കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയിൽ ഉത്കണ്ഠകൾ പങ്കുവെച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ഇന്നുള്ളതിൻ്റെ മൂന്നിരട്ടി ടെസ്റ്റുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ലോക്ക് ഡൗൺ നീളുന്നത് സമ്പദ് വ്യവസ്ഥയുടെ സമ്പൂർണമായ തകർച്ചക്കിടയാക്കും എന്ന മുന്നറിയിപ്പും നൽകി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള വീഡിയോ ചർച്ചയിലാണ് ലോകത്തെ സാമ്പത്തിക വിദഗ്ധരിൽ ശ്രദ്ധേയനായ രഘുറാം രാജൻ്റെ അഭിപ്രായ പ്രകടനം.
പൊതുരംഗത്തെ ഉന്നത വ്യക്തിത്വങ്ങളുമായി രാഹുൽ ഗാന്ധി നടത്തുന്ന തുടർ ചർച്ചകളിൽ ആദ്യത്തേതാണ് രഘുറാം രാജനുമായുള്ളത്. രാജ്യത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും പുനരുജ്ജീവന സാധ്യതകളെപ്പറ്റിയുമാണ് വീഡിയോ ചർച്ചയിൽ ഇരുവരും അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നത്.
രണ്ടാമത്തെയോ മൂന്നാമത്തെയോ ലോക്ക് ഡൗണോടെ സമ്പദ് വ്യവസ്ഥ തകർന്നടിയുമെന്ന് രഘുറാം രാജൻ പറയുന്നു. നമ്മുടെ വിശ്വാസ്യതയ്ക്ക് ഭംഗം വന്നേക്കാം. നൂറു ശതമാനം വിജയം ലക്ഷ്യം വെയ്ക്കണമെന്നില്ല. അത് അസാധ്യവുമാണ്. സമ്പദ് വ്യവസ്ഥ വീണ്ടും തുറന്നേ തീരൂ.
കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ മടങ്ങിവരവിൻ്റെ ആദ്യ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ രാഹുൽ ഗാന്ധിയുടെ നീക്കത്തെ കാണുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി രൂപം കൊടുത്ത ഉപദേശക സമിതിയിലും രാഹുൽ ഗാന്ധി അംഗമാണ്. പ്രസിഡണ്ട് സ്ഥാനത്തു നിന്നും രാജിവെച്ചതിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി ഒരു ഉന്നതതല സമിതിയിൽ അംഗമാകുന്നത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു കീഴിലുള്ള സമിതിയിൽ രാഹുൽ ഗാന്ധിയെ കൂടാതെ രൺദീപ് സിങ്ങ് സുർജെവാല, കെ സി വേണുഗോപാൽ, പി ചിദംബരം, മനീഷ് തിവാരി, ജയ്റാം രമേഷ്, പ്രവീൺ ചക്രവർത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ഷ്റിനാതേ, രോഹൻ ഗുപ്ത എന്നിവരാണ് ഉള്ളത്.