in

റീബില്‍ഡ് കേരള: 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ (റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് – ആര്‍.കെ.ഐ) 1805 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ഇതില്‍ 807 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.

 • പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മ്മാണം – 300  കോടി
 • എട്ടുജില്ലകളില്‍ 603 കി.മീറ്റര്‍ പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മ്മാണം – 488 കോടി.
 • ബ്രഹ്മപുരത്ത് കടമ്പ്രയാര്‍ പുഴയ്ക്ക് മീതെ പാലം നിര്‍മ്മാണം – 30 കോടി ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ ഡിവൈസ് ടെക്നോളജിയും പ്രയോജനപ്പെടുത്താന്‍ – 20.8 കോടി.
 • വനങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാനും കണ്ടല്‍കാടുകളുടെ സംരക്ഷണത്തിനും വനാതിര്‍ത്തിക്കകത്ത് വരുന്ന സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനും – 130 കോടി.
 • കുടുംബശ്രീ മുഖേന ജീവനോപാധി പരിപാടികള്‍ നടപ്പാക്കുന്നതിന് – 250 കോടി
  കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും പമ്പ്സെറ്റുകള്‍ മാറ്റിവയ്ക്കുന്നതിനും  – 350 കോടി.
 • ഇടുക്കിക്കും വയനാടിനും പ്രത്യേക പരിഗണന നല്‍കി സംയോജിത കൃഷിയിലൂടെ ജീവനോപാധി മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കൃഷിവികസന പദ്ധതികള്‍ – 182.76 കോടി.
 • ജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോണ്‍ പദ്ധതി – 4.24 കോടി.
 • 70 വില്ലേജ് ഓഫീസുകളുടെ പനര്‍നിര്‍മാണത്തിനും 40 ഓഫീസുകളുടെ അറ്റകുറ്റപ്പണിക്കും – 35 കോടി.
 • ഫിഷറീസ് മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് 5.8 കോടി
 • ജൈവവൈവിധ്യ സംരക്ഷണ പദ്ധതികള്‍ക്ക് – 5 കോടി
 • എറണാകുളത്തും കണ്ണൂരിലും മൊബൈല്‍ ടെലി-വെറ്ററിനറി യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് – 2.21 കോടി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതിയോഗം റീബില്‍ഡ് കേരളയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നല്ല പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ പദ്ധതികളും കൂടുതല്‍ ജനകീയമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളും കേരളപുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി മാറണം
പുനര്‍നിര്‍മാണ പദ്ധതിക്ക് ലോകബാങ്കില്‍ നിന്ന് ആദ്യഗഡുവായി 1780 കോടി രൂപ (250 ദശലക്ഷം ഡോളര്‍) വായ്പയായി ലഭിച്ചിട്ടുണ്ട്. റോഡ് പുനര്‍നിര്‍മാണത്തിന്  ജര്‍മന്‍ ബാങ്കും വായ്പ നല്‍കാന്‍ തയ്യാറായിട്ടുണ്ട്.

ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള കേരളം നിര്‍മിക്കുക എന്ന ലക്ഷ്യമാണ് കേരള പുനര്‍നിര്‍മാണ വികസന പരിപാടി (ആര്‍.കെ.ഡി.പി) മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്ഷ്യം കൈവരിയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ പരിഷ്കരണം നടപ്പാക്കാനുള്ള കരട് നിര്‍ദ്ദേശങ്ങള്‍ ആര്‍കെ.ഐ തയ്യാറാക്കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ഉപദേശക സമിതി ചര്‍ച്ച ചെയ്തു.
കൃഷി, ഭൂമി വിനിയോഗം എന്നിവ ഉള്‍പ്പെടെ 12 മേഖലകളാണ് പരിഷ്കരണത്തിനായി ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. വിശദമായ പഠനം നടത്തുകയും വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും ചെയ് ശേഷം മേഖലാ പരിഷ്കരണം സംബന്ധിച്ച കരട് നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.

കരട് നിര്‍ദ്ദേശങ്ങള്‍

കൃഷി: കാര്‍ഷിക കാര്യങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുക. അഗ്രോ-ഇക്കോളജിക്കല്‍ മേഖലകള്‍ ഉണ്ടാക്കുകയും ദുരന്തങ്ങളില്‍ നശിച്ചുപോകാത്ത വിളകള്‍ വികസിപ്പിക്കുകയും ചെയ്യുക. കുട്ടനാട്ടിലും കോള്‍നിലങ്ങളിലും പരിസ്ഥിതി സൗഹൃദമായ സംയോജിത കൃഷിരീതികള്‍ വികസിപ്പിക്കുക.

ഭൂമി: ഭൂരേഖകള്‍ കൃത്യവും സുതാര്യവുമാക്കാനുള്ള പദ്ധതി നടപ്പാക്കുക. ഭൂരേഖ ഡിജിറ്റൈസ് ചെയ്യുക.

വനം വനം, തണ്ണീര്‍ത്തടം മുതലായവയുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രാദേശിക സമൂഹങ്ങളുടെ  പങ്കാളിത്തം ഉറപ്പാക്കുക. വനത്തിന്‍റെയും തണ്ണീര്‍ത്തടങ്ങളുടെയും പാരിസ്ഥിതിക സ്വഭാവം നിലനിര്‍ത്തുന്നതിന് പ്രാദേശിക സമൂഹങ്ങളുടെ ഇടപെടല്‍ ആവശ്യമാണ്. വനത്തില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുകയും ചെയ്യുക.
പ്രകൃതിദുരന്തങ്ങളെ നേരിടല്‍: പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുക. പ്രകൃതി ദുരന്തസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുക, പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിന് ജനങ്ങളെ സജ്ജരാക്കുക.

റോഡുകളുടെയും പാലങ്ങളുടെയും  നിര്‍മാണം, ശുചീകരണം, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനം, ഗതാഗതം, ജലവിഭവ മാനേജ്മെന്‍റ്, ശുദ്ധജലവിതരണം, നഗര മേഖലകളുടെ വികസനം എന്നിവയാണ് നയപരവും ഘടനാപരവുമായ പരിഷ്കരണത്തിന് തെരഞ്ഞെടുത്ത മറ്റു മേഖലകള്‍.

ഉപദേശക സമിതി യോഗത്തില്‍ മന്ത്രിമാരായ കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്,
ഡോ. കെ.എം. അബ്രഹാം, കെ.എം. ചന്ദ്രശേഖര്‍, ടി.കെ.എ. നായര്‍,
ഡോ. കെ.പി. കണ്ണന്‍, വി. സുരേഷ്, ആര്‍.കെ.ഐ. ചീഫ് എക്സിക്യൂട്ടീവ് ഡോ. വി. വേണു, മഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരും പങ്കെടുത്തു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

നിശാഗന്ധിയിൽ ഇനി നൃത്ത രാവുകൾ 

വ്യവസായ ഇടനാഴി: ഷെയര്‍ ഹോള്‍ഡേഴ്സ് എഗ്രിമെന്‍റ്  അംഗീകരിച്ചു