in

പാവങ്ങളെ പിഴിയുന്ന സർഫാസി നിയമം കോർപറേറ്റുകൾക്ക് പാദസേവ ചെയ്യുന്നു  

പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പു നടത്തി രാജ്യത്തു നിന്ന് ഒളിച്ചോടിയ മെഹുൽ ചോക്സി, രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകാരനും കിങ്ങ് ഫിഷർ ഉടമയുമായ വിജയ് മല്യ, യോഗാചാര്യനും പതഞ്ജലി വ്യവസായ ഗ്രൂപ്പിൻ്റെ അധിപനുമായ ബാബാ രാംദേവ്, റീ അഗ്രോ ലിമിറ്റഡിൻ്റെ ഉടമകളായ സന്ദീപ് ജുൻജുൻ വാലയും സഞ്ജയ് ജുൻജുൻ വാലയും… പൊതുമേഖലാ ബാങ്കുകളിൽ നിന്ന്‌ വായ്പയെടുത്ത് മന:പൂർവം തിരിച്ചടയ്ക്കാത്ത 50 വ്യവസായികളുടെ പട്ടിക പുറത്തായി. 68,607 കോടി രൂപയുടെ വായ്പയാണ് റിസർവ് ബാങ്ക്  എഴുതിത്തള്ളിയത്. ഒന്നോ രണ്ടോ ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടക്കാനാവാതെ വന്നാൽ പാവങ്ങളുടെ കിടപ്പാടം വരെ ജപ്തി ചെയ്ത് അവരെ കുടിയിറക്കുന്ന കിരാതമായ സർഫാസി നിയമം പണക്കാരുടെ കാര്യത്തിൽ നിശബ്ദമാകുന്നതെന്തുകൊണ്ട് ?

ഡോ. ആസാദ് എഴുതുന്നു

ഒന്നോ രണ്ടോ ലക്ഷം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ അമ്പതും അറുപതും ലക്ഷമാക്കി വീടും സ്വത്തും ജപ്തി ചെയ്യുന്ന ബാങ്കുകളാണ് നമ്മുടെ നാട്ടിലുള്ളത്. അതിന് അവരെ പ്രാപ്തരാക്കാന്‍ സര്‍ഫാസി നിയമവുമുണ്ട്. ജനാധിപത്യ സര്‍ക്കാറുകള്‍ സാധാരണക്കാരെ വേട്ടയാടാന്‍ ബാങ്കുകള്‍ക്ക് നല്‍കിയ പിന്തുണയാണത്. അതിനെതിരെ പൊരുതാന്‍ ഒരു പാര്‍ട്ടിയും രംഗത്തിറങ്ങുന്നില്ല.

സഹസ്ര കോടികള്‍ കടമെടുത്തു മുങ്ങുന്നവരെ തൊടില്ല സര്‍ഫാസി. അവര്‍ക്കുള്ളതൊന്നും ജപ്തി ചെയ്യപ്പെടില്ല. കാവല്‍നില്‍ക്കും സര്‍ക്കാര്‍. വായ്പയെല്ലാം എഴുതിത്തള്ളി അവരെ വിശുദ്ധരാക്കും. ഏറ്റവുമൊടുവില്‍ വായ്പ തിരിച്ചടയ്ക്കാത്ത അമ്പത് വന്‍കിട കമ്പനികളുടെ 68,000 കോടിയിലേറെ വരുന്ന തുകയാണ് എഴുതിത്തള്ളിയിരിക്കുന്നത്. മോദി അധികാരമേറ്റ ശേഷം ബാങ്കുകള്‍ എഴുതിത്തള്ളിയ സംഖ്യ ആറര ലക്ഷം കോടിയിലേറെയായിരിക്കുന്നു.

ഈ അമ്പതു കള്ളന്മാര്‍ ആരൊക്കെയാണെന്ന് ലോകസഭയില്‍ രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. സര്‍ക്കാര്‍ ഒഴിഞ്ഞു മാറി. കോടതിയില്‍ കേസു വന്നപ്പോള്‍ രക്ഷയില്ലാതെ പട്ടിക പുറത്തുവിട്ടു. മോദിഗവര്‍മെണ്ടിനു പ്രിയപ്പെട്ട ധനാഢ്യരുടെ പട്ടികയാണത്. വേദനിക്കുന്ന കോടീശ്വരര്‍!

കോവിഡ് ദുരന്തം രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തുകൊണ്ടിരിക്കെയാണ് ഇങ്ങനെ ഒരു വാര്‍ത്ത പുറത്തു വരുന്നത്. നിസ്വരായ മനുഷ്യരുടെ വായ്പകള്‍ എഴുതിത്തള്ളിയില്ല. അവരെ പിഴിയുന്ന നടപടിക്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കുകയാണ് സര്‍ക്കാര്‍. കോര്‍പറേറ്റുകള്‍ക്കു മുന്നില്‍ നാണിച്ചു നിലത്തമരുന്ന സര്‍ഫാസി ദരിദ്ര ലക്ഷങ്ങള്‍ക്കു മുന്നില്‍ സടകുടയുകയാണ്.

മെഹുല്‍ ചോക്സിയും വിജയ മല്യയും ജുന്‍ജുന്‍വാലയും രുചി സോയയും രാംദേവും പൊതുജനങ്ങളുടെ സഹസ്ര കോടികളാണ് കൊള്ളയടിച്ചത്. അവരില്‍ ചിലര്‍ മറുനാട്ടില്‍ സുഖജീവിതം നയിക്കുന്നു. ഒളിച്ചോട്ടത്തിനു സര്‍ക്കാര്‍ സഹായം! ചിലരാവട്ടെ ഇന്ത്യയില്‍ തന്നെ വലിയ അംഗീകാരത്തോടെ വിലസുന്നു. കൊള്ളക്കാരെ ബഹിഷ്കരിക്കാന്‍ നമ്മുടെ പൗരസമൂഹമാണ് ധൈര്യം കാണിക്കേണ്ടത്.

ആരാണ് മോദിയെന്ന്, ആരുടെ താല്‍പ്പര്യമാണ് മോദിയെ ഭരിക്കുന്നതെന്ന് ഇനിയുമെങ്ങനെ വ്യക്തമാവണം? ധനപ്രഭുക്കളുടെ ഇന്ത്യയില്‍ നിന്നു പുറം തള്ളപ്പെടുന്ന ഭൂരിപക്ഷ ജനതയുടെ ശബ്ദം എപ്പോഴാവും ഉയരുക?

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കൊറോണയിൽ നവമുതലാളിത്ത രാഷ്ട്രീയമുണ്ടോ? എം എ ബേബിയെ ട്രോളി ആ രാഷ്ട്രീയത്തെ മറച്ചു വെയ്ക്കാൻ കഴിയുമോ?

വോഡാഫോണ്‍ ഐഡിയ റീചാര്‍ജിലൂടെ അധിക വരുമാനത്തിന് വഴിയൊരുക്കി പേടിഎം