Movie prime

ജീർണിച്ച മത, സാമുദായിക ബോധത്തിന്റെ ചതുപ്പിലാണ് കേരളീയ സമൂഹത്തിന്റെ പല തൂണുകളും നിൽക്കുന്നത്

Pramod Puzhankara കോവിഡ് ബാധിച്ച് മരിച്ചയാളിൻ്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നത് തടഞ്ഞ, ശാസ്ത്രവിരുദ്ധ പ്രവൃത്തിയെ വിമർശിച്ച് പ്രമോദ് പുഴങ്കര. രോഗവ്യാപനം കൂടുന്ന മുറയ്ക്ക് ഇത്തരം മരണങ്ങളും കൂടുമെന്നും ഇത്തരം ആൾക്കൂട്ട ഹുങ്കിനും വ്യാജപ്രചാരണങ്ങൾക്കും മുന്നിൽ പിന്തിരിഞ്ഞു പോകാനാകില്ലെന്നും അദ്ദേഹം പറയുന്നു. കർക്കശമായിത്തന്നെ ഇതിനെ നേരിടണം. Pramod Puzhankara പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ ……… കോവിഡ് ബാധിച്ച ഒരാളുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കാതെ ശവസംസ്കാരം തടഞ്ഞ കോട്ടയത്തെ സംഘപരിവാർ കൗൺസിലറും ആ നാട്ടുകാരും More
 
ജീർണിച്ച മത, സാമുദായിക ബോധത്തിന്റെ ചതുപ്പിലാണ് കേരളീയ സമൂഹത്തിന്റെ പല തൂണുകളും നിൽക്കുന്നത്

Pramod Puzhankara

കോവിഡ് ബാധിച്ച് മരിച്ചയാളിൻ്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നത് തടഞ്ഞ, ശാസ്ത്രവിരുദ്ധ പ്രവൃത്തിയെ വിമർശിച്ച് പ്രമോദ് പുഴങ്കര. രോഗവ്യാപനം കൂടുന്ന മുറയ്ക്ക് ഇത്തരം മരണങ്ങളും കൂടുമെന്നും ഇത്തരം ആൾക്കൂട്ട ഹുങ്കിനും വ്യാജപ്രചാരണങ്ങൾക്കും മുന്നിൽ പിന്തിരിഞ്ഞു പോകാനാകില്ലെന്നും അദ്ദേഹം പറയുന്നു. കർക്കശമായിത്തന്നെ ഇതിനെ നേരിടണം. Pramod Puzhankara

പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ

………

കോവിഡ് ബാധിച്ച ഒരാളുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കാതെ ശവസംസ്‌കാരം തടഞ്ഞ കോട്ടയത്തെ സംഘപരിവാർ കൗൺസിലറും ആ നാട്ടുകാരും കേരളത്തിന് അമ്പരപ്പുണ്ടാക്കേണ്ടതില്ല. ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളും അഭിപ്രായസമന്വയത്തിന്റെയും ആളെണ്ണബലത്തിന്റെയും പേരിൽ കൊണ്ടാടുന്ന ഒരു നാട്ടിൽ ഇത് നടന്നില്ലെങ്കിലാണ് അത്ഭുതം. ഇതേ കേരളത്തിലാണ് യുവതികൾ ശബരിമല കയറിയാൽ അവരുടെ കാലിന്നിടിയിലെ കാന്തികമണ്ഡലം അയ്യപ്പൻറെ ബ്രഹ്മചര്യത്തിന് ഭംഗം വരുത്തുമെന്ന “ശാസ്ത്രീയ സിദ്ധാന്തം” പ്രചരിപ്പിച്ചത്. ഇത്തരം അന്ധവിശ്വാസങ്ങളുടെ പുലിപ്പുറത്തേറിയാണ് കേരളം മുഴുവൻ സംഘപരിവാറും ഒപ്പം കോൺഗ്രസും കൂടി നാമജപത്തെറികളാൽ മലീമസമാക്കിയത്.

ഈ കേരളത്തിലാണ് മുക്കിനു മുക്കിനു ധ്യാനകേന്ദ്രങ്ങളിൽ എയ്ഡ്‌സ് മുതൽ വരട്ടുചൊറി വരെ മാറ്റുന്ന സുവിശേഷ തട്ടിപ്പുകാർ ആക്രോശിക്കുന്നത്. കൃപാസനം ചമ്മന്തിയുണ്ടാക്കി കഴിച്ചവർക്ക് സൗഖ്യപ്പെട്ട കഥകൾക്ക് സാക്ഷ്യം പറച്ചിലുണ്ടാകുന്നത്. കൃപാസന തട്ടിപ്പുകാർക്ക് സർക്കാർ സഹായം കിട്ടുന്നത്. സ്വർഗ്ഗത്തിലെ ഹൂറികളുടെ കഥയും പറഞ്ഞുകൊണ്ട് മനുഷ്യരെ പറ്റിക്കുന്ന മതപ്രസംഗവുമായി മതപണ്ഡിതർ നാടുചുറ്റുന്നത്. ഇതേ കേരളത്തിലാണ് വിശുദ്ധന്മാരും വാഴ്ത്തപ്പെട്ടവരും അത്ഭുതപ്രവർത്തികൾ കാണിക്കുന്നത്. അവരുടെ സാംസ്കാരിക സമ്മേളനങ്ങളിൽ ജനകീയ ശാസ്ത്ര പ്രചാരകർ പങ്കെടുത്ത് സുസമ്മതരാകുന്നത്.

ജീർണിച്ച മത,സാമുദായിക ബോധത്തിന്റെ ചതുപ്പിലാണ് കേരളീയ സമൂഹത്തിന്റെ പല തൂണുകളും നിൽക്കുന്നത്. കെട്ടിപ്പിടിക്കുന്ന സുധാമണിക്കുമുണ്ട് മാതാ അമൃതാനന്ദമയിയായി മലയാളി സമൂഹത്തിലൊരു അവതാര ലക്‌ഷ്യം. ഓർത്തഡോക്സും യാക്കോബായയുമായി അങ്കം വെട്ടാനും ആ കുരിശൊക്കെയെടുത്ത് കേരള സമൂഹത്തിന്റെ പിടലിക്ക് വെക്കാനുമുണ്ട് ആളുകൾ ധാരാളം. ഇത്തരം എല്ലാ വങ്കത്തത്തിനും ഒപ്പം നിൽക്കാൻ സർവ്വകക്ഷി യോഗക്കാരുമുണ്ട്. ആ കേരളത്തിൽ ശവസംസ്കാരത്തിന്റെ പുകയിലൂടെ പകരുന്ന കോവിഡ് എളുപ്പം ചെലവാകുന്ന സംഗതിയാണ്.

ഔസേപ്പിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ തയ്യാറാകാഞ്ഞത് അതിനു വേണ്ട സൗകര്യം പോരാഞ്ഞിട്ട് മാത്രമല്ല ഔസേപ്പിന് പൊൻ കുരിശിന്റെ അകമ്പടിയുള്ള ചരമ ശുശ്രൂഷയ്ക്കുള്ള പാങ്ങും പിടിപാടുമില്ലാത്തതുകൊണ്ടാണ്. കർത്താവിനു പോലും കാശു കൊടുത്താലേ കള്ളപ്പാതിരിമാർ സ്ഥലം കൊടുക്കൂ, പിന്നെയല്ലേ കർത്താവിന്റെയപ്പനെ.

കേരളത്തിൽ കൊറോണ വ്യാപനം കൂടുന്ന മുറയ്ക്ക് മരണങ്ങളും കൂടും. അവിടെയെല്ലാം ഇത്തരം ആൾക്കൂട്ട ഹുങ്കിനും വ്യാജപ്രചാരങ്ങൾക്കും മുന്നിൽ പിന്തിരിഞ്ഞു പോകാനാകില്ല. കർക്കശമായിത്തന്നെ ഇതിനെ നേരിടണം. കോട്ടയം എം എൽ എ കോൺഗ്രസുകാരൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. പ്രളയവും വരൾച്ചയും വരാൻ കാത്തിരിക്കുന്ന ശുദ്ധൻ. കോവിഡിനെ നിസ്സാരവത്കരിച്ചു കാണിക്കാനും അതിനെതിരായ നിയന്ത്രണ പ്രതിരോധ ശ്രമങ്ങളെ അപഹസിക്കാനും ജനങ്ങളുടെ സാമൂഹ്യജാഗ്രതയെ ദുര്ബലമാക്കാനും കേരളത്തിലെ കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ നിസാരമല്ല. അതുകൊണ്ടുതന്നെ രാധാകൃഷ്ണനെയും കോൺഗ്രസിനേയും സംബന്ധിച്ച് ഈ തർക്കം ഒരു വിജയമാണ്.

ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതൊരു പഴയ മുദ്രാവാക്യം മാത്രമല്ല. അതൊരു രാഷ്ട്രീയ പ്രക്രിയ കൂടിയാണ്. മരിച്ചുപോയവർ വിശുദ്ധന്മാരായി വന്ന് മലബന്ധം മാറ്റുന്ന അത്ഭുതപ്രവർത്തി നടത്തി പുണ്യാളന്മാരും വിശുദ്ധരുമായി വാഴ്ത്തപ്പെടാൻ വരിനിന്നു അപേക്ഷ കൊടുക്കുന്നു എന്ന് വിശ്വസിക്കുന്ന ആളുകളെ മരിച്ചവർ പുകയും ആത്മാവുമായി രോഗം പരത്തി അലയുന്നില്ല എന്ന് മനസിലാക്കിക്കുന്ന ഒരു പരിപാടി കൂടിയാണത്. ചത്താൽ കത്തിക്കാനും കുഴിച്ചിടാനുമെങ്കിലും ഉപകരിക്കുന്ന ഒന്നുകൂടിയാണ് ശാസ്ത്രമെന്ന് മനസിലാക്കിയാൽ മൃതദേഹങ്ങൾക്ക് മാത്രമല്ല ജീവിച്ചിരിക്കുന്നവർക്കും ആത്മാഭിമാനത്തോടെ മനഃസമാധാനമായി കഴിയാമെന്നൊരു ഗുണമുണ്ട്.