in ,

“ങ്ങള് ഫുട്ബാളും ക്രിക്കറ്റും ഒക്കെ വലുതായി കൊടുത്തോളി. ന്നാലും ചെസ്സിന് ഒരു സിംഗിൾ കോളം നീക്കി വെച്ച് സഹായിക്കണം, ട്ടോ”  

മികച്ച ചെസ്സ് സംഘാടകനും ലോക ചെസ്സ് ഫെഡറേഷൻ മുൻ വൈസ് പ്രസിഡന്റുമായ പി ടി ഉമ്മർകോയയെ അനുസ്മരിച്ച് രവിമേനോൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്. ലോകം കണ്ട എക്കാലത്തെയും മികച്ച ചെസ്സ് പ്രതിഭ വിശ്വനാഥൻ ആനന്ദുമായി നടത്തിയ ഒരു കൂടിക്കാഴ്ചയുടെ ഹൃദ്യമായ ഓർമകളും ഇതിലുണ്ട്. 1987 ആണ് വർഷം. ലോകചാമ്പ്യൻ ആയിട്ടില്ലാത്ത, ഗ്രാൻഡ് മാസ്റ്റർ പോലുമല്ലാത്ത ആനന്ദ് കോഴിക്കോട് കളിക്കാൻ എത്തിയതായിരുന്നു. അന്ന് കേരളകൗമുദി റിപ്പോർട്ടർ ആയിരുന്നു രവിമേനോൻ.  അഖിലേന്ത്യാ ചെസ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഉമ്മർകോയയാണ് ആ കൂടിക്കാഴ്ചക്ക് മുൻകൈയെടുത്തത്. 

രവിമേനോന്റെ ഹൃദ്യമായ കുറിപ്പ് പൂർണരൂപത്തിൽ  വായിക്കാം… 

ഉമ്മർകോയയും ആനന്ദും പിന്നെ ഞാനും

വെളുത്തു തുടുത്ത മുഖവും ഗ്ലാക്സോ ബേബി ലുക്കുമുള്ള ഒരു പതിനെട്ടുകാരൻ. കൂട്ടിന് ഗൗരവക്കാരനായ അച്ഛനും സദാ ചിരിക്കുന്ന അമ്മയും.

തുടക്കക്കാരനും നാണംകുണുങ്ങിയുമായ പത്രലേഖകനെ സുന്ദരകുമാരന് പരിചയപ്പെടുത്തിക്കൊണ്ട് പി ടി ഉമ്മർകോയ പറഞ്ഞു: “ഹി ഈസ് എ ലോക്കൽ സ്പോർട്സ് റിപ്പോർട്ടർ. ആൻഡ് എ ഗ്രേറ്റ് ഫാൻ ഓഫ് ചെസ്സ്.”

വിശേഷണം അൽപ്പം കടുത്തുപോയോ എന്ന് സംശയം. ബോബി ഫിഷർ — ബോറിസ് സ്പാസ്കി പോരാട്ടത്തിന് ശേഷം ചെസ്സ് വാർത്തകൾ കൗതുകത്തോടെ വായിക്കാറുണ്ടെന്നല്ലാതെ അന്നുവരെ ഒരു ചെസ്സ് മത്സരവും നേരിൽ കണ്ടിട്ടില്ല. ക്ഷമയില്ലാത്തതാണ് കാരണം. ഒരു ചെസ്സ് കളിക്കാരനെയും ഇന്റർവ്യൂ ചെയ്തിട്ടുമില്ല. എന്നിട്ടും പതിവ് തെറ്റിച്ച്‌ ഒരു ചെസ്സ് താരത്തെ നേരിൽ കണ്ടു സംസാരിക്കാൻ കോഴിക്കോട്ടെ ഇൻഡോർ സ്റ്റേഡിയത്തിൽ ചെന്നത് ഉമ്മർകോയയുടെ നിർബന്ധം ഒന്നുകൊണ്ടു മാത്രം. “ങ്ങക്ക് സങ്കടപ്പെടേണ്ടി വരില്ല. ഈ പയ്യൻ ചില്ലറക്കാരനല്ല. ലോക ചാമ്പ്യൻ വരെ ആകാൻ കോപ്പുള്ളവനാണ്..” കോയ പറഞ്ഞു.

ആ വാക്കുകൾക്ക്, ആ ദീർഘവീക്ഷണത്തിന് നന്ദി. ഇല്ലെങ്കിൽ ലോകം കണ്ട എക്കാലത്തെയും മഹാനായ ഒരു ചെസ്സ് താരത്തെ,ആ ചെറുപ്രായത്തിൽ നേരിൽ കണ്ടു സംസാരിക്കാനുള്ള അപൂർവ സൗഭാഗ്യം എന്നെ ഒഴിഞ്ഞുപോയേനേ. വിശ്വനാഥൻ ആനന്ദ് എന്നായിരുന്നു പയ്യന്റെ പേര്. റെയിൽവേ ഉദ്യോഗസ്ഥനായ കൃഷ്ണമൂർത്തി വിശ്വനാഥന്റെയും സുശീലയുടെയും മകൻ.
വർഷം 1987. അന്ന് ലോക ചാമ്പ്യൻ ആയിട്ടില്ല ആനന്ദ്; ഗ്രാൻഡ് മാസ്റ്റർ പോലുമല്ല. രണ്ടു വർഷം മുൻപ് നേടിയ ഇന്റർനാഷണൽ മാസ്റ്റർ പദവിയാണ് പ്രധാന കൈമുതൽ. പിന്നെ, ദിവസങ്ങൾ മാത്രം മുൻപ് ഫിലിപ്പീൻസിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ നേടിയ അട്ടിമറി വിജയവും. ഒരു കൂട്ടം യുവ ചെസ്സ് പ്രതിഭകളുമായി ഒരേ സമയം കളിക്കാൻ കോഴിക്കോട്ടെത്തിയിരിക്കുകയാണ് ആനന്ദ്. ആ വരവിന് പിന്നിലെ പ്രേരണ അന്ന് അഖിലേന്ത്യാ ചെസ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഉമ്മർകോയ തന്നെ.

സ്റ്റേഡിയത്തിന് മുകളിലെ ഓഫീസ് മുറിയുടെ ഒഴിഞ്ഞ കോണിലിരുന്ന് ആനന്ദുമായി സംസാരിക്കവേ വാതിലിനരികെ വന്ന് ചിലരൊക്കെ കൗതുകത്തോടെ എത്തിനോക്കി. മറ്റു ചിലർ തുറന്നിട്ട ജനാലയിലൂടെയും. ആരാധക ശല്യമില്ല; ഓട്ടോഗ്രാഫ് വേട്ടക്കാരില്ല. പരിചയമുള്ള ചിലർ ജനലിലൂടെ നോക്കി ആരാ എന്ന് ആംഗ്യഭാഷയിൽ ചോദിച്ചു. ഇന്നത്തെ പോലെ ചെസ്സ് താരങ്ങളുടെ മുഖങ്ങൾ മാധ്യമങ്ങളിൽ നിറയുന്ന കാലമല്ലല്ലോ. ലോക ജൂനിയർ ചാമ്പ്യനെങ്കിലും ആനന്ദിനെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞവർ അപൂർവം.

ചോദ്യങ്ങൾക്കെല്ലാം വിശദമായി മറുപടി പറഞ്ഞു ആനന്ദ്; ചില ചോദ്യങ്ങൾക്ക് അച്ഛനും. ഞാനും ഒപ്പമുണ്ടായിരുന്ന യുവ പത്രപ്രവർത്തകൻ ഉണ്ണി കെ വാര്യരും (അന്ന് വീക്ഷണത്തിൽ) ക്ഷമയോടെ എല്ലാം കുറിച്ചെടുത്തു. ഒരൊറ്റ ചോദ്യവും ഉത്തരവും മാത്രമുണ്ട് ഓർമ്മയിൽ . അന്നു കാലത്ത് കൗമുദി ഓഫീസിൽ തപാൽ വഴി വന്ന ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിൽ നിലവിലെ ലോക ചാമ്പ്യൻ ഗാരി കാസ്പറോവിന്റെ ഒരു ഇന്റർവ്യൂ വായിച്ചിരുന്നു. കാസ്പറോവ് ഇന്ത്യക്കാരനായ റിപ്പോർട്ടറോട് പറയുന്നു: “നിങ്ങളുടെ നാട്ടിൽ നിന്നൊരു പ്രതിഭാശാലിയായ യുവാവാണ് ലോക ജൂനിയർ ചാംപ്യൻഷിപ് നേടിയത് എന്നറിയാം. എനിക്ക് അയാളുമായി കളിക്കണം എന്നുണ്ട് …” .

കാസ്പറോവിന്റെ ആഗ്രഹം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആനന്ദ് ഞെട്ടിയോ എന്ന് സംശയം. “റിയലി? എനിക്ക് വിശ്വസിക്കാനാവുമില്ല. ഇപ്പോൾ നിങ്ങൾ പറയുമ്പോഴാണ് അക്കാര്യം അറിയുന്നത്. എന്നെങ്കിലുമൊരിക്കൽ ഗാരിയെ നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട് …” ആരാധനാ പാത്രത്തെ കാണുക മാത്രമല്ല, രണ്ടു വർഷത്തിനകം അദ്ദേഹവുമായി പൊരുതുകയും നാല് തവണ അദ്ദേഹത്തെ കീഴടക്കുകയും ചെയ്തു ആനന്ദ്. കാസ്പറോവ് — കാർപ്പോവ് സുവർണ്ണ കാലത്തിന്റെ അസ്തമനത്തിന് പിന്നാലെ, അലക്സി ഷിറോവിനെ തോൽപ്പിച്ച് 2000 ലാണ് ആനന്ദ് ലോക ചാമ്പ്യനായത്. ഐതിഹാസികമായ ഒരു ജൈത്രയാത്രയുടെ തുടക്കം.

ഏറെക്കുറെ സമാന്തരമായിരുന്നു സംഘാടക തലത്തിൽ ഉമ്മർകോയയുടെ ജൈത്രയാത്രയും. അതവസാനിച്ചത് ഒരു ആന്റി ക്ളൈമാക്സിൽ ആണെന്ന് മാത്രം. അഖിലേന്ത്യാ ചെസ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് സെക്രട്ടറിയും ഏഷ്യൻ ഫെഡറേഷന്റെ സോണൽ പ്രസിഡന്റും കോമൺവെൽത്ത് അസോസിയേഷന്റെ പ്രസിഡന്റും പിന്നെ അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റുമായി വളർന്നു അദ്ദേഹം. പിന്നെയെപ്പൊഴോ, ഒരു സുപ്രഭാതത്തിൽ വെള്ളിവെളിച്ചത്തിൽ നിന്ന് പാടേ അപ്രത്യക്ഷനാകുകയും ചെയ്തു. അൺ സെറിമോണിയസ് എക്സിറ്റ് എന്നൊക്കെ പറയും പോലെ..

അന്നന്നത്തെ പ്രാദേശിക ചെസ്സ് മത്സരങ്ങളുടെ റിപ്പോർട്ടുമായി പഴയൊരു സ്‌കൂട്ടറിൽ കേരളകൗമുദി ഓഫീസിന്റെ ഗേറ്റ് കടന്നുവരുന്ന ചുരുളൻ മുടിക്കാരനാണ് എന്റെ ഓർമ്മയിലെ ഉമ്മർകോയ. “ങ്ങള് ഫുട്ബാളും ക്രിക്കറ്റും ഒക്കെ വലുതായി കൊടുത്തോളി. ന്നാലും ചെസ്സിന് ഒരു സിംഗിൾ കോളം നീക്കി വെച്ച് സഹായിക്കണം ട്ടോ. ഇവിടത്തെ വലിയ പത്രങ്ങൾ ഒന്നും ഈ വാർത്ത കൊടുക്കില്ല. അവർക്കൊക്കെ പരസ്യത്തിന്റെ ഉത്സവമല്ലേ. നിങ്ങക്കാവുമ്പോ സ്ഥലം ഉണ്ടാവുമല്ലോ..” കണ്ണുചിമ്മി ചിരിച്ചുകൊണ്ട് കോയ പറയും…

ഒളിമങ്ങാത്ത ആ ചിരിയും ഉത്സാഹവും ഇനി ഓർമ്മ. “നിങ്ങളുടെ പാട്ടെഴുത്തുകളൊക്കെ നമ്മൾ വായിക്കുന്നുണ്ട് ട്ടോ. സന്തോഷം.”– അവസാനത്തെ ഫോൺ സംഭാഷണത്തിൽ ഉമ്മർകോയ പറഞ്ഞു. “ ന്നാലും ഇടക്കൊക്കെ സ്പോർട്സും എഴുതണം…മറക്കരുത്…”

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സംവിധായകൻ പ്രിയദർശനെ പരിഹസിച്ച് ദീപ നിശാന്ത് 

ചന്ദ്രനിലേക്കുള്ള യാത്രയില്‍ പങ്കാളിയെ തേടി കോടീശ്വരന്‍