Movie prime

കേന്ദ്ര ഭീഷണിക്ക് വഴങ്ങി ട്വിറ്റർ

 

പുതിയ ഐ ടി റൂൾസ് അനുസരിക്കാമെന്നും ചട്ടങ്ങൾ അനുശാസിക്കുന്ന തരത്തിലുളള നടപടിക്രമങ്ങൾ എത്രയും വേഗം കൈക്കൊള്ളാമെന്നും കേന്ദ്ര സർക്കാരിനെ അറിയിച്ച് ട്വിറ്റർ. കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയത്തിന് എഴുതിയ കത്തിലാണ് രാജ്യത്ത് പുതിയതായി നിലവിൽ വന്ന ചട്ടപ്രകാരം പ്രവർത്തിക്കാൻ തങ്ങൾ പൂർണമായും സന്നദ്ധരാണെന്ന് ട്വിറ്റർ അറിയിച്ചത്. പുതിയ ചട്ടങ്ങൾ പ്രകാരം പ്രവർത്തിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച ട്വിറ്ററിന് നോട്ടീസ് നൽകിയിരുന്നു.

അന്ത്യശാസനം എന്ന നിലയിലുള്ള നോട്ടീസാണ് കൈമാറിയിരുന്നത്. എന്തുകൊണ്ട് നടപടി കൈക്കൊണ്ടില്ല എന്നതിന് മതിയായ വിശദീകരണവും തേടിയിരുന്നു. അതേത്തുടർന്നാണ്, രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ തങ്ങൾ തയ്യാറാണെന്നും മുഴുവൻ നടപടിക്രമങ്ങളും പാലിക്കാമെന്നും കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിലാണ് വീഴ്ച വന്നതെന്നും വിശദീകരിച്ചു കൊണ്ടുള്ള കത്ത് ട്വിറ്റർ  മന്ത്രാലയത്തിന് കൈമാറിയത് എന്നാണ് വിവരം.

പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്നും ഇക്കാര്യത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും സർക്കാരുമായുള്ള ക്രിയാത്മകമായ ചർച്ചകൾ തുടരുകയാണെന്നും ട്വിറ്റർ വക്താവിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ചത്തെ നോട്ടീസ് അന്ത്യശാസനമായി തന്നെ ട്വിറ്റർ കണക്കിലെടുത്തു എന്ന് കരുതാം.

നേരത്തേ, രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം വലിയ വെല്ലുവിളി നേരിടുകയാണ് എന്ന് ചൂണ്ടിക്കാട്ടി വാട്സാപ്പിനു പിന്നാലെ ട്വിറ്ററും കോടതിയെ സമീപിച്ചിരുന്നു. സ്വകാര്യതയെ ലംഘിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത് എന്നായിരുന്നു പ്രധാന വിമർശനം.

എന്നാൽ സാമൂഹ്യ മാധ്യമങ്ങളെയും ഒ ടി ടി പ്ലാറ്റ്ഫോമുകളേയും വരുതിയിൽ നിർത്താനും അവയ്ക്ക് കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഏതറ്റം വരെയും പോകും എന്ന നിലപാടിലാണ് സർക്കാർ എന്ന് ബോധ്യപ്പെട്ടതോടെ സ്വന്തം നിലപാട് മയപ്പെടുത്താൻ ട്വിറ്റർ നിർബന്ധിതരായി എന്നു വേണം കരുതാൻ. 

കഴിഞ്ഞയാഴ്ചത്തെ നോട്ടീസിൽ ട്വിറ്ററിൻ്റേത് രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണെന്ന് കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തെ ജനങ്ങൾക്കായി സുരക്ഷിതമായ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോംഒരുക്കുന്നതിൽ ആത്മാർഥതയുള്ള സമീപനം ട്വിറ്റർ പുലർത്തുന്നില്ലെന്നും വിമർശനങ്ങൾ ഉയർത്തിയിരുന്നു.

പത്തു വർഷത്തിലേറെയായി ട്വിറ്റർ രാജ്യത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ടെന്ന് കത്തിൽ പറയുന്നു.സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കി, വസ്തുതാപരമായ ഉള്ളടക്കം പ്രദാനം ചെയ്യുന്നതിൽ തികഞ്ഞ നിരുത്തരവാദിത്തമാണ് കമ്പനി പുലർത്തുന്നത്. കഴിഞ്ഞ മാസം നിലവിൽ വന്ന ചട്ടങ്ങൾ പ്രകാരം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന  ഉള്ളടക്കത്തിൻ്റെ ആദ്യ സ്രോതസ്സ് വെളിപ്പെടുത്താൻ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരാണ്. ഫേസ്ബുക്ക്, വാട്സാപ്പ്, യു ട്യൂബ്, ഇൻസ്റ്റഗ്രാം, ലിങ്ക്ഡ് ഇൻ, ട്വിറ്റർ ഉൾപ്പെടെ അമ്പതു ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള വൻകിട കമ്പനികളെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള കർക്കശമായ ചട്ടങ്ങളാണ് പുതിയതായി കൊണ്ടുവന്നിട്ടുള്ളത്.

ഇതു പ്രകാരം മുഴുവൻ സോഷ്യൽ മീഡിയാ കമ്പനികളും ഇന്ത്യക്കാരായ ഗ്രീവൻസ് ഓഫീസർ, നോഡൽ ഓഫീസർ, ചീഫ് കംപ്ലയൻസ് ഓഫീസർ എന്നിവരെ നിയമിക്കേണ്ടതുണ്ട്. ഫ്ലാഗ് ചെയ്ത് കണ്ടൻ്റുകൾ 36 മണിക്കൂറിനുള്ളിൽ നിരോധിക്കാനും നഗ്നത, പോർണോഗ്രഫി എന്നിവ ആരോപിക്കപ്പെടുന്ന കണ്ടൻ്റ് 24 മണിക്കൂറിനകം ഡിലീറ്റ് ചെയ്യാനും കമ്പനികളെ ബാധ്യസ്ഥരാക്കുന്നതാണ് പുതിയ നിയമം.

കേന്ദ്ര നിയമ പ്രകാരമുള്ള ചട്ടങ്ങൾ അനുസരിക്കാതിരുന്നാൽ ഇൻ്റർമീഡിയറി എന്ന നിലയ്ക്കുള്ള എല്ലാ നിയമ സുരക്ഷിതത്വവും ഇല്ലാതാകുമെന്ന ഭീഷണി കൂടി സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ നേരിടുന്നുണ്ട്. അതിനാൽ നിലനില്പിന് കനത്ത വെല്ലുവിളി ഉയർത്തുന്ന പുതിയ റൂളുകൾ മനസ്സില്ലാ മനസ്സോടെയാണെങ്കിലും അംഗീകരിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ. 

Watch Video Below