Movie prime

Video വീട്ടിലെ ചന്ദനമരം മുറിച്ചാൽ !

 

വീട്ടില്‍ ഒരു മരമുള്ളത് കാരണം ഉറക്കം നഷ്ടപ്പെടുകയോ ? അങ്ങനെ ഒരവസ്ഥയിലാണ് മറയൂര്‍ കുണ്ടക്കാട് സ്വദേശി സോമന്‍. സോമന്റെ ഉറക്കം നഷ്ടപ്പെട്ടത് വെറുതെയൊന്നുമല്ല മുറ്റത്തുനില്‍ക്കുന്ന മരത്തിന്റെ വിപണിമൂല്യം  ഒരു കോടിയിലേറെ  രൂപയാണ് .  ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള തടി എന്ന് വിശേഷിപ്പിക്കുന്ന ചന്ദനമാണ് ഈ മനുഷ്യന്റെ ഉറക്കം കെടുത്തിയത് . നമ്മുടെ പുരയിടത്തില്‍ ഒരു ചന്ദന മരം നിന്നാല്‍ ഇത്രയും പേടിക്കാന്‍ എന്താണ് കാരണം എന്നറിയണ്ടേ. ഇതിന്റ വില തന്നെയാണ് കാരണം പലപ്പോഴും ചന്ദന കള്ളക്കടത്തുകാര്‍ നമ്മളെ ആക്രമിച്ച് ചന്ദനം മുറിച്ചു കടത്താനുളള സാധ്യതയുണ്ട്.

2008ല്‍ സോമന്റെ വീട്ടിലുണ്ടായിരുന്ന മറ്റൊരു ചന്ദനമരം മോഷ്ടാക്കള്‍  സോമനെ മുറിയില്‍ കെട്ടിയിട്ടശേഷം മുറിച്ചുകൊണ്ടുപോയിരുന്നു. ചന്ദനം സര്‍ക്കാരിന്റെ മരമാണെന്നും വീട്ടില്‍ വളര്‍ത്താന്‍ കഴിയില്ലെന്നുമാണ് മിക്കവരുടേയും ധാരണ. ഈ ധാരണ തെറ്റാണ്.സര്‍ക്കാര്‍ മരമാണെങ്കിലും വീട്ടില്‍ വളര്‍ത്തുന്നതിനു നിയമ തടസമില്ല. ചന്ദനത്തടിയുടെ വിപണനവും , സംസ്‌കരണവും പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്ന് മാത്രം. പ്ലാന്റേഷനായും അല്ലാതെയുമൊക്കെ ചന്ദനം വളര്‍ത്താം. മരം നടാമെങ്കിലും മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം എന്നുമാത്രം.

അറിയാം ചന്ദന മരത്തെ പറ്റി...

ചന്ദനം ഒരു അര്‍ധപരാദ സസ്യമാണ് അതിനാല്‍ തന്നെ ഇവയ്ക്ക് ഒറ്റയ്ക്കു ജീവിക്കാനാകില്ല.  ചെറിയ ചെടിയായിരിക്കുമ്പോള്‍ ഒറ്റയ്ക്കു നടാതെ തൊട്ടാവാടി, കാറ്റാടി മരം പോലുള്ളവ ഒപ്പം നടണം. ജീവിക്കാനുള്ള പകുതി ആഹാരം ഇതു നല്‍കും.ലോകത്തില്‍ ചന്ദനമരക്കൃഷി കൂടുതലുള്ളത് ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമാണ് ഓസ്‌ട്രേലിയയിലെ 'കുനുനുറാ' എന്ന സ്ഥലത്ത് ഏതാണ്ട് 9000 ഹെക്ടര്‍ സ്ഥലത്ത് ഇന്ത്യന്‍ ചന്ദനമരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ സ്വാഭാവികമായ ചന്ദനക്കാടുകളുണ്ട്. കേരളത്തില്‍ ഇടുക്കി ജില്ലയിലെ മഴനിഴല്‍ പ്രദേശമായ മറയൂരില്‍ 63 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ചന്ദനമരങ്ങള്‍ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വളരുന്നുണ്ട്.  കേരളത്തിലെ ഏക ചന്ദന ഡിപ്പോ സ്ഥിതി ചെയ്യുന്നതും മറയൂരിലാണ്. ഈ ചന്ദന മരങ്ങളുടെ സംരക്ഷണത്തിനായി മാത്രം 211 വനപാലകരെയാണ് നിയമിച്ചിട്ടുള്ളത്..എങ്കിലും എല്ലാ വര്‍ഷവും ചന്ദനകള്ളക്കടത്തുമായി ബന്ധപ്പെട്ട്‌നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്്.ഒരു പ്രത്യേക മരത്തെ സംരക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിവസവും പട്രോളിങ് നടത്തുന്ന രാജ്യത്തെ ഏക ഫോറസ്റ്റ് ഡിവിഷനാണ് മറയൂര്‍. ഏത് പരിതസ്ഥിതിയിലും വൈകുന്നേരം 6 മുതല്‍ രാവിലെ 7 വരെയുള്ള പട്രോളിങ് ഇവിടെ മുടക്കാറില്ല.

കാരണം, 15 സ്‌ക്വയര്‍ കിലോമീറ്ററിലായി നില്‍ക്കുന്നത് 58,000 ചന്ദനമരങ്ങളാണ്. ലക്ഷണമൊത്ത ഒരു കിലോ ചന്ദനത്തടിക്കു 16,000 രൂപയാണ് വില. മറയൂരിലെ ഏറ്റവും വലിയ ചന്ദനമരത്തിന്റെ മതിപ്പുവില ഏകദേശം അഞ്ചുകോടിയോളം  വരും.  ഇല ഒഴികെ എല്ലാം ഉപയോഗിക്കാവുന്ന ചന്ദനമരത്തിന്റെ തൊലിക്കു കിലോയ്ക്ക് 250 രൂപയാണ് വില. 2004ല്‍ 2660 മരങ്ങളും , 2005ല്‍ 2490 മരങ്ങളുമാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്. കഴിഞ്ഞവര്‍ഷം 13 മരം നഷ്ടപ്പെട്ടു. 12 അടി ഉയരമുള്ള മതിലിനുള്ളിലാണ് ചന്ദനം സൂക്ഷിക്കുന്ന ഗോഡൗണ്‍. എല്ലായിടത്തും സിസിടിവി ക്യാമറ നിരീക്ഷണമുണ്ട്. രാത്രിയും പകലും വാച്ചര്‍മാര്‍. 3 ഗോഡൗണുകളിലായി സൂക്ഷിക്കാന്‍ കഴിയുന്നത് 200 ടണ്‍ ചന്ദനമാണ്.കേരളത്തില്‍ എവിടെ ചന്ദനമരം മുറിച്ചാലും മറയൂര്‍ ചന്ദന ഡിപ്പോയിലേക്കാണ് കൊണ്ടുവരുന്നത്.  

ചന്ദനമരം മുറിക്കണമെങ്കില്‍ ...

 ഇപ്പോഴത്തെ നിയമം അനുസരിച്ച്, മരം ഭീഷണിയാണെങ്കിലോ , ചരിഞ്ഞു വീണുകിടക്കുകയാണെങ്കിലോ , വീടിന്റെ പുനര്‍നിര്‍മാണത്തിനോ , മതില്‍ കെട്ടാനോ തുടങ്ങിയ കാര്യങ്ങള്‍ക്ക് മരം മുറിക്കാം. ഇതിനു ആ സ്ഥലത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒയ്ക്കു നിവേദനം നല്‍കണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് മഹസര്‍ തയാറാക്കി മറയൂരിലേക്കു കൊണ്ടുവരും. . മറയൂരിലെത്തിച്ചാല്‍ മരത്തിന്റെ തൂക്കം നോക്കും. മറ്റു മരങ്ങളെപ്പോലെ ക്യുബിക് അടിയിലോ , ക്യുബിക് മീറ്ററിലോ അല്ല മറിച്ച് കിലോഗ്രാമിലാണ് ചന്ദരമരത്തിന്റെ തൂക്കം കണക്കാക്കുന്നത്.മരത്തിനോ , സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും. ഭൂപതിവ് ചട്ടങ്ങള്‍പ്രകാരം പതിച്ചു നല്‍കിയ ഭൂമിയാണെങ്കില്‍ മരത്തിനു വില ലഭിക്കില്ല. തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നല്‍കിയാല്‍ പണം നല്‍കാം. ചന്ദനത്തില്‍ 15 വിഭാഗങ്ങളുണ്ട്. ഓരോന്നിനും ഓരോ വിലയാണ്. ഫസ്റ്റ് ക്ലാസിനു 16000രൂപയും , സെക്കന്‍ഡ് ക്ലാസിനു 14,000 രൂപയുമാണ് വില. 23% നികുതിയുണ്ട്. ഉദാഹരണത്തിന്, ഒരു മരത്തിനു 100 കിലോ ഭാരമുണ്ടെങ്കില്‍ ഏകദേശം 20 കിലോ ഫസ്റ്റ് ക്ലാസില്‍ പോകും ബാക്കി സെക്കന്‍ഡ് ക്ലാസിലും മറ്റു വിഭാഗങ്ങളിലും പോകും. ഇതനുസരിച്ചായിരിക്കും വിലയും നല്‍കുക.

പണം നല്‍കുന്നതിനു മുന്‍പ് ബന്ധപ്പെട്ട ഡിഎഫ്ഒയും സ്ഥലം ഉടമയുമായി റെക്കോര്‍ഡ് എല്ലാം കൃത്യമാണെന്നു കരാര്‍ വയ്ക്കും. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് മറയൂരില്‍ കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തില്‍ വെച്ച് വാങ്ങിയവര്‍ക്കു വിട്ടു നല്‍കുന്നതുവരെയുള്ള ചെലവു മാത്രം കുറവു ചെയ്തു ബാക്കി തുക മുഴുവന്‍ ഉടമസ്ഥനു നല്‍കും.മരത്തിന്റെ വിലയുടെ 95 ശതമാനംവരെ വില കിട്ടാം.തടി ലേലം ചെയ്യുമ്പോള്‍ ഉടമസ്ഥനു ട്രഷറി വഴി പണം നല്‍കും.

അപ്പോള്‍ നിങ്ങളുടെ വീട്ടിലോ പരിസരത്തോ ചന്ദന മരമുണ്ടെങ്കില്‍ സര്‍ക്കാരിനെ പേടിക്കണ്ട കള്ളന്മാരെ മാത്രം പേടിച്ചാല്‍ മതിയാകും.