Movie prime

സർഗാലയ മേളയ്ക്ക് തുടക്കം

പാരമ്പര്യത്തെയും സംസ്കാരത്തെയും സർഗാത്മകതയെയും സമന്വയിപ്പിക്കുന്ന വേദിയാണ് സർഗ്ഗാലയ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒമ്പതാമത് അന്താരാഷ്ട്ര കലാകരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈതൃക ഗ്രാമങ്ങളുടെ സൗന്ദര്യം അവതരിപ്പിക്കുന്നതിലൂടെ പരമ്പരാഗത തൊഴിലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതിലൂടെ മഹാത്മാഗാന്ധിയുടെ സങ്കല്പം തന്നെയാണ് സർഗ്ഗാലയ യാഥാർഥ്യമാക്കുന്നതെന്നും ഗവർണർ പറഞ്ഞു. ഇന്ത്യൻ പരമ്പരാഗത കലാകാരന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി എന്ന നിലയിൽ സർഗ്ഗാലയ മികച്ച പ്രവർത്തനങ്ങൾക്ക് വഴി തുറക്കുകയാണ്. വിവിധ രാജ്യം വിവിധ ഭാഷ എന്നിവയ്ക്കിടയിലും കലയുടെ ഒരൊറ്റ സംസ്കാരം More
 
സർഗാലയ മേളയ്ക്ക് തുടക്കം

പാരമ്പര്യത്തെയും സംസ്കാരത്തെയും സർഗാത്മകതയെയും സമന്വയിപ്പിക്കുന്ന വേദിയാണ് സർഗ്ഗാലയ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒമ്പതാമത് അന്താരാഷ്ട്ര കലാകരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൈതൃക ഗ്രാമങ്ങളുടെ സൗന്ദര്യം അവതരിപ്പിക്കുന്നതിലൂടെ പരമ്പരാഗത തൊഴിലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതിലൂടെ മഹാത്മാഗാന്ധിയുടെ സങ്കല്പം തന്നെയാണ് സർഗ്ഗാലയ യാഥാർഥ്യമാക്കുന്നതെന്നും ഗവർണർ പറഞ്ഞു. ഇന്ത്യൻ പരമ്പരാഗത കലാകാരന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി എന്ന നിലയിൽ സർഗ്ഗാലയ മികച്ച പ്രവർത്തനങ്ങൾക്ക് വഴി തുറക്കുകയാണ്. വിവിധ രാജ്യം വിവിധ ഭാഷ എന്നിവയ്ക്കിടയിലും കലയുടെ ഒരൊറ്റ സംസ്കാരം സർഗാലയ രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഗ്രാമത്തിലേക്ക് എന്ന ആഗോളഗ്രാമ സങ്കല്പം സർഗ്ഗാലയ യാഥാർത്ഥ്യമാക്കിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം കോവളം വെള്ളാറിൽ സർഗ്ഗാലയ മാതൃകയിൽ ക്രാഫ്റ്റ് വില്ലേജ് പണി പൂർത്തിയാക്കി വരികയാണ്‌. വികസനകാര്യത്തിൽ വടക്കൻ കേരളം അവഗണിക്കപ്പെടുകയാണ് എന്ന പരാതിയുണ്ട്. ഇത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 600 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ വടക്കൻ കേരളത്തിൽ മാത്രം നടപ്പാക്കിയതായി മന്ത്രി അറിയിച്ചു. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊണ്ട് കരകൗശലമേള ഉയർത്തിക്കൊണ്ടുവരാൻ സർഗ്ഗാലയക്ക് കഴിഞ്ഞു.

ടൂറിസം വികസനത്തിനും സർഗ്ഗാലയയുടെ പ്രവർത്തനം സഹായകമായി. കരകൗശല പരിശീലനവും നിർമാണപ്രവൃത്തി നേരിൽ കാണുന്നതിനുള്ള അവസരമൊരുക്കിയതുമാണ്‌ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. പാഴാക്കിക്കളയുന്ന പ്രകൃതി വസ്തുക്കളിൽ നിന്ന് ഉൾപ്പെടെ കരകൗശലവസ്തുക്കൾ നിർമിക്കുന്നത് ഉൾപ്പെടെ ദീർഘവീക്ഷണമുള്ള പദ്ധതികളാണ് സർഗാലയയുടെ പ്രത്യേകതയെന്ന് മന്ത്രി പറഞ്ഞു. മലബാറിൻറെ സൗന്ദര്യത്തെ ടൂറിസ്റ്റുകൾക്ക് അനുഭവവേദ്യമാകുന്ന നടപടികളാണ് സർക്കാർ തയ്യാറാക്കി വരുന്നതെന്നും മന്ത്രി അറിയിച്ചു.

ഉത്തരമലബാറിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്ന കാര്യം അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിയിൽ നിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി ചടങ്ങിൽ സംസാരിച്ച കെ മുരളീധരൻ എം പി പറഞ്ഞു. ചടങ്ങിൽ വിശിഷ്ടാതിഥികൾക്ക് ഉപഹാരം നൽകി. കെ ദാസൻ എംഎൽഎ,സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ ബാലകിരൺ, പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ വി ടി ഉഷ, യു എൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി, സർഗ്ഗാലയ സിഇഒ പി പി ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.

ജനുവരി ആറു വരെ നടക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള, ദേശീയ അവാർഡ് ജേതാക്കൾ ഉൾപ്പെടെ 500 ലധികം കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. കൂടാതെ ബംഗ്ലാദേശ്, ബെലാറസ്, ഇറാൻ കിർഗ്ഗിസ്ഥാൻ, മൗറീഷ്യസ്, നേപ്പാൾ, തായ്‌ലൻഡ് എന്നീ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും തങ്ങളുടെ കര വിരുതുമായി മേളയിൽ എത്തുന്നുണ്ട്. ഒൻപതാമത് സർഗ്ഗാലയ എക്സ്പോയുടെ ഭാഗമായി, കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പൈതൃക കരകൗശല ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്ര ടൂർ ഡി കേരള ക്രാഫ്റ്റ് സംസ്ഥാനത്തെ വിവിധ കരകൗശല ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സമാപിച്ചു.