in

കരുതലുമായി സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍

ലോകത്ത് കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വലിയ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ രോഗം ബാധിച്ചാല്‍ അതില്‍ ഏറ്റവുമധികം അപകട സാധ്യതയുള്ളവരാണ് കുട്ടികളും ഗര്‍ഭിണികളും വയോജനങ്ങളും. കൂടാതെ കൗമാരക്കാര്‍, മറ്റ് ശാരീരിക അവശതകള്‍ ഉള്ളവര്‍, മറ്റ് മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അവരുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തുടക്കം മുതല്‍ തന്നെ വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പിനോടൊപ്പം സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പുകള്‍ നടത്തിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുകയും ശക്തിപ്പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. വയോമിത്രം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വയോജനങ്ങള്‍ക്ക് മരുന്നുകളും മറ്റും കൃത്യമായി വീട്ടിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷ മിഷനും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് ഇത് നടപ്പിലാക്കുന്നത്. അവര്‍ക്കാവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യം ഉണ്ടോയെന്നും തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തും.
കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ വിവിധ ഹോമുകളില്‍ താമസിക്കുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് നിര്‍ദേശിക്കുകയും അവര്‍ക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ പുതിയ അഡ്മിഷന്‍ നടത്തുന്നതല്ല. അത്യാവശ്യമായി അഡ്മിഷന്‍ നടത്തേണ്ടതുണ്ടെങ്കില്‍ അവരെ നിരീക്ഷണത്തില്‍ ആക്കിയ ശേഷമായിരിക്കും ഹോമിലേക്ക് മാറ്റുന്നത്.ഭിന്നശേഷിക്കാര്‍ താമസിക്കുന്ന സ്ഥാപനങ്ങളിലും ഈ നിയന്ത്രണമുണ്ടാകും. ബഡ്‌സ് സ്‌കൂളുകളും സ്‌പെഷ്യല്‍ സ്‌കൂളുകളും അവധിയായതിനാല്‍ ഇംഹാന്‍സിന്റെ ഗൈഡ് ലൈന്‍ അനുസരിച്ച് ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ വഴിയോ കുട്ടികള്‍ക്കുള്ള പരിചരണങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്. കോവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരെ ഒരു കാരണവശാലും ഇവരുമായി സമ്പര്‍ക്കത്തിലാക്കാന്‍ അനുവദിക്കരുത്.

മാനസികാരോഗ്യം, കേള്‍വി, കാഴ്ച എന്നിവയില്‍ പരിമിധിയുള്ളവര്‍ക്കും പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സൈന്‍ ലാംഗേജിലൂടേയും കാഴ്ച പദ്ധതിയിലൂടെ നല്‍കിയ ഫോണ്‍ വഴിയും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കുന്നു.
ട്രാന്‍സ്‌ജെന്‍ര്‍ വ്യക്തികള്‍ക്ക് പ്രത്യേക താമസ സ്ഥലം ഒരുക്കുന്നതിനും ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിനും വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല 1000 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സൗജന്യ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തുവരുന്നു.

വനിത ശിശുവികസന വകുപ്പിന് കീഴിലും വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി പ്രതിരോധത്തിന് വനിത ശിശുവികസന വകുപ്പ് മുന്നിട്ടിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 60,000ത്തോളമുള്ള അങ്കണവാടി ജീവനക്കാര്‍ രംഗത്തുണ്ട്. കോവിഡ് 19 ബോധവതിക്കരണത്തിനും വിവരശേഖരണത്തിനും ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’ എന്ന പേരില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കുകയും ചെയ്തു. ഫോണിലൂടെ അറിയിപ്പുകള്‍, സംശയനിവാരണം, വിവരശേഖരണം, മറ്റ് സേവനങ്ങള്‍ എന്നിവ നല്‍കുന്ന ഒരു പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കി വരുന്നു. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്കും 3 ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 2 ലക്ഷത്തോളം കൗമാര പ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഇതനുസരിച്ച് പ്രയോജനം ലഭിക്കുന്നു. ഏതെങ്കിലും പഞ്ചായത്തില്‍ ഈ പ്രവര്‍ത്തനത്തിന് തടസമുണ്ടാകുന്നു എങ്കില്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് സൂപ്പര്‍വൈസര്‍മാരും സി.ഡി.പി.ഒ.മാരും നേതൃത്വം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഹോമുകളില്‍ താമസിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രത്യേക മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് പ്രത്യേക പരിചരണം നല്‍കും. രക്ഷിതാക്കളുള്ള കുട്ടികളെ അവരുടെ വീട്ടിലയച്ച് മതിയായ പരിചരണം നല്‍കാന്‍ നിര്‍ദേശിക്കും. ആയിരത്തോളം വരുന്ന സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ ജില്ലാതലത്തില്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് നിരീക്ഷണത്തിലുള്ളവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കിവരുന്നു.

സി.ഡബ്ല്യു.സി. കേസുകള്‍ അത്യാവശ്യമുള്ളത് മാത്രം സാമൂഹിക അകലം പാലിച്ച് നടത്തും. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവയുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. പോലീസുകാരുടെ സഹായത്തോടെ ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഇതിന് കൗണ്‍സിലര്‍മാരുടേയും സേവനം ഉപയോഗപ്പെടുത്തും.
കോവിഡ് 19ന്റെ സാമൂഹ്യ വ്യാപനം ചെറുക്കാന്‍ വളരെയേറെ പ്രയത്‌നിക്കേണ്ടതുണ്ട്. ആ യജ്ഞത്തില്‍ എല്ലാം മാറ്റിവച്ച് മുന്നില്‍ നില്‍ക്കുകയാണ് സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പുകളെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാൻ ഡിജിറ്റല്‍ പേയ്‌മെന്റ് നിർദേശിച്ച് എന്‍പിസിഐ

ഡൽഹിയിൽ പലവ്യഞ്ജന കടകൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും