Movie prime

സിക്ക പ്രതിരോധം: തീവ്രയജ്ഞ പരിപാടിക്കു തുടക്കമായി

 

തിരുവനന്തപുരം ജില്ലയിൽ സിക്ക വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള തീവ്രയജ്ഞം ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തിരുവനന്തപുരം നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കൊതുക് നശീകരണത്തിന് ഒരാഴ്ച ഫോഗിങ് നടത്തും. മറ്റു പ്രദേശങ്ങളിലും പ്രതിരോധം ഊർജ്ജിതമാക്കുമെന്നു കളക്ടർ പറഞ്ഞു.

സിക്ക വൈറസിനെതിരേ ജില്ലയിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ചുള്ള പ്രവർത്തനങ്ങൾ നേരത്തേ തുടങ്ങിയിരുന്നു. ആനയറ കേന്ദ്രീകരിച്ചു  മൂന്നു കിലോമീറ്റർ പരിധിയിൽ സിക്ക വൈറസിന്റെ ക്ലസ്റ്റർ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയ്ക്കു പ്രത്യേക പ്രാധാന്യം നൽകും. കൊതുകിന്റെ ഉറവിട നശീകരണത്തിനാകും പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻതൂക്കം. പൊതുജനങ്ങൾക്ക് സിക്ക വൈറസിനെ സംബന്ധിച്ച്  അവബോധം നൽകുന്നതിനു മൈക്ക് അനൗൺസ്മെന്റ്, വ്യക്തിഗത ആശയവിനിമയം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ നൽകുന്നുണ്ടെന്നു കളക്ടർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണു പ്രവർത്തനങ്ങൾ നടത്തുന്നത്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂർ സിക്ക കൺട്രോൾ റൂം തുറന്നു. 0471 2475088 , 0471 2476088 എന്നിവയാണു നമ്പറുകൾ.