രാഷ്ട്രീയകക്ഷികളും മനുഷ്യാവകാശ, ജനാധിപത്യ പ്രവർത്തകരും ശബ്ദമുയർത്തിയത് അവയെല്ലാം രാജ്യത്തെ ജനകീയ രാഷ്ട്രീയ സമരങ്ങളെയും മത ന്യൂനപക്ഷങ്ങളെയും അടിച്ചമർത്താനുള്ള ഭരണകൂട ആയുധങ്ങളാണ് എന്നതുകൊണ്ടാണ്. UAPA -യും ഇതിൽ നിന്നും വ്യത്യസ്തമല്ല.

“ഇതിനു വേണ്ടി അമിത്ഷായ്ക്ക് കത്തെഴുതാനോ?” എന്നത് അമ്പരപ്പിക്കുന്ന അരാഷ്ട്രീയ ചോദ്യം

ഇതിനു പുറമെ സംസ്ഥാനങ്ങളുടെ പൂർണമായ അധികാര പരിധിയിലുള്ള ക്രമസമാധാന പാലനത്തിലേക്ക് കേന്ദ്രം കടന്നുകയറുക കൂടിയാണ് UAPA, NIA നിയമങ്ങളുടെ ഭേദഗതിയിലൂടെ ചെയ്തത്. രണ്ടു ഭേദഗതി ബില്ലുകളെയും എതിർത്തുകൊണ്ട് സി പി ഐ (എം) പാർട്ടി പ്രസിദ്ധീകരണമായ People’s Democacy-യിൽ ഇങ്ങനെയാണ് മുഖപ്രസംഗം എഴുതിയത്- ” “This legislation is an attack on federalism, democratic rights and liberty of citizens…The Modi government has strengthened the authoritarian architecture of a national security State by these amendments. They will also be wielded as a weapon against ideological opponents…The purpose seems to be arm the government with a weapon to suppress anyone who questions or opposes the government or subscribes to a revolutionary ideology.”

അതായത് revolutionary ideology എന്താണെന്നുള്ള തർക്കങ്ങൾ ഭരണകൂടം തീർപ്പാക്കുകയും ഭരണകൂടത്തിന്റെ അംഗീകാരം വാങ്ങി വിപ്ലവം നടത്തുകയും ചെയ്യുന്ന ഏർപ്പാട് ചരിത്രത്തിൽ ഒരു കാലത്തും ഇല്ലാത്തതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർ എല്ലാകാലത്തും ഭരണകൂടവുമായി സംഘർഷത്തിൽ ഏർപ്പെടുന്നത്. ലാഹോർ, പെഷവാർ, മീററ്റ്, കാൺപൂർ ഗൂഢാലോചനക്കേസുകൾ ബ്രിട്ടീഷുകാർ ചുമത്തിയതും കയ്യൂർ സഖാക്കൾ തൂക്കിലേറ്റപ്പെട്ടതും മണ്ടോടി കണ്ണനെ പോലുള്ള ആയിരക്കണക്കിന് മനുഷ്യർ സ്വന്തം ചോരയിൽ നിന്നും നീട്ടിവരച്ച അടയാളങ്ങൾ മറ്റു മനുഷ്യർ വീണ്ടും ചോരകൊണ്ട് പൂരിപ്പിച്ചതുമെല്ലാം ഭരണകൂടവുമായി വിപ്ലവത്തിന്റെ ഭാഷയ്ക്കുള്ള വ്യാകരണയുദ്ധങ്ങൾക്കൊണ്ടാണ്.

മേൽപ്പറഞ്ഞ നിലപാടാണ് ഇപ്പോഴും സി പി ഐ (എം)നെങ്കിൽ എന്തുകൊണ്ടാണ് ഈ നിലപാടിന് വിരുദ്ധമായി, കേരളത്തിലെ ആഭ്യന്തര വകുപ്പ് “NIA അന്വേഷിക്കാൻ മാത്രം ഗൗരവമില്ലാത്ത കേസ്” എന്നിപ്പോൾ പിണറായി വിജയന് തോന്നുന്ന കേസിൽ ആദ്യംതന്നെ UAPA ചുമത്തിയത് എന്നും ആ നിയമം ഉപയോഗിച്ചത് എന്നും സി പി എം അതിന്റെ PB അംഗം കൂടിയായ വിജയനോടും ഇക്കാര്യത്തിലെടുത്ത രാഷ്ട്രീയ തിരുത്തൽ നടപടികൾ എന്താണ് എന്നതിന്റെ കേരള ഘടകത്തോടും വിശദീകരണം ചോദിക്കണം. അത് സംഭവിക്കില്ല എന്ന എനിക്കും നിങ്ങൾക്കും ഉത്തമബോധ്യമുള്ള സംഘടനാ, പ്രത്യയശാസ്ത്ര പരാധീനതകളിലാണ് സി പി ഐ (എം) എന്നതാണ് വസ്തുത.

NIA നിയമം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി, ആ നിയമം ഭരണഘടനാവിരുദ്ധമാണെന്നും അത് അസാധുവാക്കണമെന്നും പറഞ്ഞുകൊണ്ട് ഛത്തീസ്ഗഡ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കേരള സർക്കാർ കക്ഷി ചേരുകയാണ് വേണ്ടത്. ഒപ്പം UAPA നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന രാഷ്ട്രീയ പ്രഖ്യാപനം സർക്കാർ നടത്തുകയും വേണം.

റോണാ വിത്സൺ, സുധ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിങ്, വരവര റാവു തുടങ്ങിയ മനുഷ്യാവകാശ പ്രവർത്തകരെ പ്രധാനമന്ത്രിയെ കൊല്ലാൻ ഗൂഢാലോചന നടത്തി എന്ന കള്ളക്കേസ് ചുമത്തി ഒരു വർഷത്തിലേറെയായി UAPA ചുമത്തി തടവിലിട്ടിരിക്കുകയാണ്. പുതിയ മഹാരാഷ്ട്ര സർക്കാർ ആ കേസ് പുനഃപരിശോധിച്ചേക്കുമെന്ന സൂചന കിട്ടിയപ്പോൾ രായ്ക്കുരാമാനം NIA അതേറ്റെടുക്കുകയും അവർ തടങ്കലിൽ നിന്നും പുറത്തുവരില്ല എന്നുറപ്പാക്കുകയുമായിരുന്നു. ഇത്രയും ഭീകരമായ മനുഷ്യാവകാശ, ജനാധിപത്യ വിരുദ്ധ രീതികളിലൂടെ മുന്നോട്ട് പോകുന്ന സംഘപരിവാർ/മോദി സർക്കാറിന്റെ കൈകളിലേക്ക് കേരളത്തിലെ “മാവോവാദവും” “സി പി ഐ (എം)-ൽ നുഴഞ്ഞുകയറിയ മാവോവാദികളും” എന്നൊക്കെയുള്ള തിരക്കഥയിട്ടുകൊടുത്ത പിണറായി വിജയനും ആഭ്യന്തരവകുപ്പും വിളിച്ചുവരുത്തിയത് നിങ്ങൾക്കിതുവരെ പരിചയമില്ലാത്ത ഒരു ഭാഷയിൽ സംസാരിക്കുന്ന മറ്റൊരു സംവിധാനത്തെയാണ്. അവിടെ അനുസരണ മാത്രമാണ് ഒരേയൊരു തെരഞ്ഞെടുപ്പ്.

“ഇതിനു വേണ്ടി അമിത്ഷായ്ക്ക് കത്തെഴുതാനോ?” എന്നത് അമ്പരപ്പിക്കുന്ന അരാഷ്ട്രീയ ചോദ്യം

 

“ഞാൻ അമിത് ഷായുടെ കാലുപിടിക്കണോ” എന്ന് ചോദിച്ച പിണറായി വിജയന് അത്തരമൊരു തെരഞ്ഞെടുപ്പിന്റെ സാധ്യത മാത്രമായിരിക്കും മുന്നിൽ. എന്നെ അത്ഭുതപ്പെടുത്തിയത് മുഖ്യമന്ത്രി എന്ന രാഷ്ട്രീയ, ഭരണഘടനാ പദവിയെ എത്ര വ്യക്തിപരമായാണ് അദ്ദേഹം കണക്കിലെടുക്കുന്നത് എന്നാണ്. ഒരു രാഷ്ട്രീയ, ഭരണ നിലപാട് പറയാനും, മുമ്പ് സംഭവിച്ച ഒരു തെറ്റ് തിരുത്താനുമുള്ള രാഷ്ട്രീയമായ സത്യസന്ധത കാണിക്കുന്നതിനെ തന്റെ മാടമ്പി സ്വഭാവത്തിനേൽക്കുന്ന, സ്തുതിപാഠകർ ചുറ്റും നിന്ന് രാപ്പകൽ പുകഴ്ത്തുന്ന ശക്തൻ തമ്പുരാൻ പ്രതിച്ഛായക്കേൽക്കുന്ന അപമാനമായാണ് പിണറായി വിജയൻ കണ്ടത്. ഒരു വിധത്തിലുള്ള ന്യായീകരണവുമില്ലാതെ, ഒരു ഭീകരനിയമം ഉപയോഗിച്ച് കൊണ്ട് തടവിലാക്കിയ രണ്ടു ചെറുപ്പക്കാർ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടുകൊണ്ട് ജീവിതത്തിൽ നിന്നും ഓരോ ദിവസവും പുറത്തെറിയപ്പെടുമ്പോളാണ് മുഖ്യമന്ത്രി ഒരു രാഷ്ട്രീയ ചുമതലയെ വ്യക്തിപരമായ നാണക്കേടായി ചുരുക്കിക്കാണുന്നത്.

അമിത്ഷായ്ക്ക് കത്തെഴുതുന്നത് മാനക്കേടായി തോന്നേണ്ട കാര്യമെന്താണ്? മുഖ്യമന്ത്രിയുടെ പേരക്കുട്ടിയുടെ പിറന്നാളിന് അമിത് ഷായെ വിളിക്കാനൊന്നുമല്ല ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ ഒരു ഭീകര നിയമത്തിനെതിരെ, ഫെഡറൽ തത്വങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു രാഷ്ട്രീയ നിലപാട് കൂടിയാകണം ആ കത്ത് എന്നതുകൊണ്ടാണ്. അതെഴുതാൻ മുഖ്യമന്ത്രിക്ക് ചളിപ്പ് തോന്നുന്നത് അമിത് ഷായെയും അയാളുടെ ജനവിരുദ്ധ സേനയെയും പിൻവാതിലിലൂടെ വിളിച്ചുവരുത്തിയത് പിണറായി വിജയൻറെ നടപടിയാണ് എന്നതുകൊണ്ടാണ്. എന്നാൽ കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയ സമൂഹത്തിനു ആ മാനക്കേടിന്റെ ഭാരം ചുമക്കേണ്ടതില്ല. അലനും താഹയും മോചിതരാകും വരെയും UAPA -ക്കു കീഴിൽ തടവിൽ കിടക്കുന്ന നൂറുകണക്കിനാളുകളുടെ മോചനത്തിന് വേണ്ടിയും ഈ സമരം തുടരേണ്ടതുണ്ട്.