Movie prime

പു ക സ നേരിടുന്ന ജീർണത ഇടതുപക്ഷ രാഷ്ട്രീയത്തിന് വന്ന നിലപാട് ജീർണത

പു ക സ തൃശൂർ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ‘ഒരു തീണ്ടാപ്പാടകലെ ‘ എന്ന ഹ്രസ്വചിത്രം ഭാവനാശൂന്യതയും കലാ ദാരിദ്ര്യവും മാത്രമല്ല പിന്തിരിപ്പൻ ആശയങ്ങൾ കൊണ്ടും അമ്പരപ്പിക്കുന്നതെന്ന് ഇടതു നിരീക്ഷകൻ പ്രമോദ് പുഴങ്കര. പു ക സ രൂപീകരണത്തിൻ്റെ ചരിത്ര പശ്ചാത്തലങ്ങൾ അവതരിപ്പിക്കുന്ന കുറിപ്പിൽ പു ക സ നേരിടുന്ന ജീർണത ഇടതുപക്ഷ രാഷ്ട്രീയത്തിന് വന്ന നിലപാട് ജീർണത തന്നെയെന്ന് അടിവരയിട്ട് പറയുന്നു. …………….. പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മറ്റി നിർമ്മിച്ചിറക്കിയ ‘ഒരു തീണ്ടാപ്പാടകലെ’ More
 
പു ക സ നേരിടുന്ന ജീർണത ഇടതുപക്ഷ രാഷ്ട്രീയത്തിന് വന്ന നിലപാട് ജീർണത
പു ക സ തൃശൂർ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ‘ഒരു തീണ്ടാപ്പാടകലെ ‘ എന്ന ഹ്രസ്വചിത്രം ഭാവനാശൂന്യതയും കലാ ദാരിദ്ര്യവും മാത്രമല്ല പിന്തിരിപ്പൻ ആശയങ്ങൾ കൊണ്ടും അമ്പരപ്പിക്കുന്നതെന്ന് ഇടതു നിരീക്ഷകൻ പ്രമോദ് പുഴങ്കര. പു ക സ രൂപീകരണത്തിൻ്റെ ചരിത്ര പശ്ചാത്തലങ്ങൾ അവതരിപ്പിക്കുന്ന കുറിപ്പിൽ പു ക സ നേരിടുന്ന ജീർണത ഇടതുപക്ഷ രാഷ്ട്രീയത്തിന് വന്ന നിലപാട് ജീർണത തന്നെയെന്ന് അടിവരയിട്ട് പറയുന്നു.
……………..
പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മറ്റി നിർമ്മിച്ചിറക്കിയ ‘ഒരു തീണ്ടാപ്പാടകലെ’ എന്ന കോവിഡ് Break the Chain ‘ എന്ന short film അതിന്റെ ഭാവനാശൂന്യമായ കലാദാരിദ്ര്യം കൊണ്ടുമാത്രമല്ല അതിൽ നിറഞ്ഞുനിൽക്കുന്ന പ്രതിലോമകരവും പിന്തിരിപ്പനുമായ ആശയസൂചനകൾക്കൊണ്ടും നമ്മെ അമ്പരപ്പിക്കുന്നുണ്ട്. പൂണൂലിട്ട തിരുമേനി, എന്തിനാണ് ‘തിരുമേനി’ ഇപ്പോഴും തീണ്ടാപ്പാട് എന്ന അയ്യപ്പൻ്റെ ചോദ്യത്തിന് കൊറോണയ്ക്കാണ് ഈ ജാതിരഹിത തീണ്ടാപ്പാട് എന്ന തരത്തിൽ മറുപടി നൽകുന്ന ചിത്രത്തിൽ ഒടുവിൽ ‘പൂജാരി തിരുമേനി’ ശുദ്ധം പോകാതെ എറിയുന്ന ഇലയിൽ mask ആണുള്ളത്. കൗസല്യാ സുപ്രഭാതത്തിൽ തുടങ്ങിയൊടുങ്ങുന്നു പശ്ചാത്തല സംഗീതം. പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം ഏതോ വായനശാലയിൽ നിന്നും ഇറങ്ങിപ്പോയി ആത്മഹത്യ ചെയ്തിരിക്കും. ബ്രാഹ്മണ്യ, സവർണ, ജന്മി വ്യവസ്ഥയുടെ സകല ചിഹ്നങ്ങളേയും സമ്പൂർണ ബഹുമാനത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുരോഗമന കവി രാവുണ്ണിയാണ് ഒരു തിരുമേനി എന്നത് പ്രാസമൊപ്പിച്ചൊരു കവിതയ്ക്ക് വിഷയമാകട്ടെ.
കാലത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയത്തിൽ നിന്നും അതിന്റെ സമരങ്ങളിൽ നിന്നും സംത്രാസങ്ങളിൽ നിന്നും മാറിനിന്നുള്ള കലയ്ക്ക് ചരിത്രത്തിന്റെ മുന്നോട്ടുപോക്കിന്റെ വേഗത കൂട്ടാനുള്ള ഇന്ധനമാകാൻ കഴിയില്ലെന്നും അതിനു വിപ്ലവമുന്നേറ്റങ്ങളുടെയും അതിനു കാരണമായ സാമൂഹ്യജീവിത രാഷ്ട്രീയത്തിന്റെയും ആശയം നിറയുന്ന കല ഉണ്ടാകണമെന്നുമുള്ള കാഴ്ചപ്പാടിൽ നിന്നാണ് ഇന്ത്യയിൽ പുരോഗമന സാഹിത്യ പ്രസ്ഥാനം ഉണ്ടാകുന്നത്. 1936-ൽ ലക്നൗവിൽ Progressive Writers Association രൂപം കൊള്ളുന്നത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. അത് തീർത്തും രാജ്യത്തെയും ആഗോള തലത്തിലുമുള്ള രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള ചരിത്രപരമായ രാഷ്ട്രീയ പ്രതികരണം കൂടിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് നഗറിൽ വെച്ചുതന്നെ PWA രൂപം കൊണ്ടത്. കോൺഗ്രസിലും ഇടതുപക്ഷധാര ശക്തിപ്പെട്ടു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടു. പിന്നീട് കിസാൻ സഭയായി മാറിയ All India Kisan Congress ലക്‌നൗവിൽ തന്നെ രൂപമെടുത്തു. ദേശീയതലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പല കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെയും ഒന്നിച്ചുകൊണ്ടുവന്നു.
മുൻഷി പ്രേംചന്ദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന സജ്ജാദ് സഹീർ സംസാരിച്ചത് പോരാടുന്ന തൊഴിലാളി വർഗബോധത്തിൽ അധിഷ്ഠിതമായ ഒരു പുതിയ നാഗരികതയുടെ നിർമ്മാണത്തിനെക്കുറിച്ചാണ്.
ആഗോള ഫാഷിസ്റ്റ് ഭീഷണിയുടെ കാലത്തും ഈ നിലപാട് ശക്തമായി തുടർന്നു. ഇക്കാലത്ത് തന്നെയാണ് IPTA-യും ഉണ്ടാകുന്നത്. ഇന്ത്യയിലെമ്പാടും ദേശീയ വിമോചന സമരത്തിന്റെ ഭാഗമായി കലാസാഹിത്യരംഗത്തും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ ഏറ്റെടുക്കുന്ന തരത്തിൽ നാടുവാഴിത്ത പ്രവണതകളിൽ നിന്നും ‘classical’ എന്ന് വിളിക്കുന്ന കലാരൂപങ്ങളെ കൂടുതൽ ജനാധിപത്യപരമായ ഒരു മണ്ഡലത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ വലിയ തോതിൽ പിന്നീട് നടന്നതും ഇതിന്റെ തുടർച്ചയായാണ്.
1936-ൽത്തന്നെ ജൂണിൽ ലണ്ടനിൽ നടന്ന അന്താരാഷ്‌ട്ര സമ്മേളനത്തിലേക്ക് PWA-യുടെ മാനിഫെസ്റ്റോ ഒപ്പിട്ടയച്ചുകൊടുത്തവരിൽ ജവഹർലാൽ നെഹ്‌റു, രബീന്ദ്രനാഥ ടാഗോർ, പ്രേംചന്ദ്, മുൽക്ക് രാജ് ആനന്ദ്, നന്ദലാൽ ബോസ് എന്നിങ്ങനെ നിരവധിപേരുണ്ടായിരുന്നു. അതായത് സാഹിത്യവും കലയും ഒരു രാഷ്ട്രീയ ഉപകരണമാണെന്നും അതിനു പുരോഗമനപരവും പ്രതിലോമകരവുമായ ദ്വന്ദ സാധ്യതകളുണ്ടെന്നും ആ വൈരുദ്ധ്യമുണ്ടാക്കുന്ന സമരത്തിൽ അണിചേരുക എന്നത് ഒഴിച്ചുകൂടാനാകാത്ത ഒരു സാഹിത്യ നിലപാടാണെന്നും അന്നത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ ധാരയായിരുന്നു എന്നർത്ഥം.
കേരളത്തിലും തകഴിയുടെ രണ്ടിടങ്ങഴി, തോട്ടിയുടെ മകൻ, കേശവദേവിന്റെ ഓടയിൽ നിന്ന് തുടങ്ങിയ കൃതികൾ ഇതിന്റെ ഭാഗമായിരുന്നു. പൊൻകുന്നം വർക്കിയെപോലുള്ള എഴുത്തുകാരും അങ്ങനെയാണ് ഉണ്ടായത്. പിൽക്കാലത്ത് ഇതിൽപ്പലരും, ദേശീയതലത്തിൽത്തന്നെ പലരും ഇതിന്റെ സംഘടനാധാരയിൽ നിന്നും മാറിപ്പോയെങ്കിലും ഈ വിമോചനമൂല്യങ്ങളുടെ തുടർച്ച അവസാനിച്ചില്ല. കല കലയ്ക്കുവേണ്ടി, കല ജീവിതം തന്നെ തുടങ്ങിയ സംവാദങ്ങളും, രൂപഭദ്രന്മാരുമായുള്ള തർക്കങ്ങളുമൊക്കെയായി ഇത് മലയാള സാഹിത്യത്തിൽ രാഷ്ട്രീയസംവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു.
ക്രമേണ ദേശീയതലത്തിൽ ഇത് ദുർബലമായപ്പോഴാണ് സംസ്ഥാനങ്ങളിൽ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളായി ഇവ വീണ്ടും രൂപം കൊണ്ടത്. അങ്ങനെ 1985-ൽ പുരോഗമന കലാ സാഹിത്യസംഘവും ഉണ്ടായി. അതിന്റെ ചരിത്ര വേരുകൾ 1936-ലെ ലക്‌നൗവിൽ തന്നെയാണ്. ഒറ്റപ്പാലം സമ്മേളനവും പെരുമ്പാവൂർ രേഖയുമൊക്കെയായി പു ക സ അതിന്റെ നിലപാടുകളെ പുതുക്കിപ്പണിതു കൊണ്ടിരുന്നു. എന്നാൽ ആത്യന്തികമായി ലക്നൗ മാനിഫെസ്റ്റോ അതിന്റെ അന്നത്തെ സാഹചര്യത്തിൽ ഉണ്ടായിരുന്ന നിലപാട് ദൗർബല്യങ്ങളെ മാറ്റിവെച്ചുകൊണ്ടുതന്നെ
പു ക സയുടെ രാഷ്ട്രീയ ജനിതക രേഖയായി തർക്കമില്ലാത്ത തുടരേണ്ടതാണ്. ഒരു തീണ്ടാപ്പാടകലെ നിർമ്മിച്ച പു ക സ ഈ രാഷ്ട്രീയവുമായി എത്ര തീണ്ടാപ്പാടകലെയാണ് എന്നത് നമ്മെ അമ്പരപ്പിക്കേണ്ടതുണ്ട്.
എന്നാൽ സ്തുതിപാഠകരും ഭാവനാദരിദ്രമായ രാഷ്ട്രീയ സാഹിത്യ ധാരണകളെ ഭൂതകാലക്കുളിരുകൊണ്ടു പകരം വെക്കുന്നവരുമായ അധോമുഖവാമനന്മാരായ നേതൃത്വവും മാത്രമല്ല ഈ പതനത്തിനു കാരണം. അത് പു ക സയുടെ രാഷ്ട്രീയത്തെ മുന്നോട്ടുനയിക്കേണ്ട പൊതു ഇടതു രാഷ്ട്രീയത്തിന് വന്ന നിലപാട്‌ ജീർണത കൂടിയാണ്. തിരുമേനിയും പൂണൂലും അമ്പലവും പഴയ ‘പുലയനയ്യപ്പനും’ ഒക്കെ വേണ്ടിവന്നു കേരള മാതൃകയുടെ Break the Chain സന്ദേശം നൽകാൻ പു ക സ പോലൊരു സംഘത്തിന് എന്നറിയുമ്പോൾ ആഗോള ഫാഷിസത്തെ ചെറുക്കാൻ പേനയെടുത്ത രാഷ്ട്രീയത്തിന് ഹിന്ദുത്വ രാഷ്രീയത്തെ ചെറുക്കുമ്പോൾ പൂണൂലിട്ടു കൊടുത്ത പു ക സയിലെ സാഹിത്യ മുൻഷിമാർക്ക് ചെങ്കൊടിയിൽ പൊതിഞ്ഞ പ്രസാദം ശുദ്ധം മാറാതെ കൊടുക്കൂ. ശേഷം വാരവും ഊട്ടും ഉണ്ടായിരിക്കും. ഉണ്ടേ പോകാവൂ.