in ,

അര്‍ധ അതിവേഗ റെയില്‍പാത: മലബാറിന് പ്രയോജനമേറെ

അടുത്ത വര്‍ഷം നിര്‍മാണമാരംഭിച്ച് അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന സില്‍വര്‍ ലൈന്‍ എന്ന അര്‍ധ അതിവേഗ റെയില്‍പാത ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് മലബാര്‍ മേഖലയിലായിരിക്കുമെന്ന് പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍റെ (കെആര്‍ഡിസിഎല്‍) മാനേജിംഗ് ഡയറക്ടര്‍ വി അജിത് കുമാര്‍ അറിയിച്ചു. 

സില്‍വര്‍ ലൈനിനെക്കുറിച്ച് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അജിത് കുമാര്‍. പദ്ധതി യാഥാര്‍ഥ്യമായാല്‍ കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാസമയം നാലു മണിക്കൂറായി ചുരുങ്ങും. 

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കിയായിരിക്കും ഇരട്ട ലൈന്‍ അലൈന്‍മെന്‍റ് നടത്തുക. തിരൂര്‍ മുതല്‍ കാസര്‍കോടു വരെ അതിവേഗ റെയില്‍പാത നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായിരിക്കുമെന്നതിനാല്‍ ഭൂമി ഏറ്റെടുപ്പിന് വലിയ പ്രയാസമുണ്ടാകില്ല. ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കും.
തലസ്ഥാന നഗരിയിലേക്ക് ഒരു പകല്‍  കൊണ്ടു പോയി മടങ്ങിവരാമെന്ന സൗകര്യവും പദ്ധതിക്കുണ്ട്. ട്രക്കുകളും ലോറികളും കയറ്റാനും സംവിധാനമുണ്ടാകും. പുതിയ റെയില്‍വെ സ്റ്റേഷനുകളില്‍നിന്ന് നിലവിലുള്ള സ്റ്റേഷനുകളിലേക്കും പ്രധാന കേന്ദ്രങ്ങളിലേക്കും സര്‍വിസ് റോഡുകള്‍ ഉണ്ടാക്കും. 

തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് ആരംഭിക്കുന്ന ട്രെയിനിന് കൊല്ലം, ചെങ്ങനൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാകും സ്റ്റോപ്പുകളുണ്ടാവുക. റോഡ് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും പലതരത്തിലുള്ള പരിസ്ഥിതി മലിനീകരണങ്ങള്‍ക്കും  യാത്രാ സമയത്തിലുമുള്ള ഗണ്യമായ കുറവാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. യാത്രാ കണക്ടിവിറ്റി കൂടുതല്‍ എളുപ്പമാക്കാനുള്ള അനുബന്ധ പദ്ധതികള്‍ നടപ്പാക്കുമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കുമെന്നും അജിത് കുമാര്‍ അറിയിച്ചു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടര്‍  കെ ശ്രീനിവാസ റാവു ആശംസാ പ്രസംഗം നടത്തി. അടിസ്ഥാന സൗകര്യവികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ഇത്തരം പദ്ധതികള്‍ ഏറെ പ്രയോജനകരവും വികസനക്ഷമവുമാണെന്ന് അദ്ദേഹം പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ്  എ ശ്യാം സുന്ദര്‍ അധ്യക്ഷനായിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അജിത് കുമാര്‍ വിശദീകരണം നല്‍കി.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നിയമ സഹായസെല്‍ പ്രവര്‍ത്തനം തുടങ്ങി

​വീണ്ടും കുഴൽക്കിണർ അപകടം; ഇത്തവണ ​ഹരിയാണയിൽ