Movie prime

വായിക്കുക, ലോകം കുറേക്കൂടി വിശാലമാകും

എ കെ ജിയുടെയും ചെറുകാടിൻ്റെയും ആത്മകഥാ ഭാഗങ്ങൾ ഫേസ് ബുക്കിൽ പങ്കുവെച്ച് ദീപാ നിശാന്ത്. ഓർമക്കുറിപ്പുകളിലും ആത്മകഥകളിലും സ്വന്തം ജീവിതത്തിലെ അപകടകരമായ അരികുകളൊക്കെ മുറിച്ചുമാറ്റി ‘ഏറ്റവും നല്ല’ വ്യക്തിയായി സ്വയം ഞെളിയുന്ന തന്ത്രം എ കെ ജി യുടെ ആത്മകഥയ്ക്കും ചെറുകാടിന്റെ ആത്മകഥയ്ക്കുമില്ലെന്ന് അവർ എഴുതുന്നു. ഒരേ സമയം വ്യക്തിയുടെയും സമൂഹത്തിൻ്റെയും കഥകളായി പരിണമിച്ച ആത്മകഥകളാണ് ജീവിതപ്പാതയും എൻ്റെ ജീവിതകഥയും.ഇടുങ്ങിയ പാരായണങ്ങൾ അസാധ്യമാക്കുംവിധം സാമൂഹിക വിസ്തൃതി അവയ്ക്കുണ്ടെന്നും അതാണവയുടെ മഹത്വമെന്നും അവർ അടിവരയിട്ട് പറയുന്നു. “ചില സുഹൃത്തുക്കൾ എന്റെ കഥ More
 

എ കെ ജിയുടെയും ചെറുകാടിൻ്റെയും ആത്മകഥാ ഭാഗങ്ങൾ ഫേസ് ബുക്കിൽ പങ്കുവെച്ച് ദീപാ നിശാന്ത്. ഓർമക്കുറിപ്പുകളിലും ആത്മകഥകളിലും സ്വന്തം ജീവിതത്തിലെ അപകടകരമായ അരികുകളൊക്കെ മുറിച്ചുമാറ്റി ‘ഏറ്റവും നല്ല’ വ്യക്തിയായി സ്വയം ഞെളിയുന്ന തന്ത്രം എ കെ ജി യുടെ ആത്മകഥയ്ക്കും ചെറുകാടിന്റെ ആത്മകഥയ്ക്കുമില്ലെന്ന് അവർ എഴുതുന്നു. ഒരേ സമയം വ്യക്തിയുടെയും സമൂഹത്തിൻ്റെയും കഥകളായി പരിണമിച്ച ആത്മകഥകളാണ് ജീവിതപ്പാതയും എൻ്റെ ജീവിതകഥയും.ഇടുങ്ങിയ പാരായണങ്ങൾ അസാധ്യമാക്കുംവിധം സാമൂഹിക വിസ്തൃതി അവയ്ക്കുണ്ടെന്നും അതാണവയുടെ മഹത്വമെന്നും അവർ അടിവരയിട്ട് പറയുന്നു.

“ചില സുഹൃത്തുക്കൾ എന്റെ കഥ പറയണമെന്നു പറയുന്നു…
എനിക്കു മാത്രമായി ഒരു കഥയുണ്ടോ?ഒരാൾക്കു മാത്രമായി ഒരു കഥയില്ലെന്നാണ് എന്റെ അഭിപ്രായം. ജനിച്ചു വളർന്ന നാടും അവിടെയുള്ള ജനതയുമായി ബന്ധപ്പെട്ടതാണ് ഓരോ ആളുടേയും കഥ .ഓരോ ജീവിതവും ഓരോ കഥയാണ്. ആ നിലയ്ക്ക് എനിക്കുമുണ്ട് ഒരു ജീവിതം. അതുകൊണ്ട് എന്റെ ജീവിതവും കഥയാണ്… ” – ജീവിതപ്പാത-ചെറുകാട്

“ഐശ്വര്യപൂർണമായ ജീവിതം എന്റെ നാട്ടിലെ എന്റെ സഹോദരങ്ങൾക്ക് ഉണ്ടാകുന്നതിനായുള്ള സമരത്തിൽ അവരോടൊത്ത് കഴിഞ്ഞകാലത്ത് ഞാൻ നിന്നു. ഇനിയുള്ള കാലത്തും അവരോടൊത്ത് കൂടുതൽ കരുത്തോടെ മുന്നണിപ്പടയാളിയാകാൻ ഞാനാഗ്രഹിക്കുന്നു. ഈ സമരത്തിൽ വൃദ്ധനായ ഞാൻ കാലിടറി വീണെന്നു വരും. ലക്ഷ്യത്തിലെത്താൻ എനിക്ക് കഴിഞ്ഞില്ലെന്നു വരും. പക്ഷേ എന്റെ സഖാക്കൾ എന്റെ മാർഗത്തിൽ കൂടുതൽ ആവേശത്തോടെ മുന്നേറുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യും. ഭാരതത്തിൽ ദരിദ്രരുടേയും ഭാരം ചുമക്കുന്നവരുടേയും കഷ്ടപ്പെടുന്ന എല്ലാ ഇടത്തരക്കാരന്റേയും വസന്തകാലം വിരിയും. ആ വസന്തത്തിന്റെ പിറവി കാണാൻ അതിനായി ആഗ്രഹിക്കുന്ന എനിക്ക് അതിന് കഴിഞ്ഞില്ലെങ്കിലും ദുഃഖമുണ്ടാവില്ല. കാരണം എന്റെ സഖാക്കൾക്ക് അത് കാണാൻ കഴിയും. അത് നിശ്ചയമാണ്. ” – എന്റെ ജീവിതകഥ-എ കെ ഗോപാലൻ

മുകളിൽ കൊടുത്തിട്ടുള്ള ഭാഗങ്ങൾ കേരളീയപൊതുമണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഏകദേശം സമാനകാലഘട്ടത്തിൽത്തന്നെ പുറത്തിറങ്ങിയ രണ്ട് ആത്മകഥയിലെ ഭാഗങ്ങളാണ്. ആദ്യത്തേത് തന്റെ ആത്മകഥയ്ക്ക് ആമുഖമായി ചെറുകാടെഴുതിയ വരികളാണ്. രണ്ടാമത്തേത് എ കെ ജി യുടെ ആത്മകഥയിലെ അവസാന വരികളാണ്…

ഈ വരികളിവിടെ കൊടുത്തത് മറ്റൊന്നിനുമല്ല. ചിലർ സ്വന്തം കഥയെഴുതും. അലസവായനയുടെ സുഖാലസ്യം അവ വായനക്കാർക്ക് നൽകും. മറ്റു ചിലർ കാലത്തിന്റെ കഥയെഴുതും. അവർക്കു മാത്രമായി ഒരു കഥ പറയാനുണ്ടാകില്ല. ഒരേസമയം തന്നെ അവരുടെ കഥ വ്യക്തിയുടേയും നാടിന്റേയും കഥയായി പരിണമിക്കും. അങ്ങനെ പരിണമിച്ച രണ്ട് ആത്മകഥകളാണ് ചെറുകാടിന്റെ ‘ജീവിതപ്പാത’ യും എ കെ ജി യുടെ ‘എന്റെ ജീവിതകഥ’ യും.

സമൂഹവുമായി തന്മയീഭവിച്ചുകൊണ്ട് വ്യക്തി നടത്തുന്ന ധീരസമരങ്ങൾക്ക് താൽക്കാലികമായി തിരിച്ചടി നേരിടേണ്ടി വന്നാലും ആ സമരങ്ങൾക്ക് തുടർച്ചയുണ്ടാകുമെന്നും വരുംകാല വിജയങ്ങൾ തങ്ങളുടേതു കൂടിയാണെന്നുമുള്ള സമഷ്ടിവാദത്തിന്റെ ആശയപരിസരം മേൽപ്പറഞ്ഞ രണ്ട് ആത്മകഥകൾക്കുമുണ്ട്. ആത്മകഥയെന്നാൽ ബാല്യം മുതൽ അതെഴുതുന്ന കാലം വരെയുള്ള സ്വജീവിതാവതരണമാണെന്ന കാഴ്ചപ്പാട് അവയിലില്ല. അവയിൽ അന്നത്തെ രാഷ്ട്രീയമുണ്ട്. ഇരമ്പുന്ന തെരുവുകളുണ്ട്. ‘നാടോടുമ്പോൾ നടുവേ ഓടുന്നവന്റെ’കഥകളാണ് അവ രണ്ടും.

രണ്ട് കൃതികൾക്കും സമാനതകൾ ഏറെയുണ്ട്. സ്ത്രീകളെപ്പറ്റിയുള്ള പരാമർശങ്ങളിൽ എ കെ ജിയും ചെറുകാടും സ്വീകരിച്ചിട്ടുള്ള ഔചിത്യബോധവും ബഹുമാനവുമാണ് അവയിൽ പ്രധാനം. മലയാളത്തിൽ ഒരെഴുത്തുകാരനും ഇത്രയ്ക്ക് സ്ത്രീപക്ഷപാതിയായിട്ടില്ലെന്നു പറയാൻ പറ്റും വിധമാണ് അവർ പെണ്ണുങ്ങളെ വരച്ചിട്ടിരിക്കുന്നത്. ആ കാലഘട്ടത്തിൽ അത്തരമൊരു സമീപനം തീർത്തും അഭിനന്ദനീയമാണ്.

‘വേലക്കാരിക്ക് കൊടുക്കാൻ പണമില്ലാത്തതു കൊണ്ട് ഞാനങ്ങ് കല്യാണം കഴിച്ചു’ എന്ന ബഷീറിയൻ ഫലിതം അവർക്കു വഴങ്ങില്ല.

ചെറുകാടിന്റെ ആത്മകഥയിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗങ്ങൾ ഭാര്യ ലക്ഷ്മിക്കുട്ടി പിഷാരസ്യാര്യം ചെറുകാടും തമ്മിലുള്ള ബന്ധത്തെപ്പറ്റി- അതിന്റെ ഗതിവിഗതികളെപ്പറ്റി പറയുന്ന ഭാഗങ്ങളാണ്. നൂറുശതമാനം സത്യസന്ധതയോടെ സ്വന്തം ജീവിതത്തെ സമീപിക്കുന്ന ഒരാൾക്കു മാത്രം കഴിയുംവിധത്തിൽ ആ ഭാഗങ്ങളിൽ ചെറുകാട് ഈഗോയില്ലാത്ത ഒരു വെറും മനുഷ്യനായി മാറുന്നു. ലക്ഷ്മിക്കുട്ടി പിഷാരസ്യാർ എന്ന കരുത്തയായ സ്ത്രീക്കു മുന്നിൽ പൗരുഷത്തിന്റെ മുഖാവരണങ്ങളഴിച്ചു മാറ്റി മുട്ടുകുത്തുന്ന ചെറുകാടിനെ അവിടെ നമുക്കു കാണാം. ലക്ഷ്മിക്കുട്ടി പിഷാരസ്യാരെ വരച്ചിടുന്നതിൽ പൂച്ച പുലിയാകും മട്ടിലൊരു ‘മെറ്റമോർഫസിസ് ‘ വായനക്കാരനെ അത്ഭുതപ്പെടുത്തും.

‘കുടുംബ’ത്തിൽ നിന്ന് ‘സമൂഹ’ത്തിലേക്കുള്ള വ്യക്തിയുടെ വളർച്ചയുടെ സൂക്ഷ്മരാഷ്ട്രീയം ലക്ഷ്മിക്കുട്ടി പിഷാരസ്യാർ എന്ന വ്യക്തിയുടെ അവതരണത്തിൽ പ്രകടമാണ്. പ്രത്യയശാസ്ത്രം കാണാപ്പാഠം പഠിച്ചിട്ടല്ല ജനങ്ങൾ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് ആ ജീവിതം സാക്ഷ്യപ്പെടുത്തും. മനുഷ്യത്വത്തിൻ്റെ മൗലികപ്രമാണങ്ങളിൽ ആകൃഷ്ടയായി അഭിമാനിനിയായ – കരുത്തയായ – ഒരു പെണ്ണ് വർഗബോധമുള്ള പെണ്ണായി എങ്ങനെ മാറുന്നുവെന്ന് ‘ജീവിതപ്പാത’ നമ്മെ പഠിപ്പിക്കും. ജോലി പോകാതിരിക്കാൻ ചെറുകാടുമായി യാതൊരു ബന്ധവുമില്ലെന്ന് എഴുതിക്കൊടുക്കാനാവശ്യപ്പെടുന്ന പോലീസുദ്യോഗസ്ഥനോട്, “അങ്ങനെ എഴുതിത്തന്ന് നിലനിർത്തേണ്ട ഈ ജോലി എനിക്കു വേണ്ട. ഞാൻ മറ്റു വല്ല പണിയും ചെയ്ത് ജീവിച്ചോളാം” എന്ന് പറയാൻ കഴിയുന്നത് ആ വർഗ്ഗബോധത്തിന്റെ കരുത്തു കൊണ്ടാണ്.

‘ജീവിതപ്പാത’ യെ അപേക്ഷിച്ച് എ കെ ജിയുടെ ആത്മകഥയ്ക്ക് വായനാസുഖം കുറവായിരിക്കും. അത് കുറേക്കൂടി വസ്തുനിഷ്ഠസ്വഭാവം ഉൾപ്പേറുന്നതാണ്. ആലങ്കാരികതകളൊന്നും ഭാഷയിലില്ല. രാഷ്ട്രീയനേതാവ് എന്ന പോലെ തന്നെ എഴുത്തുകാരൻ എന്ന നിലയിലും ലബ്ധപ്രതിഷ്ഠനായ ചെറുകാടിന്റെ കൈവഴക്കവും പദപ്രയോഗചാതുര്യവും എ കെ ജിയുടെ ആത്മകഥയിൽ പ്രതീക്ഷിക്കാനാകില്ല. പക്ഷേ അതൊരു സമരചരിത്രമാണ്. ഒരു സമരത്തിന്റെയല്ല. പല സമരങ്ങളുടേയും ചരിത്രമാണ്. അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങളിലേക്കാണ് ആ കൃതി ഉടനീളം വിരൽ ചൂണ്ടുന്നത്. അപൂർവ്വമായി മാത്രമേ വ്യക്തിപരമായ കാര്യങ്ങൾ അദ്ദേഹം കുറിച്ചിട്ടിട്ടുള്ളൂ. തന്റെ ആദ്യവിവാഹത്തെപ്പറ്റി അദ്ദേഹമതിൽ പറയുന്നുണ്ട്. അതിങ്ങനെയാണ്-

“രാഷ്ട്രീയസമരത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ഞാൻ വിവാഹിതനായത്. അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ഞാനത് സമ്മതിച്ചതായിരുന്നു. ആചാരമനുസരിച്ച് അദ്ദേഹത്തിന്റെ മരുമകളെ ഞാൻ വിവാഹം കഴിച്ചു. വളരെ പരിമിതമായ സമ്പർക്കമേ എനിക്ക് ഭാര്യയുമായി ഉണ്ടായുള്ളൂ. വിവാഹത്തിനു ശേഷം ഞാൻ ജയിലിലോ സത്യഗ്രഹപ്രസ്ഥാനത്തിലോ ആയിരുന്നു. കുടുംബവുമായുള്ള ബന്ധം വേർപെടുത്തുക. വിവാഹം കഴിക്കാതിരിക്കുക – ഇവയാണ് ഒരു വിപ്ലവകാരിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഞാൻ വിശ്വസിച്ചു. ഇതൊരു തെറ്റായ ധാരണയാണെന്ന് ഞാൻ പിന്നീടാണ് പഠിച്ചത്. കുടുംബാംഗങ്ങളുമായും ഭാര്യയുമായും സഹകരിക്കാതെ ഒരു വിപ്ലവകാരിയാകാൻ ഞാൻ ശ്രമിച്ചു. എന്റെ കുടുംബാംഗങ്ങൾക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യാനോ അവരെ എന്റെ തത്വചിന്തയിലേക്ക് അടുപ്പിക്കാനോ ഞാൻ പ്രയത്നിച്ചില്ല. ഞാൻ ജയിലിൽ പോയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ദേശീയബോധം പരത്തുകയും നാട്ടിലുടനീളം മാമൂലിനോട് ശത്രുതാമനോഭാവം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എനിക്ക് ഏറ്റവും അടുത്തവരായ ഭാര്യയിലും കുടുംബാംഗങ്ങളിലും ആ ചിന്ത ഉണ്ടാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു… ക്ഷേത്രപ്രവേശന സത്യഗ്രഹത്തോടെ അച്ഛന്റെയും കുടുംബത്തിലെ ആളുകളുടെയും എതിർപ്പ് മൂർധന്യത്തിലെത്തി. എന്റെ ഭാര്യയ്ക്ക് വീട്ടിൽ നിന്ദ സഹിക്കേണ്ടി വന്നു. അവൾ എന്നെ അനുഗമിക്കാനാഗ്രഹിച്ചു. എന്നോടുള്ള സ്നേഹമാണോ രാജ്യസ്നേഹമാണോ അതിനവളെ പ്രേരിപ്പിച്ചതെന്ന് എനിക്ക് നിശ്ചയമില്ല… എന്റെ കൂടെ ജീവിക്കുന്നതിന്റെ പ്രയാസങ്ങൾ ഞാനവളോട് വിശദമായി പറഞ്ഞു. അതെല്ലാം സഹിക്കാൻ സന്നദ്ധയാണെന്ന് അവൾ ഉറപ്പു പറഞ്ഞു. ഞാനവളെ കേളപ്പന്റെ ഹരിജനാശ്രമമായ പാക്കനാർപുരത്തേക്ക് കൊണ്ടുപോയി അവിടെ താമസിപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം ഞാൻ കോഴിക്കോട്ടേക്ക് തിരിച്ചു. ഈ സൗകര്യം ഉപയോഗപ്പെടുത്തി, അവളുടെ അമ്മാവൻ ആശ്രമത്തിൽ വന്ന്, അവളുടെ അച്ഛൻ മരിച്ചതായി കള്ളം പറഞ്ഞ് അവളെ കൂട്ടിക്കൊണ്ടുപോയി. അവരവളെ വീട്ടിൽ അടച്ചിട്ടു… രാഷ്ട്രീയമായി വേണ്ടത്ര അറിവില്ലാത്ത എന്റെ ഭാര്യയെ കാര്യം പറഞ്ഞ് മനസ്സിലാക്കാമെന്ന് ഞാൻ വിചാരിച്ചു. ഞാൻ പരാജയപ്പെട്ടു… അവളെന്നോട് മിണ്ടിയില്ല. എനിക്കവളെ കാണാൻ പോലും കഴിഞ്ഞില്ല. അവളെന്നെ സ്നേഹിച്ചിരുന്നു എന്നെനിക്കറിയാം. പക്ഷേ ആചാരങ്ങളെ എതിർത്ത് എന്റെ കൂടെ വരാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു… അതവളുടെയല്ല, എന്റെ കുറ്റമാണ്…. നാലഞ്ചു വർഷക്കാലം അവൾ പുനർവിവാഹം ചെയ്തില്ല. പിന്നീടവൾ വിവാഹിതയായി. എനിക്കതിൽ സന്തോഷമുണ്ട്…”

ആദ്യവിവാഹത്തെപ്പറ്റി, അതിന്റെ പരാജയത്തെപ്പറ്റി ഇത്ര തെളിച്ചെഴുതിയിട്ടും അത് വായിച്ചവർ (വായിക്കാത്തവരുമാകാം) എ കെ ജി യെ ഭാര്യയെ ഉപേക്ഷിച്ച ക്രൂരനാക്കി… മറ്റു പലതുമാക്കി…

സുശീലാഗോപാലനുമായുള്ള ബന്ധത്തെപ്പറ്റി പറയുന്നത് പത്തൊമ്പതാം അധ്യായത്തിലാണ്. “നാട്ടിലെ വളർന്നു വരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് കൂടുതൽ മമത തോന്നി” എന്ന വാചകം ഏതൊക്കെ കോടതികളിൽ വിചാരണയ്ക്കിരയായി!

ഓർമക്കുറിപ്പുകളിലും ആത്മകഥകളിലും സ്വന്തം ജീവിതത്തിലെ അപകടകരമായ അരികുകളൊക്കെ മുറിച്ചുമാറ്റി ‘ഏറ്റവും നല്ല’ നമ്മളെ വെളിച്ചത്തിടും പോലൊരു തന്ത്രം എ കെ ജി യുടെ ആത്മകഥയ്ക്കും ചെറുകാടിന്റെ ആത്മകഥയ്ക്കുമില്ല. ഇടുങ്ങിയ പാരായണങ്ങൾ അസാധ്യമാക്കുംവിധം സാമൂഹികവിസ്തൃതി അവയ്ക്കുണ്ട്. അതാണവയുടെ മഹത്വവും.

വായിക്കുക, രണ്ടു പുസ്തകങ്ങളും… നമ്മുടെ ലോകവും കുറേക്കൂടി വിശാലമാകും.