Movie prime

“ബലാത്സംഗക്കേസിലെ ഇരയെ വിവാഹം ചെയ്യാമോ”, തൻ്റെ വാക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ

കഴിഞ്ഞയാഴ്ച ജാമ്യത്തിനായുള്ള വാദം കേൾക്കുന്നതിനിടെ ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോ എന്ന് പ്രതിയോട് താൻ ഒരിക്കലും ചോദിച്ചിട്ടില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. തൻ്റെ വാക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. സ്ത്രീകളെ അങ്ങേയറ്റം ആദരിക്കുന്ന സമീപനമാണ് എക്കാലത്തും സുപ്രീം കോടതി പുലർത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗക്കേസിൽ ഇരയായ 14 വയസ്സുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഏറെ വിവാദമായ വിഷയത്തിൽ ചീഫ് ജസ്റ്റിസ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. പെൺകുട്ടിയോട് More
 
“ബലാത്സംഗക്കേസിലെ ഇരയെ വിവാഹം ചെയ്യാമോ”, തൻ്റെ വാക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ

കഴിഞ്ഞയാഴ്ച ജാമ്യത്തിനായുള്ള വാദം കേൾക്കുന്നതിനിടെ ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോ എന്ന് പ്രതിയോട് താൻ ഒരിക്കലും ചോദിച്ചിട്ടില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. തൻ്റെ വാക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. സ്ത്രീകളെ അങ്ങേയറ്റം ആദരിക്കുന്ന സമീപനമാണ് എക്കാലത്തും സുപ്രീം കോടതി പുലർത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗക്കേസിൽ ഇരയായ 14 വയസ്സുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഏറെ വിവാദമായ വിഷയത്തിൽ ചീഫ് ജസ്റ്റിസ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.
പെൺകുട്ടിയോട് അങ്ങേയറ്റം ഉദാരമായ സമീപനമാണ് കോടതി പുലർത്തിയത് എന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഡ്വ. ബിജു അഭിപ്രായപ്പെട്ടപ്പോഴാണ്
“അങ്ങിനെ പറഞ്ഞു കേൾക്കുന്നതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ രണ്ടാഴ്ചയായി ഇതിനു വിരുദ്ധമായ അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്” എന്നും കോടതി പറഞ്ഞത്.

വിവാദമായ പരാമർശങ്ങൾ ”സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തും” “വളച്ചൊടിച്ചുമാണ്” മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത അഭിപ്രായപ്പെട്ടു. ഒരു സ്ഥാപനം എന്ന നിലയിൽ സ്ത്രീകളോട് അങ്ങേയറ്റം ആദരവ് പുലർത്തുന്ന സമീപനമാണ് സുപ്രീം കോടതിയുടേത്. എന്നാൽ ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്.

ബലാത്സംഗ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യത്തിനുള്ള
അപേക്ഷയിൽ വാദം കേൾക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിൻ്റെ വിവാദമായ ചോദ്യം ഉയർന്നത്. സെഷൻസ് കോടതി അനുവദിച്ച ജാമ്യം ബോംബെ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. വാദത്തിൻ്റെ തുടക്കത്തിൽ തന്നെ “താങ്കൾ അവളെ വിവാഹം ചെയ്യുമോ?” എന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടും എന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ പറഞ്ഞു. ഇരയ്ക്ക് 16 വയസ്സുള്ളപ്പോഴാണ് 23 കാരനായ പ്രതി കുറ്റം ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗത്തിന് ഇരയാക്കുന്നതിന് മുമ്പ് ഇക്കാര്യം ആലോചിക്കേണ്ടതായിരുന്നു എന്ന് കോടതി പറഞ്ഞു. ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്ന കാര്യം അപ്പോൾ ആലോചിക്കേണ്ടതായിരുന്നു.

“വിവാഹം ചെയ്യാൻ നിർബന്ധിക്കുകയല്ല, വിവാഹം ചെയ്യുമോ എന്ന് അറിയാനാണ് ചോദിക്കുന്നത്. അല്ലെങ്കിൽ വിവാഹം ചെയ്യാൻ ഞങ്ങൾ നിർബന്ധിച്ചെന്ന് നിങ്ങൾ പറയും” എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. എന്നാൽ പ്രതി വേറെ വിവാഹം ചെയ്തതിനാൽ ഇരയെ വിവാഹം ചെയ്യാനാവില്ല എന്നാണ് പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. നേരത്തേ പ്രതി വിവാഹത്തിന് സന്നദ്ധനായിരുന്നു. ഇര തയ്യാറാവാത്തതിനാൽ അത് നടക്കാതെ പോയതാണ്.