Movie prime

അവരെല്ലാം ഒരൊറ്റ മതമാണ്. ആണത്ത മതമെന്ന ഒരൊറ്റ മതം

സൈബർ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്. More
 
അവരെല്ലാം ഒരൊറ്റ മതമാണ്. ആണത്ത മതമെന്ന ഒരൊറ്റ മതം

സഖാവ് മേഴ്സിക്കുട്ടിയമ്മയും രമ്യാ ഹരിദാസും സഖാവ് കെ.കെ.രമയും ശ്രീജ നെയ്യാറ്റിൻകരയുമെല്ലാം അധിക്ഷേപിക്കപ്പെടുന്നത് ഒരേ ഭാഷയിലാണ്. ഈ കൊടുങ്കാറ്റുകൾക്കെതിരെ മലം വാരിയെറിയുന്നവരുടെ നിറഭേദം, കൊടിഭേദം ഒന്നും കണക്കാക്കണ്ട. അവരെല്ലാം ഒരൊറ്റ മതമാണ്. ആണത്തമതമെന്ന ഒരൊറ്റ മതം.

സൈബർ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്

സ്വന്തം തല കൊണ്ടടിച്ചാൽ ഇരുമ്പഴികൾ വരെ തകർന്നു വീഴുമെന്നു തെളിയിച്ചവർക്കെന്തു തെറി വിളി?അതുകൊണ്ടുതന്നെ ജാതീയമോ ലൈംഗികമോ വംശീയമോ ആയ അധിക്ഷേപങ്ങൾ അത്തരക്കാരെ അസ്വസ്ഥരാക്കേണ്ടതില്ല. ഇവരെല്ലാം രാഷ്ട്രീയമായി പല ചേരിയിലായിരിക്കാം. നമുക്ക് അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകാം.

പക്ഷേ, സഖാവ് മേഴ്സിക്കുട്ടിയമ്മയും രമ്യാ ഹരിദാസും സഖാവ് കെ.കെ.രമയും ശ്രീജ നെയ്യാറ്റിൻകരയുമെല്ലാം അധിക്ഷേപിക്കപ്പെടുന്നത് ഒരേ ഭാഷയിലാണ്. ഈ കൊടുങ്കാറ്റുകൾക്കെതിരെ മലം വാരിയെറിയുന്നവരുടെ നിറഭേദം, കൊടിഭേദം ഒന്നും കണക്കാക്കണ്ട. അവരെല്ലാം ഒരൊറ്റ മതമാണ്. ആണത്തമതമെന്ന ഒരൊറ്റ മതം. ഏതു മതത്തിലുമെന്നതു പോലെ ആണത്തമതത്തിലും ആണുങ്ങൾ മാത്രമല്ല ഉണ്ടാവുക.

പൊതുരംഗത്തു നിലയുറപ്പിച്ച ഏതു സ്ത്രീയും കടന്നു പോന്ന വഴികൾ കഠിനങ്ങളായിരിക്കും. അതിനു കക്ഷിരാഷ്ട്രീയ ഭേദമൊന്നുമില്ല. അവരെ വെറും ലിംഗശരീരമോ ജാതിശരീരമോ മാത്രമായി കാണുന്നതാണ് ആണത്തമത/ രാഷ്ട്രീയത്തിന്റെ ഹുങ്ക്.

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കകത്തു നിന്നു കൊണ്ടു തന്നെ വ്യക്തികളെ വിമർശിക്കുവാനും അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്തുവാനും കഴിയാത്തവരെയാണ് സാമൂഹിക അകലത്തിൽ നിർത്തേണ്ടത്. അസ്പൃശ്യരാക്കി നിലനിർത്തേണ്ടത്. അവരെ തീണ്ടരുത്, തൊടരുത്. സാനിറ്റൈസറും മാസ്കും നിർബന്ധമാക്കേണ്ടതവിടെയാണ്. കോടതിക്കോ പോലീസിനോ ഒതുക്കാനാവാത്ത ഈ വൈറസ് തുടച്ചു മാറ്റുക എളുപ്പമല്ല.

വൈറസിനെതിരെ, കനലൂതിയൂതി കാലം കത്തിച്ചെടുത്ത ജ്വാലകൾക്കൊപ്പം നമുക്കിങ്ങനെ ചേർന്നു നിൽക്കാം.