kim jong-un
in

മലം സംരക്ഷിക്കാൻ സ്വന്തം ടോയ്‌ലറ്റുമായി സഞ്ചരിക്കുന്ന പ്രസിഡണ്ട്

Kim Jong-un

പോകുന്നിടത്തെല്ലാം സ്വന്തം ടോയ്ലറ്റുമായി സഞ്ചരിക്കുന്ന രാഷ്ട്രത്തലവനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ രസകരമായ അക്കാര്യം കേട്ടോളൂ.Kim Jong-un

ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉൻ ആണ് തൻ്റെ യാത്രകളിലെല്ലാം പ്രത്യേക ടോയ്ലറ്റുകൾ കൂടെ കൊണ്ടു പോകുന്നത്. ശത്രുക്കളുടെ കൈയിൽ അകപ്പെടാതെ സ്വന്തം മലവും മൂത്രവുമെല്ലാം സംരക്ഷിക്കുകയാണ് വിചിത്രമായ ഈ നീക്കത്തിന് പിന്നിലെന്ന് ബ്രിട്ടീഷ്  ദിനപത്രമായ മിറർ ആണ് റിപ്പോർട്ട് ചെയ്യുന്നത്.  

പ്രസിഡണ്ടിൻ്റെ ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസിൽ സ്വന്തമായി ടോയ്‌ലറ്റുണ്ട്.  യാത്ര പർവതപ്രദേശങ്ങളിലേക്കോ മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിലേക്കോ ആയാലും അതിനുവേണ്ടി രൂപകൽപന ചെയ്ത പ്രത്യേക വാഹനങ്ങളിലും പ്രസിഡണ്ടിനു മാത്രമായി ‘എക്സ്ക്ലുസീവ് ‘ ടോയ്ലറ്റ് സജ്ജീകരിക്കും. എവിടേക്കായാലും കസ്റ്റമൈസ്ഡ് ബിൽറ്റ്-ഇൻ-ടോയ്ലറ്റില്ലാതെ പ്രസിഡണ്ട് വണ്ടി കേറില്ല. 

രണ്ടുവർഷം മുമ്പ് സിംഗപ്പൂരിൽ വെച്ച്  ഡൊണാൾഡ് ട്രമ്പുമായുള്ള  കൂടിക്കാഴ്ചയ്ക്ക് പോയപ്പോഴും, ഉത്തര കൊറിയൻ സൈന്യം ജപ്പാൻ കടലിലേക്ക് മിസൈൽ വിക്ഷേപിക്കുന്നത് കാണാൻ പോയപ്പോഴും കിം ജോങ് ഉൻ സ്വന്തം ടോയ്‌ലറ്റ് കൂടെ കൊണ്ടുപോയിരുന്നത്രേ. ഇടയ്ക്കെങ്ങാൻ ‘പ്രകൃതിയുടെ വിളി’ വന്നാലോ, റിസ്കെടുക്കാൻ ഉൻ തയ്യാറല്ല.

സ്വന്തം ടോയ്ലറ്റിനെയല്ലാതെ മറ്റൊരു ടോയ്ലറ്റിനെയും ഉന്നിന് വിശ്വാസമില്ലെന്നാണ് പറയുന്നത്. പൊതുശുചി മുറികൾ ഉപയോഗിക്കാനുള്ള വൈമനസ്യമോ, ശുചിത്വത്തെക്കുറിച്ചുള്ള ആശങ്കയോ ഒന്നുമല്ല, തൻ്റെ മലവും മൂത്രവും അടങ്ങിയ വിസർജ്യം ശത്രുക്കളുടെ കൈവശം എത്താതിരിക്കാനുള്ള മുൻകരുതലാണ് പ്രസിഡണ്ട്  എടുക്കുന്നത്. കിം ജോങ്ങ് ഉന്നിൻ്റെ കുടുംബവുമായി അടുപ്പം പുലർത്തുന്ന വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡണ്ടിൻ്റെ വിസർജ്യം തെറ്റായ കൈകളിൽ എത്തിപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയെപ്പറ്റി പുറം ലോകം അറിയും. മലത്തിൽ നിന്നും മൂത്രത്തിൽനിന്നും കിട്ടുന്ന സുപ്രധാന വിവരങ്ങളിലൂടെ പ്രസിഡണ്ട് കഴിക്കുന്ന മരുന്നുകളുടെ വിശദാംശങ്ങൾ വരെ പുറം ലോകത്തെത്തും. അതാണ് ഉന്നിൻ്റെ വിസർജ്യത്തിനു ചുറ്റും സുരക്ഷാവലയം ഇത്ര ശക്തമാക്കാനുള്ള കാരണം. 

രസകരമായ മറ്റൊരു കാര്യം ഊണിലും ഉറക്കത്തിലും അദ്ദേഹത്തിനൊപ്പമുള്ള വിശ്വസ്തരായ സൈനികർക്കും, സായുധരായ കമാൻ്റോകൾക്കും അത്യാവശ്യഘട്ടത്തിൽ പോലും അദ്ദേഹത്തിൻ്റെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുമതിയില്ല എന്നതാണ്. ആരെങ്കിലും അതിനു മുതിർന്നാൽ വിവരം അറിയും. ജീവൻ പോലും നഷ്ടപ്പെട്ടേക്കാം. 

2018-ലെ സിങ്കപ്പൂർ യാത്രയിൽ പ്രസിഡണ്ടിനൊപ്പം ടോയ്‌ലറ്റും അനുഗമിച്ചിരുന്നു. ട്രമ്പുമായുള്ള ഉച്ചകോടിക്ക് പോയത് സോവിയറ്റ് കാലഘട്ടത്തിലെ മൂന്ന് വിമാനങ്ങളിലാണ്. അതിൽ ഒന്നിൽ ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസും പോർട്ടബിൾ മെഴ്സിഡസും ഉണ്ടായിരുന്നു. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ മാത്രമല്ല, ഉത്തര കൊറിയ മുഴുവൻ സഞ്ചരിക്കാറുള്ള പ്രത്യേക സുരക്ഷയുളള തീവണ്ടിയിലും പ്രസിഡണ്ടിന് മാത്രമായി പ്രത്യേകം ടോയ്‌ലറ്റ് പിടിപ്പിക്കാറുണ്ടത്രേ. മുമ്പ് ചൈന, റഷ്യ, വിയറ്റ്നാം എന്നിവ സന്ദർശിച്ചപ്പോഴും ടോയ്ലറ്റ് കൂടെ കൊണ്ടുപോയതായി റിപ്പോർട്ടിൽ പറയുന്നു. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ayodhya

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ രൂപകൽപന പുറത്തിറക്കി 

കുഞ്ഞുങ്ങളിലെ അസ്വസ്ഥത ഉണ്ടാക്കുന്ന തടിപ്പുകളുടെ കാരണങ്ങൾ എങ്ങനെ തിരിച്ചറിയാം