in

നന്ദി പറഞ്ഞ് റോബര്‍ട്ടോ ടൊണോസോ; കേരളം മറ്റെവിടത്തേക്കാളും സുരക്ഷിതം

തിരുവനന്തപുരം: കോവിഡ് 19ല്‍ നിന്നും മുക്തിനേടിയ ഒരു വിദേശി കൂടി കേരളത്തോട് നന്ദി പറഞ്ഞ് യാത്രയായി. ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57) ആണ് നീണ്ട ആശുപത്രി വാസത്തിന് ശേഷം തികഞ്ഞ സന്തോഷത്തോടെ തലസ്ഥാനത്തോട് വിട പറഞ്ഞത്. തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്കും അവിടെ നിന്നും ചൊവ്വാഴ്ച ഇറ്റലിയിലേക്കുമാണ് റോബര്‍ട്ടോ ടൊണോസോ പോകുന്നത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ റോബര്‍ട്ടോ ടൊണോസോയുമായി വീഡിയോ കോള്‍ വഴി സംസാരിച്ചു. സഹകരണ ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യാത്രയയ്ക്കാനെത്തി.

കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ വര്‍ക്കലയില്‍ ഏറെ ആശങ്കയുണ്ടാക്കിയ ആളാണ് റോബര്‍ട്ടോ ടൊണോസോ. മാര്‍ച്ച് 13നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. നിരീക്ഷണത്തിലായിരുന്ന സമയത്ത് ഇദ്ദേഹം നിരവധി സ്ഥലങ്ങളില്‍ യാത്രനടത്തിയതും എവിടെയൊക്കെ പോയി ആരോടെല്ലാം സമ്പര്‍ക്കം പുലര്‍ത്തി എന്ന് പറയാന്‍ അറിയാത്തതും ഭാഷയുമെല്ലാം സമ്പര്‍ക്ക ലിസ്റ്റ് ഉണ്ടാക്കാന്‍ വലിയ ബുദ്ധുമുട്ടുണ്ടാക്കി. അവസാനം ഇറ്റാലിയന്‍ ഭാഷ അറിയുന്ന ആളിന്റെ സഹായത്തോടെയാണ് സമ്പര്‍ക്ക ലിസ്റ്റുണ്ടാക്കിയത്. 126 പേരുടെ നീണ്ട സമ്പര്‍ക്ക ലിസ്റ്റാണ് ഉണ്ടായിരുന്നത്. ഗുരുതരമായ മറ്റസുഖങ്ങളും ഉണ്ടായിരുന്ന റോബര്‍ട്ടോ ടൊണോസോയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മികച്ച ചികിത്സയാണ് മെഡിക്കല്‍ കോളേജ് നല്‍കിയത്.

കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്ന് മാര്‍ച്ച് 25ന് ഡിസ്ചാര്‍ജ് ചെയ്തു. രോഗം ഭേദമായെങ്കിലും നിരീക്ഷണം തുടരേണ്ടതുണ്ടായിരുന്നു. ഇദ്ദേഹത്തെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും യാത്രയായത്.

മികച്ച ചികിത്സ നല്‍കിയ കേരളത്തിനും ആരോഗ്യ മേഖലയ്ക്കും നന്ദി പറയുന്നതായി റോബര്‍ട്ടോ ടൊണോസോ മന്ത്രി കെ.കെ. ശൈലജയുമായുള്ള വീഡിയോ കോളില്‍ പറഞ്ഞു. ഇന്ത്യയില്‍ പലതവണ വന്നിട്ടുണ്ട്. കേരളത്തെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ നിര്‍ഭാഗ്യവശാല്‍ കോവിഡ് ബാധിച്ചു. എന്നാല്‍ ഏറെ സന്തോഷം നല്‍കുന്നത് വളരെ മികച്ച ചികിത്സ ലഭിച്ചു എന്നതാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും നല്ല സേവനമാണ് നല്‍കിയത്. ഇവിടെനിന്നും മികച്ച ഭക്ഷണവും നല്‍കി. കേരളത്തിന്റെ സ്‌നേഹം മറക്കാനാവില്ല. ഈയൊരവസ്ഥ കടന്നുപോയാല്‍ അടുത്തവര്‍ഷവും കേരളത്തിലെത്തും. ഈ സന്ദര്‍ഭത്തില്‍ കേരളത്തക്കാള്‍ സുരക്ഷിമായൊരു സ്ഥലമില്ല. വ്യക്തിപരമായി ഓരോരുത്തരോടുമുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാവരും ഇങ്ങനെ സുഖപ്പെട്ട് പോകുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വലിയ പ്രവര്‍ത്തനമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്നത്. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിക്കാന്‍ കേരളത്തിനായെന്നും മന്ത്രി വ്യക്തമാക്കി.

വി.കെ. പ്രശാന്ത് എം.എല്‍.എ., മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പത്മലത എന്നിവര്‍ യാത്രയയപ്പില്‍ പങ്കെടുത്തു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മതമേതായാലും മാസ്കാണ് മുഖ്യം

കോവിഡ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കാന്‍ റോബോട്ട്