in

നമ്മുടെ മനോഭാവങ്ങൾ പാർക്കുന്ന ഭവനമാണ് വാക്കുകൾ; കർഷക സമരത്തെ അധിക്ഷേപിച്ച സുഹൃത്തിനെ വിമർശിച്ച് ശിഹാബുദ്ധീൻ പൊയ്‌ത്തുംകടവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

shihabuddin-poythumkadavu
ഇംഗ്ലീഷ് സാഹിത്യത്തിൽ അഗാധമായ അറിവ്. ലോക വിപണിയിൽ ഏറ്റവും ആദ്യം ഇറങ്ങിയ പുസ്തകത്തപ്പറ്റി ആദ്യം പ്രഭാഷണം നടത്തുന്ന ആൾ. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബം. വീട് നിറയെ ലോക ക്ലാസിക്കുകൾ. എന്നിട്ടും ഇന്നലെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ താങ്കൾ ഉപയോഗിച്ച ആ വാക്ക് ഇപ്പോഴും എന്നെ വേട്ടയാടുന്നു-‘സർദാർജിമാരുടെ ദില്ലിയിലെ ആ കർഷക സമരം’- എന്നാണ് നിങ്ങളുപയോഗിച്ച വാക്ക്. ഒന്നും പറയാനാവാതെ ഞാൻ സ്തബ്ധനായിപ്പോയി എന്നത് എൻ്റെ വലിയ പിഴ…കർഷക സമരത്തെ കേവലം “സർദാർജിമാരുടെ ദില്ലിയിലെ ആ സമരം” എന്ന് അധിക്ഷേപിച്ച സുഹൃത്തിനെ പേരെടുത്ത് പറയാതെ വിമർശിക്കുകയാണ് പ്രശസ്ത ചെറുകഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്. shihabuddin-poythumkadavu

പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം

സുഹൃത്തേ,ഇംഗ്ലീഷ് സാഹിത്യത്തിൽ അഗാധമായ അറിവ്. ലോക വിപണിയിൽ ഏറ്റവും ആദ്യം ഇറങ്ങിയ പുസ്തകത്തപ്പറ്റി ആദ്യം പ്രഭാഷണം നടത്തുന്ന ആൾ. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബം. വീട് നിറയെ ലോക ക്ലാസിക്കുകൾ. എന്നിട്ടും ഇന്നലെ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ താങ്കൾ ഉപയോഗിച്ച ആ വാക്ക് ഇപ്പോഴും എന്നെ വേട്ടയാടുന്നു-‘സർദാർജിമാരുടെ ദില്ലിയിലെ ആ കർഷക സമരം’- എന്നാണ് നിങ്ങളുപയോഗിച്ച വാക്ക്. ഒന്നും പറയാനാവാതെ ഞാൻ സ്തബ്ധനായിപ്പോയി എന്നത് എൻ്റെ വലിയ പിഴ തന്നെ.
രാത്രി നേരാംവിധം ഉറങ്ങിയില്ല. പറയാതെ പോയ വാക്കുകൾ നാവിൽ കയ്പ് ഊറ്റിക്കൊണ്ടിരുന്നു.ഞാൻ ക്ഷണികഭീരുവായ ഒരാളായതിനാലാവാം. 
നിങ്ങൾ ഈ post വായിച്ച് എന്നെ delete ചെയ്തേക്കാം.

എനിക്ക് വേണമെങ്കിൽ പകലിൽ എപ്പോഴെങ്കിലും ഫോണിൽ വിളിച്ച് നിങ്ങൾ ഇന്നലെ രാത്രി എന്നോടുപയോഗിച്ച വാക്കിനോടുള്ള എൻ്റെ കടുത്ത വെറുപ്പ് പ്രകടിപ്പിക്കാം. പക്ഷേ, ഞാനത് ചെയ്യുന്നില്ല. കാരണം, നിങ്ങൾ ഒരാളല്ല; അനവധിയാണ്. ചിലപ്പോൾ അതിൽ ഞാനും പെടും.കൊടുംമഞ്ഞിലും മഴയിലും അസ്ഥിയിൽ കുത്തുന്ന ശീതക്കാറ്റിലും ഇളകിപ്പോകുന്ന പ്ലാസ്റ്റിക്ടെൻറുകൾ വീണ്ടും വീണ്ടും വലിച്ച് കെട്ടി ആഴ്ചകളായി സമരം ചെയ്യുന്ന നിസ്സഹായരായ കർഷകർ. അതിലെ വയോവൃദ്ധർ. രോഗികൾ. മുഖ്യധാരാ മാധ്യമങ്ങൾ കൈവിട്ട പ്രതിഷേധ സമൂഹം…അവർ എങ്ങനെയാണ് സുഹൃത്തേ പെട്ടെന്ന്’ ‘സർദാർജിമാർ’ മാത്രമായിപ്പോയത് ?എത്ര പഠിച്ചിട്ടെന്ത്! എത്ര പുസ്തകം വായിച്ചിട്ടെന്ത്!സ്വന്തം മനസ്സിൽ ആണിയടിച്ചുറച്ചു പോയ സാമൂഹ്യ ഉപബോധത്തിനെതിരെ പൊരുതാനും ജാഗ്രതയോടെ നിലകൊള്ളാനും കഴിവില്ലാത്ത പടുവിഡ്ഢികൾ മാത്രം നമ്മൾ!! ഞാനും നിങ്ങളും അടങ്ങുന്ന ഓരോ ഇന്ത്യക്കാരനും ഉണ്ടുകൊണ്ടിരിക്കുന്ന പാത്രത്തിൽ നിന്ന് അംബാനിക്കും അദാനിക്കും വേണ്ടി പിടിച്ചുപറിക്കുന്നതിനെതിരാണ്  ഈ സമരം.

നിങ്ങളെ ഇതാര് പറഞ്ഞു മനസ്സിലാക്കും?ഓർത്ത് വെക്കേണ്ടതെല്ലാം മറന്നു പോവുകയും ആവശ്യമില്ലാത്തതെല്ലാം ഓർത്തുവെക്കുകയും ചെയ്യുന്ന പരിതാപകരമായ ഒരു ജനത. നാം ഉപയോഗിക്കുന്ന മുന്തിയ വസ്ത്രങ്ങൾ, കാറുകൾ, വീടുകൾ എത്ര ദരിദ്രമാണതൊക്കെ! എന്ത് മാത്രം പരിഹാസ്യമാണതൊക്കെ!നമ്മുടെ മുന്തിയ ബിരുദ ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ ആദ്യം മററുള്ളവരേയും ക്രമേണ അവനവനെത്തന്നെയും പറ്റിക്കാനുള്ളതാണ്. നമ്മുടെ എക്സിബിഷനിസ്റ്റ് വായനകളും അതെ. ഉള്ളറിവുകൾ എവിടെവെച്ച് പഠിക്കും? അതിനുള്ള നഴ്സറി സ്കൂളിനെയെങ്കിലും നമ്മൾ  തിരയേണ്ടിയിരിക്കുന്നു. കാരണം, വാക്കുകൾ നമ്മുടെ മനോഭാവങ്ങൾ പാർക്കുന്ന ഭവനമാണ്.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

വിജയ്‌ ചിത്രം ‘മാസ്റ്റർ’ കോപ്പിയടി വിവാദത്തിൽ

മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ജീനിയസ്സായി വിക്രം; കോബ്രയുടെ ടീസർ പുറത്തിറങ്ങി