roshni das nadar
in

റോഷ്നി നാടാർ മൽഹോത്ര- ഇന്ത്യൻ  ഐടി നേതൃനിരയിലെ പുതിയ താരോദയം

Roshni Nadar

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയാര് എന്ന ചോദ്യത്തിൻ്റെ ഉത്തരം റോഷ്നി നാടാർ മൽഹോത്രയെന്നാണ്. ഓഹരി വിപണിയിൽ ലിസ്റ്റുചെയ്ത ഇന്ത്യൻ ഐടി കമ്പനികളിൽ ഒരു വനിത തലപ്പത്തെത്തുന്ന ആദ്യത്തെ സ്ഥാപനമായി എച്ച്സിഎൽ ടെക്‌നോളജീസ് ചരിത്രം തിരുത്തിയെഴുതുമ്പോൾ റോഷ്നി നാടാർ മൽഹോത്ര എന്ന വനിതയും പുതിയ ഉയരങ്ങൾ താണ്ടുകയാണ്. .Roshni Nadar

8.9 ബില്യൺ അമേരിക്കൻ ഡോളറിൻ്റെ ആസ്തിയുള്ള എച്ച്സി‌എൽ ടെക്നോളജീസിന്റെ ചെയർപേഴ്‌സൺ സ്ഥാനത്തേക്കാണ് റോഷ്നിയുടെ കടന്നുവരവ്. അച്ഛനും ശതകോടീശ്വരനുമായ ശിവ് നാടാറിൽ നിന്നാണ് കമ്പനിയുടെ കടിഞ്ഞാൺ റോഷ്നിയിലേക്ക് എത്തുന്നത്. ഗ്രൂപ്പിലെ മുഴുവൻ സ്ഥാപനങ്ങളുടെയും ഹോൾഡിംഗ് കമ്പനിയായ എച്ച്സിഎൽ കോർപ്പറേഷന്റെ സിഇഒ എന്ന നിലവിലുള്ള പദവി അവർ തുടർന്നും വഹിക്കും

ഇന്നലെയാണ് എച്ച്സിഎൽ ടെക്നോളജീസിൻ്റെ  സ്ഥാപകനും ചെയർമാനുമായ ശിവ് നാടാർ ചെയർമാൻ പദവി ഒഴിയുന്ന കാര്യം പ്രഖ്യാപിക്കുന്നത്.  കമ്പനിയുടെ പുതിയ ചെയർപേഴ്സൺ ആയി അദ്ദേഹത്തിൻ്റെ മകൾ റോഷ്നി നാടാർ മൽഹോത്രയുടെ പേര് ഉടൻതന്നെ പ്രഖ്യാപിച്ചു. അതോടൊപ്പം ചീഫ് സ്ട്രാറ്റജി ഓഫീസർ പദവിയോടെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ശിവ് നാടാർ തുടരുമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. 9.9 ബില്യൺ അമേരിക്കൻ ഡോളർ ആസ്തിയുള്ള എച്ച്സിഎൽ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനത്ത് ഇപ്പോഴും ശിവ് നാടാർ ഉണ്ട്. എച്ച്സിഎൽ ടെക്നോളജീസ്, എച്ച്സിഎൽ ഇൻഫോസിസ്റ്റം, എച്ച്സിഎൽ ഹെൽത്ത് കെയർ എന്നിവ അടങ്ങിയതാണ് എച്ച്സിഎൽ ഗ്രൂപ്പ്.

ദില്ലിയിലെ വസന്ത് വാലിയിലായിരുന്നു റോഷ്നിയുടെ സ്കൂൾ വിദ്യാഭ്യാസം. ഇല്ലിനോയി ഇവാൻ‌സ്റ്റണിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്യൂണിക്കേഷനിൽ ബിരുദം നേടി. റേഡിയോ, ടിവി, ഫിലിം എന്നിവയിലാണ് സ്പെപെഷ്യലൈസ് ചെയ്തത്. പിന്നീട് കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എം.ബി.എ കരസ്ഥമാക്കി. 2009-ൽ എച്ച്സി‌എൽ കോർപ്പറേഷനിൽ ചേരുന്നതിന് മുമ്പ് സ്കൈ ന്യൂസ് യുകെ, സി‌എൻ‌എൻ അമേരിക്ക എന്നിവയിൽ പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുണ്ട്. 

എച്ച്സി‌എൽ ടെക്നോളജീസിന്റെ ഡയറക്റ്റർ ബോർഡിലേക്ക് റോഷ്നി നാടാർ  കടന്നുവരുന്നത് 2013-ലാണ്. വൈസ് ചെയർപേഴ്സൺ പദവി വഹിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. എച്ച്സിഎല്ലിൽ ചേർന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ എക്സിക്യൂട്ടീവ് ഡയറക്ടറായി. ഇരുപത്തിയേഴാം വയസ്സിൽ കമ്പനിയുടെ സിഇഒ സ്ഥാനത്തെത്തി.

2010-ൽ വിവാഹിതയായി. എച്ച്സി‌എൽ ഹെൽത്ത് കെയർ വൈസ് ചെയർമാൻ ശിഖർ മൽ‌ഹോത്രയെ ആണ് അവർ വിവാഹം കഴിച്ചത്. അർമാൻ, ജഹാൻ എന്നിവരാണ് മക്കൾ. ഹുറുൺ സമ്പന്ന പട്ടികയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം 36,800 കോടി രൂപ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ് റോഷ്നി നാടാർ മൽഹോത്ര. കഴിഞ്ഞവർഷം  ഫോബ്‌സിൻ്റെ ലോകത്തെ ഏറ്റവും ശക്തരായ നൂറ് വനിതകളുടെ പട്ടികയിൽ അമ്പത്തിനാലാം സ്ഥാനത്ത് അവർ എത്തിയിരുന്നു.

2018-ൽ അവർ ഹാബിറ്റാറ്റ്സ് ട്രസ്റ്റ് സ്ഥാപിച്ചു. പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെയും തദ്ദേശീയ ജീവി വർഗങ്ങളുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്.  ശിവ്നാടാർ ഫൗണ്ടേഷന്റെ ട്രസ്റ്റിയെന്ന നിലയിൽ വിദ്യാഭ്യാസരംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് അവർ നേതൃത്വം നൽകിവരുന്നുണ്ട്. വ്യവസായ മേഖലയിലും ജീവകാരുണ്യ പ്രവർത്തന രംഗത്തും പ്രവർത്തനം കാഴ്ചവെച്ചിട്ടുളള  റോഷ്നിക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പരിശീലനം സിദ്ധിച്ച ഒരു ശാസ്ത്രീയ സംഗീതജ്ഞയുമാണ് അവർ.

2017, 2018, 2019 വർഷങ്ങളിലായി തുടർച്ചയായി ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ അവർ ഇടം പിടിച്ചിട്ടുണ്ട്. 2017-ൽ മസാച്ചുസെറ്റ്സിലെ ബാബ്‌സൺ കോളേജ് ഏർപ്പെടുത്തിയ ലൂയിസ് ഇൻസ്റ്റിറ്റ്യൂട്ട് കമ്മ്യൂണിറ്റി ചേഞ്ച് മേക്കർ അവാർഡും  ലഭിച്ചു. ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന തിങ്ക് ടാങ്കായ ഹൊറാസിസ് 2019-ലെ ഇന്ത്യൻ ബിസിനസ് ലീഡറായി തിരഞ്ഞെടുത്തത് അവരെയാണ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ലോകത്തെ വരുംതലമുറ നേതൃത്വത്തിൻ്റെ കൂട്ടായ്മയായ ഫോറം ഓഫ് യംഗ് ഗ്ലോബൽ ലീഡേഴ്സിൻ്റെ (വൈ ജി എൽ, 2014-19) മുൻ അംഗം കൂടിയാണ് റോഷ്നി.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Netflix

നെറ്റ്ഫ്ലിക്സ് 83 വര്‍ഷത്തേക്ക് സൗജന്യ സബ്സ്ക്രിപ്ഷന്‍ നല്‍കുന്നു; ലഭിക്കുവാനായി ചെയ്യേണ്ടത് ഇത്രമാത്രം

Norka

നോർക്ക പുനരധിവാസ പദ്ധതിയിൽ കാനറാ ബാങ്കും പങ്കാളി