Movie prime

പ്രണയം പാടി പ്രിയങ്കരനായ ഋഷി

ഇന്ത്യൻ സിനിമയുടെ നഭസ്സിൽ വിരിഞ്ഞ പ്രണയപുഷ്പമാണ് ഋഷി കപൂർ. സദാ സംഗീത നിർഭരമായ വേദികളിൽ നൃത്തച്ചുവടുകളുമായി എത്തിയ നിത്യ കാമുകൻ. പേരുകേട്ട മുത്തച്ഛനും അച്ഛനും അമ്മാവന്മാരുമൊക്കെ ഒരു പക്ഷെ, ഋഷിയുടെ പ്രണയനായക വേഷങ്ങളെ അസൂയയോടെ നോക്കി നിന്നിട്ടുണ്ടാകണം. സുന്ദരിമാരേ നിങ്ങൾ ഒളിച്ചുകൊൾക, ഇതാ ഞാനെത്തുകയായി... എന്ന് പാടി ഗിത്താറുമേന്തി നൃത്തം ചവിട്ടി എത്തുന്ന ഋഷിയുടെ പ്രണയപാശത്തിൽ നിന്നോടി ഒളിക്കാൻ ഒരു നായികയും ശ്രമിച്ചിരുന്നില്ല എന്നതു സത്യം. രാജ് കപൂറിന്റെ ബോബി മുതൽക്ക് ഏറെക്കാലം ഋഷിയുടെ പ്രണയനാളുകൾ നീണ്ടു. ഋഷിയാണ് നായകനെങ്കിൽ More
 
പ്രണയം പാടി പ്രിയങ്കരനായ ഋഷി

ഇന്ത്യൻ സിനിമയുടെ നഭസ്സിൽ വിരിഞ്ഞ പ്രണയപുഷ്പമാണ് ഋഷി കപൂർ. സദാ സംഗീത നിർഭരമായ വേദികളിൽ നൃത്തച്ചുവടുകളുമായി എത്തിയ നിത്യ കാമുകൻ. പേരുകേട്ട മുത്തച്ഛനും അച്ഛനും അമ്മാവന്മാരുമൊക്കെ ഒരു പക്ഷെ, ഋഷിയുടെ പ്രണയനായക വേഷങ്ങളെ അസൂയയോടെ നോക്കി നിന്നിട്ടുണ്ടാകണം. സുന്ദരിമാരേ നിങ്ങൾ ഒളിച്ചുകൊൾക, ഇതാ ഞാനെത്തുകയായി... എന്ന് പാടി ഗിത്താറുമേന്തി നൃത്തം ചവിട്ടി എത്തുന്ന ഋഷിയുടെ പ്രണയപാശത്തിൽ നിന്നോടി ഒളിക്കാൻ ഒരു നായികയും ശ്രമിച്ചിരുന്നില്ല എന്നതു സത്യം.

രാജ് കപൂറിന്റെ ബോബി മുതൽക്ക് ഏറെക്കാലം ഋഷിയുടെ പ്രണയനാളുകൾ നീണ്ടു. ഋഷിയാണ് നായകനെങ്കിൽ പുറത്തുവരുന്ന ആർ കെ സ്റ്റുഡിയോസിന്റെയും മറ്റു ചലച്ചിത്ര കമ്പനികളുടെയും ചിത്രങ്ങൾ കണ്ട് ആനന്ദിക്കാത്തവർ ഇന്ത്യയിൽ വിരളമായിരുന്നു. ഒരു കോസ്‌മോപൊളിറ്റൻ യുവ നായകനെന്ന നിലയിൽ വെളുത്തു മെലിഞ്ഞു സുന്ദരനായ ഋഷി തിരശ്ശീലയിലൂടെ പെൺകുട്ടികളുടെ സ്വപ്ന കാമുകനായി മാറുകയായിരുന്നു.

എഴുപതുകളിലെ ഇന്ത്യൻ യുവതയുടെ രോമാഞ്ചമായ ഋഷി പ്രണയ നായകനെന്ന നിലയിൽ നിറഞ്ഞു നിൽക്കുമ്പോഴും നിരവധിയനവധി ഗൗരവ സ്വഭാവമുള്ള വേഷങ്ങളും അദ്ദേഹത്തെ തേടി വന്നിരുന്നു. പലർക്കും ഇഷ്ടം കർസ് എന്ന സുഭാഷ് ഘയ് ചിത്രത്തിലെ മോണ്ടി എന്ന കഥാപാത്രമാണ്. ഒരു പുനർജന്മ കഥ സംഗീതാത്മകമായി അവതരിപ്പിച്ച കർസ് സുഭാഷ് ഘയ് ചിത്രങ്ങളിൽ അഗ്രഗണ്യമാണ്‌.

അങ്ങനെ എത്രയെത്ര ചിത്രങ്ങൾ. വേഷമേതായാലും പാട്ടുപാടി രംഗം കൊഴുപ്പിക്കുന്ന ഋഷി കപൂറിനോടുള്ള സ്നേഹം ആ പാട്ടുകൾ നിലനിൽക്കുന്ന കാലത്തോളം ജീവിക്കും. അവയിലൂടെ ഋഷിയും. ഒരിക്കലും മറക്കാനാകാത്ത ചില ഋഷി കപൂർ ഗാനങ്ങൾ നമുക്ക് കേട്ടു കൊണ്ടേയിരിക്കാം.