Movie prime

ശബരിമല ആക്റ്റിവിസ്റ്റുകള്‍ക്ക് കയ്യേറാനുള്ള ഇടമല്ലെങ്കില്‍ മന്ത്രി അത് സംഘപരിവാര യാഥാസ്ഥിതിക ആക്റ്റിവിസ്റ്റുകളോടും പറയണം: ഡോ. ആസാദ്

ശബരിമല വീണ്ടും സംഘർഷ ഭൂമിയാവുകയാണ്. 2018 സെപ്റ്റംബറിലെ സുപ്രീം കോടതി വിധി സ്റ്റേയില്ലാതെ അതേപടി നിലനിൽക്കുന്നതിനാൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ ഇപ്പോഴും അവകാശമുണ്ട്. അത് ഭരണഘടനാപരമായ അവകാശമാണ്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തുല്യതയെ സംബന്ധിച്ചും നവോത്ഥാനത്തെ സംബന്ധിച്ചുമുള്ള മുൻ നിലപാടുകൾ സൗകര്യപൂർവം മാറ്റി. വിശ്വാസികളെ വ്രണപ്പെടുത്തുന്നതൊന്നും വേണ്ട എന്ന നിലപാടിലേക്ക് സർക്കാർ കടകം മറിഞ്ഞു. ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകില്ല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സാംസ്കാരികവകുപ്പ് മന്ത്രി എ More
 
ശബരിമല ആക്റ്റിവിസ്റ്റുകള്‍ക്ക് കയ്യേറാനുള്ള ഇടമല്ലെങ്കില്‍ മന്ത്രി അത് സംഘപരിവാര യാഥാസ്ഥിതിക ആക്റ്റിവിസ്റ്റുകളോടും പറയണം: ഡോ. ആസാദ്

ശബരിമല വീണ്ടും സംഘർഷ ഭൂമിയാവുകയാണ്. 2018 സെപ്റ്റംബറിലെ സുപ്രീം കോടതി വിധി സ്റ്റേയില്ലാതെ അതേപടി നിലനിൽക്കുന്നതിനാൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ ഇപ്പോഴും അവകാശമുണ്ട്. അത് ഭരണഘടനാപരമായ അവകാശമാണ്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തുല്യതയെ സംബന്ധിച്ചും നവോത്ഥാനത്തെ സംബന്ധിച്ചുമുള്ള മുൻ നിലപാടുകൾ സൗകര്യപൂർവം മാറ്റി. വിശ്വാസികളെ വ്രണപ്പെടുത്തുന്നതൊന്നും വേണ്ട എന്ന നിലപാടിലേക്ക് സർക്കാർ കടകം മറിഞ്ഞു.

ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകില്ല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സാംസ്‌കാരികവകുപ്പ് മന്ത്രി എ കെ ബാലനും പരസ്യമായി പറയുന്ന സ്ഥിതിവിശേഷമുണ്ടായി. നവോത്ഥാന സമിതിയിൽ തുടരാനാവില്ല എന്ന നിലപാടിലേക്ക് കെ പി എം എസ് ഉൾപ്പെടെയുള്ള സംഘടനകൾ എത്തി. തുല്യതയുടെയും ഭരണഘടനാപരമായ അവകാശത്തിന്റെയും നിലനിൽക്കുന്ന കോടതിവിധിയുടെയും പിൻബലത്തിൽ മലകയറാൻ ശ്രമിക്കുന്ന സ്ത്രീകൾക്കെതിരെ സംഘപരിവാർ ഗുണ്ടകൾ അക്രമം നടത്തുന്നത് നോക്കിനിൽക്കുകയാണ് പൊലീസ്. കോഴിക്കോട് ഗവ. ലോ കോളെജ് അധ്യാപികയായ ബിന്ദു അമ്മിണി മലകയറാൻ ഒരുങ്ങുന്നതിന്റെ പേരിൽ കൊച്ചി പൊലീസ് കമ്മീഷണറുടെ ഓഫീസിനു പുറത്ത് വച്ച് മുളകുപൊടി ആക്രമണത്തിന് ഇരയായി. സംഘപരിവാർ അക്രമി തെറിവിളിച്ചുകൊണ്ട് ഒരു അധ്യാപികയെ ആക്രമിക്കുന്നത് പൊലീസ് കൈയും കെട്ടി നോക്കിനിന്നു. അതും ഭരണഘടനാ ദിനമായി രാജ്യം ആചരിക്കുന്ന അതേ ദിനത്തിൽ തന്നെ!

സംഘപരിവാർ ആക്ടിവിസ്റ്റുകൾ കയ്യടക്കിയ ശബരിമലയിൽ പുരോഗമന ആക്ടിവിസ്റ്റുകൾക്കു മാത്രമാണ് പ്രവേശനമില്ലാത്തതെന്ന് ഡോ. ആസാദ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ എഴുതുന്നു. ആക്റ്റിവിസ്റ്റുകള്‍ക്കു കയറാനുള്ള സ്ഥലമല്ല ശബരിമല എന്ന ഭരണകൂട വിശദീകരണത്തിന് പുരോഗമന ആക്റ്റിവിസ്റ്റുകള്‍ക്ക് ശബരി മലയില്‍ പ്രവേശനമില്ല എന്ന അര്‍ത്ഥമേയുള്ളു. യാഥാസ്ഥിതിക ആക്റ്റിവിസ്റ്റുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. അവര്‍ക്ക് അവിടെ ആരാധനയോ അക്രമമോ ആവാം! ഈ സര്‍ക്കാറിന് ആരോടാണ് അനുഭാവം? ഡോ. ആസാദ് ചോദിക്കുന്നു.

ഡോ. ആസാദിന്റെ ഫേസ് ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

ആക്ടിവിസ്റ്റുകള്‍ കൈയടക്കിയിരിക്കുകയാണ് ശബരിമല. പുരോഗമന ആക്റ്റിവിസ്റ്റുകളല്ല പുനരുത്ഥാന പിന്‍തിരിപ്പന്‍ ആക്റ്റിവിസ്റ്റുകളാണ് പ്ലാന്‍ എയും പ്ലാന്‍ ബിയുമൊക്കെയായി രംഗം കീഴടക്കിയിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്ഷേത്ര പ്രവേശനം ലഭ്യമാക്കാനും വിവേചനമില്ലാതാക്കാനും വേണ്ടിയായിരുന്നു കേരളത്തില്‍ പുരോഗമന ആക്റ്റിവിസ്റ്റുകള്‍ പൊരുതിയിരുന്നതെങ്കില്‍ ക്ഷേത്രപ്രവേശനം തടയാനും വിവേചനം നിലനിര്‍ത്താനുമാണ് ഇപ്പോള്‍ പുനരുത്ഥാന ആക്റ്റിവിസ്റ്റുകള്‍ എരിവുള്ള ആയുധങ്ങളുമായി പൊരുതുന്നത്.

ആക്റ്റിവിസ്റ്റുകള്‍ക്കു കയറാനുള്ള സ്ഥലമല്ല ശബരിമല എന്ന ഭരണകൂട വിശദീകരണത്തിന് പുരോഗമന ആക്റ്റിവിസ്റ്റുകള്‍ക്ക് ശബരി മലയില്‍ പ്രവേശനമില്ല എന്ന അര്‍ത്ഥമേയുള്ളു. യാഥാസ്ഥിതിക ആക്റ്റിവിസ്റ്റുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. അവര്‍ക്ക് അവിടെ ആരാധനയോ അക്രമമോ ആവാം! ഈ സര്‍ക്കാറിന് ആരോടാണ് അനുഭാവം?

ആരാധനാലയങ്ങള്‍ ആക്റ്റിവിസത്തിനും അക്രമത്തിനുമിടയായതിന്റെ ഏറ്റവും ഭീകരമായ സമീപകാല അനുഭവം ബാബറിമസ്ജിദ് തകര്‍ത്തതാണ്. ആയുധങ്ങളുമായി മിനാരങ്ങള്‍ പൊളിച്ചു വീഴ്ത്തിയത് അവിശ്വാസികളുടെ സംഘടനകളല്ല. പുരോഗമന ഇടതുപക്ഷ ആക്റ്റിവിസ്റ്റുകളുമല്ല. സംഘപരിവാര യാഥാസ്ഥിതിക ആക്റ്റിവിസ്റ്റുകളാണ്. പള്ളികളും സെമിത്തേരികളും തടഞ്ഞു നടത്തിയ സമരങ്ങളും വിശ്വാസികളാണ് നടത്തിയത്. ഏറ്റവുമൊടുവില്‍ ശബരിമലയില്‍ തടയലും അക്രമവും നടത്തിയതും യാഥാസ്ഥിതിക ആക്റ്റിവിസ്റ്റുകള്‍ തന്നെ.

ആരാധനാലയങ്ങളില്‍ പുരോഗമനവാദികളായ ആക്റ്റിവിസ്റ്റുകള്‍ നടത്തിയ സമരങ്ങള്‍ക്കും പുനരുത്ഥാനവാദികളായ യാഥാസ്ഥിതിക ആക്റ്റിവിസ്റ്റുകള്‍ നടത്തിയ അക്രമങ്ങള്‍ക്കും തമ്മിലുള്ള അന്തരം ചെറുതല്ല. ആദ്യത്തേത് വിവേചനരഹിതമായ ജനാധിപത്യ സമൂഹത്തിനു വേണ്ടിയുള്ളതാണ്. രണ്ടാമത്തേതാകട്ടെ, ജനാധിപത്യ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കാനും. ശബരിമല ആക്റ്റിവിസ്റ്റുകള്‍ക്ക് കയ്യേറാനുള്ള ഇടമല്ലെങ്കില്‍ മന്ത്രി അത് സംഘ പരിവാര യാഥാസ്ഥിതിക ആക്റ്റിവിസ്റ്റുകളോടു പറയണം. അവരെ ജനാധിപത്യത്തിന്റെ വഴിയിലേക്കു കൊണ്ടുവരണം. തീവ്ര ഇടതുപക്ഷ, മാവോയിസ്റ്റ് വഴിയെപ്പോലെ ആയുധത്തിന്റെയും അക്രമത്തിന്റേയും വഴിയിലേക്കു നീങ്ങിയ തീവ്ര വലതുപക്ഷമാണ് ശബരിമലയെ കീഴ്പ്പെടുത്തി കാലുഷ്യവും അശാന്തിയും നിറയ്ക്കുന്നത്. അവരെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാറിന് അറിയാത്തതെന്ത്?

പ്രശ്നം ശബരിമലയല്ല. വിശ്വാസവുമല്ല. നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും നിയമസംഹിതയുമാണ്. അതു മസ്ജിദിന്റെ മിനാരങ്ങളെന്നപോലെ തകര്‍ത്തെറിയാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ മറുപടി നല്‍കാന്‍ ജനാധിപത്യ സര്‍ക്കാറിനു ബാധ്യതയുണ്ട്.