Movie prime
മൗനം ഭേദിച്ച് ട്വിറ്റർ
 

ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നതായി പ്രസ്താവന

ഇന്ത്യയിൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നതായി മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്റർ.   കോൺഗ്രസിൻ്റെ ടൂൾകിറ്റ് വിവാദത്തെച്ചൊല്ലി  സർക്കാരുമായുള്ള ശീതയുദ്ധത്തിനിടയിലാണ് നിശ്ശബ്ദത വെടിഞ്ഞ് ട്വിറ്റർ രംഗത്തെത്തുന്നത്.  സാമൂഹ്യ മാധ്യമങ്ങളെ വരുതിയിലാക്കുന്ന പുതിയ ഡിജിറ്റൽ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുമെന്നും പൊലീസിന്റെ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾക്ക് അവസരമൊരുക്കുമെന്നും ട്വിറ്റർ അഭിപ്രായപ്പെട്ടു.  

നിയമം പാലിക്കാൻ പരിശ്രമിക്കും. എന്നാൽ സ്വതന്ത്രവും തുറന്നതുമായ അഭിപ്രായ പ്രകടനത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സർക്കാരിനോട് തുടർന്നും ആവശ്യപ്പെടും - ട്വിറ്റർ പറയുന്നു.  രാജ്യത്ത് 1.75 കോടി പേരാണ് ട്വിറ്റർ ഉപയോഗിക്കുന്നത്. 

മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിൻ്റെ കാര്യത്തിൽ നിയമപരമായ സംരംക്ഷണം നഷ്ടമായതിനു ശേഷം ആദ്യമായാണ് ട്വിറ്ററിൻ്റേതായി ഒരു പ്രതികരണം വരുന്നത്.  ഇന്ത്യക്കാരനായ കംപ്ലയിൻസ് ഓഫീസറെ നിയമിക്കാനും പരാതി പരിഹാര സംവിധാനം രൂപീകരിക്കാനും നിയമപരമായ ഉത്തരവ് ലഭിച്ചാൽ 36 മണിക്കൂറിനുള്ളിൽ ഉള്ളടക്കം നീക്കംചെയ്യാനും സാമൂഹ്യ മാധ്യമങ്ങളെ ബാധ്യതപ്പെടുത്തുന്നതാണ് ഫെബ്രുവരി 25-ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവര സാങ്കേതിക വിദ്യാ ചട്ടം.

ഇടനിലക്കാർ എന്ന നിലയിലുള്ള സംരക്ഷണമാണ് ഇതോടെ ഇല്ലാതാവുന്നത്.  പുതിയ ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഉപയോക്തൃ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി വാട്സാപ്പ് കോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളോട് ആഴത്തിലുള്ള പ്രതിബദ്ധതയാണ് തങ്ങൾ പുലർത്തുന്നതെന്ന് ട്വിറ്റർ അഭിപ്രായപ്പെട്ടു. 

രാജ്യത്തെ ഉപയോക്താക്കൾക്ക് തങ്ങൾ നല്കിവരുന്ന സേവനങ്ങൾ നിർണായകമാണ്.  കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് അത്തരം സേവനങ്ങൾ ഏറെ പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.  ട്വിറ്ററിൻ്റെ സേവനം രാജ്യത്തെ ജനങ്ങൾക്ക് തുടർന്നും ലഭ്യമാക്കുന്നതിന് രാജ്യത്ത് ബാധകമായ നിയമങ്ങൾ പാലിക്കാൻ തങ്ങൾ ശ്രമിക്കും.  പക്ഷേ, ലോകമെമ്പാടും ചെയ്യുന്നതുപോലെ, സുതാര്യതയ്ക്കും  ഉപയോക്താക്കളോടുള്ള പ്രതിബദ്ധതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിനും തങ്ങൾ വലിയ പരിഗണനയാണ് നല്കുന്നത്- ട്വിറ്റർ വക്താവ് പറഞ്ഞു.

ഇന്ത്യയിലെ സമീപകാല സംഭവങ്ങൾ ജീവനക്കാർക്ക് വലിയ തോതിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്. കോടിക്കണക്കായ ഉപയോക്താക്കളുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും അത് കനത്ത ഭീഷണിയാകും.  ഇന്ത്യയിലും ലോകമെമ്പാടുമുള്ള സിവിൽ‌ സമൂഹത്തിലെ നിരവധിപേർ കേന്ദ്ര സർക്കാരിൻ്റെ പുതിയ ഐ ടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേ ആശങ്ക ഞങ്ങൾക്കുമുണ്ട്.    

ആഗോളതലത്തിലുള്ള സേവന നിബന്ധനകൾ നടപ്പാക്കുന്നതിനൊപ്പം പുതിയ ഐ ടി നിയമങ്ങൾ പാലിക്കാനുള്ള ബാധ്യത കൂടി വന്നിരിക്കുകയാണ്.  

പൊലീസിന്റെ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾ ഇതിൽ പ്രധാനമാണ്. സ്വതന്ത്രവും തുറന്നതുമായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഇന്ത്യൻ സർക്കാരുമായുള്ള ക്രിയാത്മകമായ സംഭാഷണങ്ങൾ  തുടരാനാണ് തീരുമാനം. സഹകരണത്തോടെയുള്ള സമീപനം സ്വീകരിക്കേണ്ടത് ഈ ഘട്ടത്തിൽ നിർണായകമാണെന്ന് തങ്ങൾ കരുതുന്നു. 

പൊതുജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെയും വ്യവസായ മേഖലയുടെയും സിവിൽ സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്. 

ടൂൾകിറ്റ് വിവാദത്തിൽ ബിജെപി നേതാക്കളുടെ  പോസ്റ്റുകൾക്ക് നിയന്ത്രണം കൊണ്ടുവന്നതിനു ശേഷം  ട്വിറ്റർ കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക നിരീക്ഷണത്തിലാണ്. പ്രസ്തുത ടാഗുകൾ നീക്കംചെയ്യാൻ സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹി പൊലീസ് ട്വിറ്റർ ഇന്ത്യയുടെ ഓഫീസുകൾ സന്ദർശിക്കുകയും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച പ്രാബല്യത്തിൽ വന്ന പുതിയ ഐടി നിയമങ്ങൾ പ്രകാരം സാമൂഹ്യ മാധ്യമങ്ങൾ തത് സ്ഥിതി റിപ്പോർട്ട്  ഹാജരാക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.  അമ്പത് ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള വലിയ കമ്പനികളോടാണ് റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

53 കോടി ഉപയോക്താക്കളുള്ള വാട്സാപ്പും 41 കോടി ഉപയോക്താക്കളുള്ള ഫേസ്ബുക്കും 21 കോടി ഉപയോക്താക്കളുള്ള 
ഇൻസ്റ്റഗ്രാമുമാണ് ട്വിറ്ററിനു പുറമേ നിയമ ഭീഷണി നേരിടുന്ന മറ്റു പ്രധാന കമ്പനികൾ.

ഫേസ്ബുക്ക് സമയം നീട്ടി ചോദിച്ചിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കാൻ തയ്യാറാണെന്നും എന്നാൽ അതിനായി കൂടുതൽ സമയം അനുവദിക്കണമെന്നുമാണ് ഫേസ് ബുക്കിൻ്റെ ആവശ്യം. ഉള്ളടക്കം വെളിപ്പെടുത്താൻ കമ്പനികളെ നിർബന്ധിക്കുന്ന 'ട്രെയ്സബിലിറ്റി ക്ലോസ് ' സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാണെന്ന വാദവുമായി നിയമ പോരാട്ടത്തിനാണ് വാട്സാപ്പ് തുടക്കം കുറിച്ചിട്ടുള്ളത്.

ഇതേ വരെ മൗനം പാലിച്ചിരുന്ന ട്വിറ്റർ ആദ്യമായാണ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വരുന്നത്.