Movie prime

നിങ്ങളേത് ഓട്ടയാണ് ഇരുട്ടുകൊണ്ടടയ്ക്കാൻ ശ്രമിക്കുന്നത്?

വഞ്ചിയൂർ കൈതമുക്ക് സംഭവത്തിൽ ചർച്ച തുടരുകയാണ്. സ്വന്തം കക്ഷിയെ വെള്ളപൂശാനും അപരനെ കരിവാരിത്തേക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൊട്ടിഘോഷിക്കപ്പെട്ട കേരള വികസന മാതൃകയുടെ പുറമ്പോക്കുകളിലും അധഃസ്ഥിത ജീവിതങ്ങളുണ്ട് എന്നതാണ് മൂടിവെയ്ക്കാൻ നാം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യം. അത്തരമൊരു യാഥാർഥ്യത്തോട് പുറം തിരിഞ്ഞു നിൽക്കുന്നവർക്കേ, അവർ ഏതു രാഷ്ട്രീയകക്ഷിയുടെ അനുയായികളായാലും ഇത്തരത്തിൽ ചേരി തിരിഞ്ഞു നിന്ന് യാഥാർഥ്യങ്ങളെ വികലമായി വിലയിരുത്താനും വിശകലനം ചെയ്യാനും കഴിയൂ. കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡുവരെ പട്ടിണിക്കാരായ മനുഷ്യരുണ്ട്. പുറമ്പോക്കുകളിലും ചേരികളിലും പട്ടിക ജാതി കോളനികളിലും ആദിവാസി ഊരുകളിലും അരക്ഷിത ജീവിതങ്ങളുണ്ട്. ഒന്നും കെട്ടുകഥകളല്ല, ഒന്നും… വിശപ്പു കൊണ്ട് അരി മോഷ്ടിച്ച ആദിവാസി യുവാവ് ഒരു കെട്ടുകഥയായിരുന്നില്ല. അവനെ More
 
നിങ്ങളേത് ഓട്ടയാണ് ഇരുട്ടുകൊണ്ടടയ്ക്കാൻ ശ്രമിക്കുന്നത്?

വഞ്ചിയൂർ കൈതമുക്ക് സംഭവത്തിൽ ചർച്ച തുടരുകയാണ്. സ്വന്തം കക്ഷിയെ വെള്ളപൂശാനും അപരനെ കരിവാരിത്തേക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൊട്ടിഘോഷിക്കപ്പെട്ട കേരള വികസന മാതൃകയുടെ പുറമ്പോക്കുകളിലും അധഃസ്ഥിത ജീവിതങ്ങളുണ്ട് എന്നതാണ് മൂടിവെയ്ക്കാൻ നാം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യം. അത്തരമൊരു യാഥാർഥ്യത്തോട് പുറം തിരിഞ്ഞു നിൽക്കുന്നവർക്കേ, അവർ ഏതു രാഷ്ട്രീയകക്ഷിയുടെ അനുയായികളായാലും ഇത്തരത്തിൽ ചേരി തിരിഞ്ഞു നിന്ന് യാഥാർഥ്യങ്ങളെ വികലമായി വിലയിരുത്താനും വിശകലനം ചെയ്യാനും കഴിയൂ. കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡുവരെ പട്ടിണിക്കാരായ മനുഷ്യരുണ്ട്. പുറമ്പോക്കുകളിലും ചേരികളിലും പട്ടിക ജാതി കോളനികളിലും ആദിവാസി ഊരുകളിലും അരക്ഷിത ജീവിതങ്ങളുണ്ട്. ഒന്നും കെട്ടുകഥകളല്ല, ഒന്നും… വിശപ്പു കൊണ്ട് അരി മോഷ്ടിച്ച ആദിവാസി യുവാവ് ഒരു കെട്ടുകഥയായിരുന്നില്ല. അവനെ തല്ലിക്കൊന്ന പരിഷ്കൃത മനുഷ്യരും കെട്ടുകഥകളിലെ മനുഷ്യരായിരുന്നില്ല. പട്ടിണിക്കാർ, ഉടുതുണിക്ക് മറുതുണിയില്ലാത്തവർ, വിശപ്പു മൂലം അയൽവീടുകളിൽ കേറി ഭക്ഷണം മോഷ്ടിക്കുന്നവർ… അവരെല്ലാം ഇവിടെത്തന്നെയുണ്ട്; നാം കാണുന്നില്ലെന്നേയുള്ളൂ. വികസനക്കുതിപ്പിലും ഹൈടെക്ക് സൗകര്യങ്ങളിലും വല്ലാതെ അഭിരമിച്ചുപോകുന്ന കേരളീയ സാമൂഹ്യ ജീവിതത്തിന്റെ പുറമ്പോക്കുകളിലാണ് ഇവരിൽ ഏറെപ്പേരും കഴിയുന്നത്. നഗരജീവിതക്കാഴ്ചകളുടെ വിസ്തൃതികളിലേക്കും വിസ്മയങ്ങളിലേക്കും 24×7 തുറന്നുവച്ചിട്ടുള്ള ചാനൽക്കണ്ണുകളൊന്നും പകിട്ടുകുറഞ്ഞ ജീവിതക്കാഴ്ചകളിൽ പുളകിതരാകാറില്ല. അടിത്തട്ട് ജീവിതങ്ങൾ കാണാത്തവർക്ക് ഇത്തരം മനുഷ്യരുടെ ജീവിതം അവിശ്വസനീയമായി തോന്നാം. കെട്ടിച്ചമയ്ക്കുന്ന കഥകളായി തോന്നാം. കെട്ടുകഥകളേക്കാൾ വിചിത്രമായി തോന്നാം…

വഞ്ചിയൂർ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് സാമൂഹ്യ നിരീക്ഷകൻ ഷിജു ദിവ്യ ഫേസ് ബുക്കിൽ എഴുതിയത് ഞങ്ങൾ പങ്കുവെയ്ക്കുന്നു. ഭൂരഹിതർക്ക് ഭൂമി നൽകുന്നതും സാമൂഹ്യ വിശകലനത്തിന്റെ കേന്ദ്ര സ്ഥാനത്ത് സ്ത്രീ പക്ഷ, ദലിത്പക്ഷ മൂല്യവിചാരങ്ങൾ അടക്കമുള്ള നവീനാശയങ്ങളെയും സഹജീവി സ്നേഹത്തെയും സ്ഥാപിക്കുന്നതും അടക്കമുള്ള അഴിച്ചുപണിയലാണ് ഈ സംഭവം ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് പൂർണരൂപത്തിൽ

വഞ്ചിയൂർ കൈതമുക്കിലെ സംഭവത്തിൽ ‘കുഞ്ഞ് മണ്ണുതിന്നിട്ടില്ല’ എന്ന അമ്മയുടെ പ്രസ്താവന ഉയർത്തിപ്പിടിച്ച് ആഹ്ലാദനൃത്തം ചവിട്ടുന്നവരോടാണ്. നിങ്ങളേത് ഓട്ടയാണ് ഇരുട്ടു കൊണ്ടടയ്ക്കാൻ ശ്രമിക്കുന്നത്?

കേരള വികസന മാതൃകയാൽ പുറം തള്ളപ്പെട്ട ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണാ കുടുംബം. ചവിട്ടി നിൽക്കാൻ ഒരു പിടി മണ്ണിലാതെ കോളനികളിലും പുറമ്പോക്കുകളിലും കടത്തിണ്ണകളിലും ജീവിക്കുന്നവർ. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വികസന വായ്ത്താരികൾ വിളംബരം ചെയ്യുന്ന ഫ്ലക്സുകൾ കൊണ്ട് ഒരുപകാരം മാത്രമാണ് അവർക്കുള്ളത്. കൂനിക്കൂടിക്കഴിയുന്ന കൂരകളുടെ ചോർച്ച തടയാം.

അമിത മദ്യപാനവും ലൈംഗികാതിക്രമങ്ങളടക്കമുള്ള അക്രമോത്സുക പുരുഷാധിപത്യവും പോഷകാഹാരക്കുറവും നിരക്ഷരതയും , പൊതു സമൂഹത്തിന്റെ പുച്ഛവും വിദ്വേഷവും മാറ്റി നിർത്തലും കൂടിക്കുഴഞ്ഞു നിൽക്കുന്ന ചതുപ്പു നിലങ്ങളിൽ വഴുക്കി നിൽക്കുന്നൊരു ജനത. ദാരിദ്ര്യവും സാമൂഹ്യ വിവേചനങ്ങളും അധികം മനുഷ്യരേയും സ്വയം വിശുദ്ധരാക്കുന്നില്ല, വിപ്ലവകാരികളും.

ചാനലുകളായ ചാനലുകൾ മുഴുവൻ അവർ ഭർത്താവിന്റെ അക്രമത്തെക്കുറിച്ച് പറയുന്നു. ആണ്ടോടാണ്ട് പ്രസവിക്കാൻ നിർബന്ധിക്കുന്ന ബലാൽക്കാരമടക്കമുള്ളത്. ഒരു തുണ്ടുകടലാസിൽ ഒരു പരാതി എഴുതി നൽകിയാൽ അയാൾ അഴിയെണ്ണേണ്ടുന്ന നിയമം നമുക്കുണ്ട്. പക്ഷേ അറിഞ്ഞിടത്തോളം അങ്ങനെയൊരു പരാതി ആ സ്ത്രീ എഴുതിയിട്ടില്ല. അവരെന്നല്ല, ഭൂരിഭാഗം സ്ത്രീകളുമെഴുതില്ല.
ഈ ദുരിതപർവ്വത്തിലും അതെഴുതാൻ കഴിയാത്ത വിധം ആ സ്ത്രീയെ നിശ്ശബ്ദയാക്കി നിർത്തുന്ന പരോക്ഷ അധികാര വ്യവസ്ഥയുടെ പേരാണ് ഹെജിമണി. ജന്മം മുതൽ പരിശീലിക്കുന്ന അധീശത്വ മൂല്യങ്ങൾ.ഭൂരഹിതർക്ക് ഭൂമി നൽകുന്നതും സാമൂഹ്യ വിശകലനത്തിന്റെ കേന്ദ്ര സ്ഥാനത്ത് സ്ത്രീ പക്ഷ , ദലിത്പക്ഷ മൂല്യവിചാരങ്ങൾ അടക്കമുള്ള നവീനാശയങ്ങളെയും സഹജീവി സ്നേഹത്തെയും സ്ഥാപിക്കുന്നതും അടക്കമുള്ള അഴിച്ചുപണിയലാണ് ഈ സംഭവം ആവശ്യപ്പെടുന്നത്. തീർച്ചയായിട്ടും കേരളം മികച്ച മാതൃക തന്നെയാണ്, ഇന്ത്യയിലെ ദേശങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും. അതുകൊണ്ടു മാത്രം കേരളം കുറ്റമറ്റ ദേശ ജീവിതവുമല്ല.നിങ്ങളുടെ സർക്കാർ, അവരുടെ എം.പി, മറ്റവരുടെ എം എൽ എ, കുഞ്ഞിന്റെ അച്ഛന്റെ പാർടി എന്ന തരം ലജ്ജാകരമായ ബ്രാന്റിങ്ങല്ല , മുൻവിധികളില്ലാത്ത തിരുത്തലുകളാണാവശ്യം. അമ്മയ്ക്ക് തൊഴിൽ നൽകിയതും കുഞ്ഞുങ്ങളെ ഏറ്റെടുത്തതും ആശ്വാസകരമാണ്. പക്ഷേ ഇതൊരു കുടുംബത്തിന്റെ മാത്രം ജീവിതകഥയല്ല.