Movie prime

അത് കൊണ്ട്… വേണോ മുഖ്യമന്ത്രീ, ഈ സാഹസമൊക്കെ?

കേരളത്തിൽ രാത്രി ഏറെ വൈകിയും മദ്യം കിട്ടുന്ന പബ്ബുകൾ വേണമെന്ന ആവശ്യം ഗൗരവപൂർവം പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പലതലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഐ ടി രംഗത്ത് കൂടുതൽ തൊഴിൽ സാഹചര്യങ്ങൾ കൊണ്ടുവരാനും വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാനും അവരുടെ ജീവിത ശൈലിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഇവിടെയും ഒരുക്കണം എന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറയുന്നതുപോലെ പബ്ബുകൾ വന്നാൽ എന്താണ് സംഭവിക്കുക? സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ബന്ധിപ്പിച്ച് ഓപ്പൺ മാഗസിൻ അസോസിയേറ്റ് എഡിറ്റർ ഷാഹിന നഫീസയുടെ രസകരമായ ഫേസ് ബുക്ക് പോസ്റ്റ് കേരളത്തിൽ More
 
അത് കൊണ്ട്… വേണോ മുഖ്യമന്ത്രീ, ഈ സാഹസമൊക്കെ?

കേരളത്തിൽ രാത്രി ഏറെ വൈകിയും മദ്യം കിട്ടുന്ന പബ്ബുകൾ വേണമെന്ന ആവശ്യം ഗൗരവപൂർവം പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പലതലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഐ ടി രംഗത്ത് കൂടുതൽ തൊഴിൽ സാഹചര്യങ്ങൾ കൊണ്ടുവരാനും വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാനും അവരുടെ ജീവിത ശൈലിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഇവിടെയും ഒരുക്കണം എന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറയുന്നതുപോലെ പബ്ബുകൾ വന്നാൽ എന്താണ് സംഭവിക്കുക? സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ബന്ധിപ്പിച്ച്
ഓപ്പൺ മാഗസിൻ അസോസിയേറ്റ് എഡിറ്റർ ഷാഹിന നഫീസയുടെ
രസകരമായ ഫേസ് ബുക്ക് പോസ്റ്റ്

കേരളത്തിൽ പബ് തുടങ്ങാൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ. പക്ഷേ, മുഖ്യമന്ത്രിയുടെ ഈ തീരുമാനം ആഭ്യന്തരമന്ത്രി അംഗീകരിക്കുന്നുണ്ടോ എന്ന് ആദ്യം നോക്കണം. പബുകൾക്കെതിരെ സ്വാഭാവികമായും സംഘികൾ എതിർപ്പുമായി വരും. പബ്ബിൽ പോകുന്നവരെ സംഘികൾ ആക്രമിക്കും. ആക്രമണത്തിന് ഇരയായവർക്കെതിരെ ആഭ്യന്തരമന്ത്രിയുടെ പോലീസ് കേസെടുക്കും. ആക്രമിച്ചവർക്കെതിരെയുള്ള പരാതികൾ ചവറ്റു കുട്ടയിൽ പോകും.പബ്ബിൽ പോകുന്നവരെ ആക്രമിക്കുന്ന സംഘികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ സമരം ചെയ്യും. അവരെ ഒന്നാകെ ആഭ്യന്തരമന്ത്രിയുടെ പോലീസ് പിടിച്ചു കൊണ്ട് പോകും.

ശേഷം, പോലീസ് പബുകൾക്ക് മുന്നിൽ സദാ നിലയുറപ്പിക്കും. പബ്ബിൽ നിന്നിറങ്ങി വരുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും പിടികൂടി അപമാനിക്കും. വീട്ടുകാരെ വിളിച്ചു വരുത്തി പെൺകുട്ടിയെ അവരുടെ ഒപ്പം പറഞ്ഞു വിടുകയും ആൺകുട്ടിയെ ലോക്കപ്പിൽ കയറ്റി മർദ്ദിക്കുകയും അവസരം കിട്ടിയാൽ ഉരുട്ടികൊല്ലുകയും ചെയ്യും. പബ്ബിൽ പോകുന്നവരിൽ ആൺകുട്ടി മുസ്ലിമും പെൺകുട്ടി ഹിന്ദുവുമാണെങ്കിൽ ലവ് ജിഹാദിന് കേസെടുക്കും. മതസ്പർദ്ധ വളർത്തി എന്നത് മുതൽ രാജ്യദ്രോഹത്തിന് വരെ കേസെടുത്ത് അവനെ സുപ്രീം കോടതി വരെ നടത്തിക്കും.

ഈ പൊല്ലാപ്പൊക്കെ ഒഴിവാക്കാം എന്ന് കരുതി പെൺസുഹൃത്തുക്കളെ കൂട്ടാതെ പബ്ബിൽ വരുന്ന ആൺകുട്ടികളെ ഇന്റലിജൻസ് പ്രത്യേകമായി നിരീക്ഷിക്കും. തീവ്രഇടത് നിലപാടുള്ള ചെറുപ്പക്കാർ ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്താനാണ് പബ്ബിൽ വരുന്നത് എന്നവർ കണ്ടെത്തും. ശേഷം ഇവരെ UAPA ചുമത്തി അകത്തിടും.

ഈ ഘട്ടത്തിൽ മുഖ്യമന്ത്രി ഇടപെടും. എങ്ങനെ? ഞങ്ങൾ UAPAക്ക് എതിരാണെന്ന് ആണയിടും. അങ്ങനെ ആണയിട്ട് കൊണ്ടിരിക്കുമ്പോൾ ഉടൻ ചീഫ് സെക്രട്ടറി ഒരു ലേഖനം എഴുതും. കേരളത്തിലെ പബുകൾ മാവോയിസ്റ്റുകളുടെ വിഹാരരംഗമാണെന്നും പബുകളിൽ പോകുന്നവർക്ക് മനുഷ്യാവകാശങ്ങൾ ബാധകമല്ലെന്നും. അപ്പോൾ അന്തം വിട്ട് നമ്മൾ മുഖ്യമന്ത്രിയെ നോക്കും. അപ്പോൾ അദ്ദേഹം വായിൽ പഴം തിരുകി വെച്ച് ഇരിക്കുന്നുണ്ടാവും. ആഭ്യന്തരമന്ത്രിയാകട്ടെ, പോലീസ് എഴുതി കൊടുത്ത കടലാസ്സ് തുണ്ട് നിയമസഭയിൽ വായിക്കും.

അല്ലെങ്കിലും കുലത്തൊഴിൽ മറക്കില്ലല്ലോ ചോ. കൂ മോനെ എന്ന് സംഘികൾ നിരത്തി പോസ്റ്റിടും. അതിനെതിരെ സൈബർ പൊലീസിന് കൊടുക്കുന്ന പരാതികൾ ഒറ്റ ക്ലിക്കിനു delete ചെയ്യപ്പെടും. ‘മറ്റുള്ളവർ മദ്യപിക്കുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല, പക്ഷേ വിശ്വാസിയായ ഒരു മുസ്ലിം എന്ന നിലയിൽ ഞാൻ ഈ തീരുമാനത്തോട് വിയോജിക്കുന്നു’ എന്ന് പോസ്റ്റിടുന്ന മുസ്ലിമിനെതിരെ 153 A ഇട്ട് കേസെടുക്കും.

ഈ നടക്കുന്നതൊന്നും ശരിയല്ല എന്ന് അഭിപ്രായമുള്ള അവശേഷിക്കുന്ന ഇടത് പക്ഷക്കാർ സ്റ്റേറ്റ് കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഈ പ്രശ്നം ഉന്നയിക്കും. അതോടെ അവസാനത്തെ റിപ്പോർട്ടും ആഭ്യന്തരമന്ത്രി പുറത്തെടുക്കും. ഏത്‌ റിപ്പോർട്ട്? സിപിഎമ്മിൽ പബ് സംസ്കാരം നുഴഞ്ഞു കയറുന്നു എന്ന പാർട്ടി സെക്രട്ടറി..സോറി റമൺശ്രീ വാസ്തവയുടെ റിപ്പോർട്ട്. അതോടെ സെക്രട്ടേറിയറ്റ് അംഗങ്ങൾ പത്തി മടക്കും.

അത് കൊണ്ട്…..

വേണോ മുഖ്യമന്ത്രീ ഈ സാഹസമൊക്കെ?

പോലീസിന്റെ ഓരോ നരവേട്ട കഴിയുമ്പോഴും ഒരു ജനപ്രിയ പരിപാടി പ്രഖ്യാപിച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന ഈ പരിപാടി നിർത്തിക്കൂടെ? സത്യായിട്ടും ബോറടിച്ചു. അതോണ്ടാ.