LDF
വലതുപക്ഷ രാഷ്ട്രീയം വലത്, തീവ്രവലത് എന്നിങ്ങനെ രണ്ടായി പിളര്‍ന്നു കിടപ്പാണ്. മുതലാളിത്ത വികസനത്തിന്റെ വഴിയും ലക്ഷ്യവുമാണ് അവരുടേത്. കോണ്‍ഗ്രസ് ഇടത്തട്ടുവലതുപക്ഷവും ബി ജെ പി തീവ്ര വലതുപക്ഷവുമാണ്. ഇടതുപാര്‍ട്ടികള്‍ക്കും ഇവയ്ക്കുമിടയില് വലിയ അകലം കാണണം. സൈദ്ധാന്തികവും പ്രായോഗികവുമായ അകല്ച്ചയാണത്. ആ അകല്‍ച്ച പാര്‍ട്ടികളുടെയും മുന്നണികളുടെയും പ്രവര്‍ത്തനത്തില്‍ പ്രകടമാവേണ്ടതാണ്. അതില്ലാതാവുന്നതിനെയാണ് വലതുപക്ഷവത്ക്കരണം എന്നു വിളിക്കുന്നത്.LDF
LDF
ഇടതു വിമർശനത്തിൻ്റെ പ്രസക്തിയെ ഓർമപ്പെടുത്തി
………………………
ഇടതുപക്ഷ പാര്‍ട്ടികളെ ഒരിടതുപക്ഷക്കാരന്‍ വിമര്‍ശിക്കേണ്ടിവരുന്നത് ആ പാര്‍ട്ടികള്‍ ഇടതുപക്ഷ രാഷ്ട്രീയം കൈവിടുന്നതിനാലാണ്. അപ്പോഴും അവയുടെ പ്രവര്‍ത്തകര്‍ ചോദിക്കും, ‘നിങ്ങളെന്തുകൊണ്ട് വലതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഇതേ വിമര്‍ശനം ഉന്നയിക്കുന്നില്ല’ എന്ന്. അവര്‍ കരുതുന്നത് രണ്ടിനം പാര്‍ട്ടികള്‍ക്കും ഒരേ അളവുകോല്‍ പാകമാകുമെന്നാണ്. അവരെ സംബന്ധിച്ച് ഇടതു-വലതു വ്യത്യാസം ഇല്ലാതായിരിക്കുന്നു.
ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ മാത്രമല്ല നേതാക്കളും ഇതേ ചോദ്യം ഉന്നയിച്ചു കേട്ടിട്ടുണ്ട്. തങ്ങളുടെ പാര്‍ട്ടിനേതാക്കളുടെ മികവ് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവുമായി ബന്ധപ്പെടുത്തിയല്ല വലതു പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനവുമായി താരതമ്യപ്പെടുത്തിയാണ് അവര്‍ മനസ്സിലാക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അങ്ങനെ ചെയ്യാമോ എന്നു ചോദിച്ചാല്‍ ഉടന്‍ വരും മറുചോദ്യം. ‘വലതുപക്ഷക്കാര്‍ ചെയ്തപ്പോള്‍ നിങ്ങളെവിടെയായിരുന്നു?’
വലതുപക്ഷ രാഷ്ട്രീയം വലത്, തീവ്രവലത് എന്നിങ്ങനെ രണ്ടായി പിളര്‍ന്നു കിടപ്പാണ്. മുതലാളിത്ത വികസനത്തിന്റെ വഴിയും ലക്ഷ്യവുമാണ് അവരുടേത്. കോണ്‍ഗ്രസ് ഇടത്തട്ടുവലതുപക്ഷവും ബി ജെ പി തീവ്ര വലതുപക്ഷവുമാണ്. ഇടതുപാര്‍ട്ടികള്‍ക്കും ഇവയ്ക്കുമിടയില് വലിയ അകലം കാണണം. സൈദ്ധാന്തികവും പ്രായോഗികവുമായ അകല്ച്ചയാണത്. ആ അകല്‍ച്ച പാര്‍ട്ടികളുടെയും മുന്നണികളുടെയും പ്രവര്‍ത്തനത്തില്‍ പ്രകടമാവേണ്ടതാണ്. അതില്ലാതാവുന്നതിനെയാണ് വലതുപക്ഷവത്ക്കരണം എന്നു വിളിക്കുന്നത്.
വലതുപക്ഷം ചെയ്യുന്നത് ഞങ്ങള്ക്കുമാവാം എന്നു കരുതുന്ന പ്രവര്‍ത്തകരും നേതാക്കളും ഇടതുപക്ഷത്തിനു കളങ്കമാണ്. അവര്‍ ഇരിക്കുന്ന കൊമ്പു വെട്ടുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ വലതുപക്ഷ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ഒരു ജനപക്ഷ രാഷ്ട്രീയമാണ് രാജ്യത്തെ ദരിദ്ര കീഴാള അടിത്തട്ടു സമൂഹങ്ങള്‍ക്കു തുണയാവുക. ഇടതുപക്ഷ പാര്‍ട്ടികളില്‍നിന്ന് അതാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. എന്നാല്‍ അക്കൂട്ടരിപ്പോള്‍ വലതുപക്ഷത്തെ പിന്തുടരാനാണ് ഉത്സാഹിക്കുന്നത്.
തീവ്രവലതുപക്ഷം ഫാഷിസമാകുമ്പോള് പ്രതിരോധിക്കാന്‍ ഇടതുപാര്‍ട്ടികളും ഇടത്തട്ടു വലതുപാര്‍ട്ടികളും വിപുലമായ ജനകീയ ഐക്യത്തില്‍ ഒന്നിക്കേണ്ട കാലവുമാണിത്. ഇതിനര്‍ത്ഥം ഇടതു- ഇടത്തട്ടുവലതു പാര്‍ട്ടികള്‍ തമ്മില്‍ എതിര്പ്പുകളില്ലെന്നല്ല. അവ തമ്മിലുള്ള നയപരവും പ്രയോഗപരവുമായ എതിര്‍പ്പും തുടരുമ്പോള്‍തന്നെ ഫാഷിസ്റ്റു വിരുദ്ധ സമരത്തില്‍ ഐക്യത്തിന്റെ മേഖലകള്‍ കണ്ടെത്തുമെന്നാണ്.
ഈ സമരത്തിനും ഐക്യത്തിനും ഇടതുപക്ഷ പാര്‍ട്ടികള്‍ ഇടതുപക്ഷമായി നിലനില്‍ക്കണം. അതിവേഗം വലതുപക്ഷവത്ക്കരണം നടക്കുന്ന സമൂഹത്തില്‍ അതാവശ്യപ്പെടാന്‍ ഇടതവബോധമുള്ള എല്ലാവര്ക്കും ബാധ്യതയുണ്ട്. ഇടതുപക്ഷ വിമര്‍ശനത്തിന്റെ പ്രസക്തിയും പൊരുളും അതാണ്.