in

വാണിജ്യാടിസ്ഥാനത്തിൽ റോക്കറ്റ് നിര്‍മ്മാണം 2050-ഓടെ: വിഎസ് എസ് സി 

 

രാജ്യത്ത് റോക്കറ്റുകളുടേയും കൃത്രിമോപഗ്രങ്ങളുടെയും  വാണിജ്യവല്‍ക്കരണം 2050-നകം സാധ്യമാകുമെന്ന്  തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. എസ് സോമനാഥ് പറഞ്ഞു.

റോക്കറ്റുകളുടെ നിര്‍മ്മാണമായിരിക്കും ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തില്‍  2050-നകം നടക്കുന്ന  സുപ്രധാന മാറ്റങ്ങളിലൊന്നെന്നും  ഇതിലൂടെ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്നും ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷനായ  ‘ട്രിമ-2020’ല്‍ അദ്ദേഹം വ്യക്തമാക്കി.

ബഹിരാകാശമേഖലയിലേക്ക് 35 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.   അവയില്‍ മൂന്നെണ്ണം റോക്കറ്റുകളുടെ രൂപകല്‍പ്പനയിലും പതിനാലെണ്ണം ഉപഗ്രഹങ്ങളുടെ രൂപകല്‍പ്പനയിലും ശേഷിച്ചവ ഡ്രോണ്‍ അധിഷ്ഠിത ആപ്ലിക്കേഷന്‍, സേവനമേഖലകളിലും പ്രവര്‍ത്തിക്കുന്നവയാണ്. തങ്ങളുടെ മാതൃകകളുടെ പരീക്ഷണത്തിനും മൂല്യനിര്‍ണയത്തിനുമായി ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഐഎസ്ആര്‍ഒയെ  സമീപിക്കാറുണ്ടെന്നും ഹോട്ടല്‍ ഒ ബൈ താമരയില്‍ ‘ഇന്‍ഡസ്ട്രി 4.0 – തൊഴില്‍ മേഖലയിലെ പ്രത്യാഘാതം’ എന്ന വിഷയത്തില്‍ നടന്ന മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഇവയുടെ വിജയസാധ്യത തനിക്ക് നിര്‍ണയിക്കാനാവില്ല. എന്നിരുന്നാലും എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള സുപ്രധാന  ദൗത്യങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ടതുണ്ടോ എന്ന ചോദ്യം ഐഎസ്ആര്‍ഒക്കു മുന്നിലുണ്ട്.  ഉല്‍പാദനം നിര്‍വ്വഹിക്കുന്നതും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്‍തുണ നല്‍കുന്നതുമായ ഈ മേഖലയിലെ വമ്പന്‍ സ്ഥാപനങ്ങളെ അന്വേഷിക്കുന്നുണ്ട്. എയര്‍ബസിനെപ്പോലുള്ള വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്തു വര്‍ഷത്തേക്കാള്‍ പത്തുമടങ്ങ് മാറ്റങ്ങളാണ് തൊഴില്‍മേഖലയില്‍ ഉണ്ടാവുകയെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒ ജി വിജയരാഘവന്‍ പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് പ്രവേശിക്കുമ്പോള്‍  പ്രത്യേക നൈപുണ്യവും അറിവും സ്വായത്തമാക്കുന്നത് തൊഴില്‍മേഖലയില്‍ അനിവാര്യമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. പുതിയ തൊഴില്‍യുഗവുമായി പൊരുത്തപ്പെടുന്നതിനുള്ള ശേഷി രൂപീകരണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സാന്‍ഫ്രാന്‍സിസ്കോയിലെ സ്മാര്‍ട്ട് ഐഒപിഎസ് സഹസ്ഥാപകനും സിഇഒ-യുമായ രാധാകൃഷ്ണന്‍ നായര്‍ വ്യക്തമാക്കി.

ആരോഗ്യ സംരക്ഷണമേഖലയാണ് നാലാം വ്യാവസായിക വിപ്ലവ കാലഘട്ടത്തില്‍ സമൂഹത്തില്‍ വ്യാപക സ്വാധീനം ചെലുത്താന്‍ പോകുന്നതെന്ന് ആരോഗ്യ വകുപ്പിന്‍റെ ഇ ഹെല്‍ത്ത് കേരള പ്രോജക്ട് ചീഫ് കണ്‍സള്‍ട്ടന്‍റ്  സുധാമണി എസ് പറഞ്ഞു.

നിലവിലുള്ളതും ഭാവിയിലേതുമായ തൊഴില്‍ശക്തിയെ വെല്ലുവിളികളെ അതിജീവിക്കാന്‍ പര്യാപ്തമാകുന്ന രീതിയില്‍ വാര്‍ത്തെടുക്കണമെന്ന് ‘നൈപുണ്യ ശേഷിയെ പരാമവധി പ്രയോജനപ്പെടുത്തല്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു. വ്യവസായ വിദ്യാഭ്യാസ മേഖലകളുമായുള്ള ബന്ധം ദ്രുതഗതിയിലെ മാറ്റങ്ങള്‍ക്കാവശ്യമാണെന്നും  അവര്‍ അഭിപ്രായപ്പെട്ടു.

സംയോജിതവും പരസ്പരബന്ധിതവുമായ ഇന്നത്തെ ലോകത്ത്, പ്രധാന പരിവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഒറ്റപ്പെട്ട ദ്വീപായി ശേഷിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ട്രിനിറ്റി സ്കില്‍വര്‍ക്ക്സ് സ്ഥാപകനും സിഇഒയുമായ ശ്രീ കെഎം സുഭാഷ് പറഞ്ഞു. മുന്‍ വ്യവസായ വിപ്ലവങ്ങളെപ്പോലെ ഇതും ഉത്പ്പാദന ക്ഷമതയിലേക്കും സൗകര്യങ്ങളിലേക്കുമാണ് വഴിതെളിക്കുക. എന്നാല്‍ ഈ കാലഘട്ടത്തെ അഭിമുഖീകരിക്കാന്‍ നാം എന്താണ് ചെയ്യുക എന്നതാണ് അടിസ്ഥാനപരമായ ചോദ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മാറ്റങ്ങളെ അംഗീകരിച്ച് വിദ്യാഭ്യാസ സംവിധാനവുമായി സമന്വയിപ്പിക്കുകയാണ് വേണ്ടതെന്ന് അദാനി സ്കില്‍ ഡവലപ്മെന്‍റ് സെന്‍റര്‍ മേധാവി ജതിന്‍ ത്രിവേദി പറഞ്ഞു. എങ്ങനെയാണ് പഠിക്കേണ്ടതെന്നാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ശക്തമായ സംവിധാനങ്ങളല്ല നിലവില്‍ രാജ്യത്തേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെല്ലുവിളികളെ തരണംചെയ്യുന്നതിന് വ്യവസായവും വ്യാവസായിക സ്ഥാപനങ്ങളും സര്‍ക്കാരും വിദ്യാഭ്യാസ സംവിധാനങ്ങളും തമ്മിലുള്ള സഹകരണം ആവശ്യമാണെന്ന് യുഎസ്ടി ഗ്ലോബല്‍ സിഒഒ അലക്സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു. 

ആരോഗ്യ സംരക്ഷണമേഖലയിലെ മാറ്റങ്ങളാണ് ബോധ്യമായിത്തുടങ്ങിയതെന്നും  ആശുപത്രികള്‍ ആതിഥേയ കേന്ദ്രങ്ങളായും രോഗികള്‍ അതിഥികളായും മാറിക്കൊണ്ടിരിക്കുകയാണെന്നും കിംസ് ഹെല്‍ത്ത്കെയര്‍ മാനേജ്മെന്‍റ്  എച്ച്ആര്‍ ഗ്ലോബല്‍ മേധാവി കൃപേശ് ഹരിഹരന്‍ ചൂണ്ടിക്കാട്ടി.

ക്യാംപസിനു പുറത്ത് കാത്തിരിക്കുന്ന തൊഴിലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കത്തക്ക രീതിയില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ സംവിധാനം പരാജയമാണെന്ന് എഡ്ജ് വാഴ്സിറ്റി ലേര്‍ണിംഗ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ശേഖരന്‍ വൈ മേനോന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ നമ്മുടെ യുവജനത ബുദ്ധിയില്ലാത്തവരല്ല. നമ്മുടെ വിദ്യാഭ്യാസ സംവിധാനം മാത്രമാണ് പ്രായോഗിക അറിവ് പകര്‍ന്നുനല്‍കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മാറുന്ന ലോകത്തിലെ തൊഴില്‍-കേരളത്തിനൊരു കാഴ്ചപ്പാട്’ എന്ന പ്രമേയത്തിലൂന്നിയ ദ്വിദിന കണ്‍വെന്‍ഷനില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യവസായം, നയരൂപീകരണം, ബിസിനസ് മേഖലകളിലുള്ള ഇരുനൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

നീതി 

പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംരംഭക പദ്ധതി: അംബേദ്കര്‍ ഭവനില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്റര്‍