Sawmithra Chatterji
in

കോവിഡ് ബാധിച്ച സൗമിത്ര ചാറ്റർജി ഗുരുതരാവസ്ഥയിൽ

Sawmithra Chatterji

വിഖ്യാത അഭിനേതാവ് സൗമിത്ര ചാറ്റർജി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനെ ഇൻ്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ അലട്ടുന്നതിനാൽ 85 കാരനായ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെപ്പറ്റി ആശങ്കകൾ ഉണ്ട്.

ഏതാനും ദിവസങ്ങളായി പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ പറയുന്നു. പ്രശസ്ത നടൻ പരംബ്രത ചക്രവർത്തി സംവിധാനം ചെയ്യുന്ന അഭിജൻ എന്ന ഡോക്യുമെൻ്ററിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം സജീവമായിരുന്നു. ഒക്ടോബർ 1-ന് ഭാരത് ലക്ഷ്മി സ്റ്റുഡിയോയിൽ നടന്ന ഷൂട്ടിങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു. Sawmithra Chatterji

സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് സൗമിത്ര ചാറ്റർജി ശ്രദ്ധേയനാവുന്നത്. റേയുടെ പതിനാല് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദാദാസാഹിബ് ഫാൽക്കേ, പത്മഭൂഷൺ ഉൾപ്പെടെ നിരവധി ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാറിൻ്റെ ഉന്നത ബഹുമതിയായ ലീജിയൻ ഓഫ് ഓണർ നേടിയിട്ടുണ്ട്. എഴുത്തുകാരൻ, കവി, നാടകകൃത്ത്, നാടക സംവിധായകൻ, ചിത്രകാരൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

1958-ൽ ജൽസാഗർ എത്ര റേ ചിത്രത്തിൻ്റെ ഷൂട്ടിങ് കാണാനാണ് സൗമിത്ര ചാറ്റർജി ആദ്യമായി ഒരു ഫിലിം സെറ്റിൽ എത്തുന്നത് എന്നൊരു കഥയുണ്ട്. ഷൂട്ടിങ്ങ് കഴിഞ്ഞ് വൈകീട്ട് തിരിച്ചു പോകാൻ തുടങ്ങിയ സൗമിത്രയെ സംവിധായകൻ തൻ്റെ അരികിലേക്ക് വിളിച്ചു. തൻ്റെ അടുത്ത ചിത്രമായ അപുർ സൻസാറിൽ അപുവിൻ്റെ വേഷം ചെയ്യാൻ പോകുന്ന സൗമിത്ര ചതോപാധ്യായയാണ് ഇദ്ദേഹം എന്നുപറഞ്ഞ് സൗമിത്രയെ റേ തന്നെ നടനായ ഛബി ബിശ്വാസിന് പരിചയപ്പെടുത്തി എന്നാണ് കഥ. അപുവിൻ്റെ വേഷത്തിലേക്ക് റേ തന്നെ തിരഞ്ഞെടുത്ത വിവരം അപ്പോഴാണ് അദ്ദേഹം അറിയുന്നതത്രേ. പിന്നീടങ്ങോട്ട് നടനും സംവിധായകനും ഇടയിൽ അപൂർവമായൊരു ആത്മബന്ധം ഉടലെടുക്കുകയായിരുന്നു.
മിഫ്യൂൺ- കുറസൊവ; മാസ്ത്രോയ്യാനി- ഫെല്ലിനി; മാക്സ് വോൺ സൈഡോ- ബർഗ്‌മാൻ കൂട്ടുകെട്ടുപോലെ ലോക സിനിമയിൽ ചരിത്രം രചിച്ച കൂട്ടുകെട്ടാണ് സത്യജിത് റേ-സൗമിത്ര ചാറ്റർജിമാരുടേത്.

അപുത്രയത്തിൻ്റെ മൂന്നാം ഭാഗമായ അപുർ സൻസാർ (അപുവിൻ്റെ ലോകം) ആണ് ആദ്യചിത്രം.1959-ലാണ് ചിത്രം പുറത്തിറങ്ങുന്നത്. പിന്നീട് അഭിജൻ(1962), ചാരുലത (1964), ആരണ്യേർ ദിൻ രാത്ര്(1969), അഷാനി സങ്കേത്(1973), സോനാർ കെല്ല (1974), ജോയ് ബാബ ഫെലുനാദ്(1978), ഹിരക് രജാർ ദേശേ(1980), ഖാരെ ബയ്രെ(1984), ഗണശത്രു(1989), ശാഖ പ്രൊശാഖ(1990) തുടങ്ങി പതിനാല് റേ ചിത്രങ്ങളിൽ വേഷമിട്ടു.

സത്യജിത് റേയെ കൂടാതെ പ്രഗത്ഭരായ ഒട്ടേറെ സംവിധായകർക്കൊപ്പം അദ്ദേഹം സഹകരിച്ചിട്ടുണ്ട്. മൃണാൾ സെന്നിൻ്റെ ആകാശ് കുസും(1965); തപൻ സിൻഹയുടെ ക്ഷുദിത പഷാൻ(1960), ജിൻഡേർ ബൻദി(1961), അടോങ്കോ(1984), അസിത് സെന്നിൻ്റെ സ്വരലിപി(1961); അജോയ് കറിൻ്റെ ഓട്ടോൽ ജോലേർ അഹോബൻ(1962), സാത് പാക് ബൻദ(1963), പരിനീത(1969); തരുൺ മജുംദാറിൻ്റെ സൻസാർ സീമന്തെ(1975), ഗണദേവത (1978) എന്നിവയും സൗമിത്ര ചാറ്റർജിയുടെ അഭിനയ മികവ് പുറത്തെടുത്ത ചിത്രങ്ങളാണ്.

രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ഏഴു തവണ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. സൗമിത്ര ചാറ്റർജി എന്ന അതികായൻ്റെ ആരോഗ്യപൂർണമായ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് ബംഗാളി ചലച്ചിത്രലോകം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

i phone 11

ഐഫോൺ ആരാധകരുടെ ശ്രദ്ധയ്ക്ക്, ഉത്സവ സീസണിൽ 4_,999 രൂപയ്ക്ക് ഐഫോൺ 11 സ്വന്തമാക്കാം

Crime against women 

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം