Movie prime

ഇന്ത്യാ ചരിത്രം തിരുത്തിയെഴുതി സോനഝാരിയ മിൻസ

ഒരു സർവകലാശാലയുടെ തലപ്പത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ഒരു വനിത നിയമിക്കപ്പെടുന്നത് ഇന്ത്യാചരിത്രത്തിൽ ആദ്യമായാണ്. ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സോനഝാരിയ മിൻസ ജനിച്ചത്. 100-ൽ 100 മാർക്ക് നേടിയിട്ടും കണക്കിൽ ബിരുദമെടുക്കാനുള്ള പട്ടികവർഗ പെൺകുട്ടിയുടെ അഭിനിവേശത്തെ “തുംസേ നാ ഹോ പായേഗാ” എന്ന വാക്കുകൾ കൊണ്ട് കെടുത്താൻ ശ്രമിച്ച ഗണിതാധ്യാപകനാണ് കണക്കിൽത്തന്നെ ഉപരിപഠനം നടത്താനുള്ള നിശ്ചയദാർഢ്യത്തിൻ്റെ വീറും വാശിയും പകർന്നു നല്കിയത്. പിൽക്കാലത്ത് പ്രഗത്ഭയായ ഒരു അധ്യാപികയായി മിൻസ മാറുന്നതും “നീ അത്ര പോര” എന്ന അവഹേളനങ്ങളുടെ പലതരം കയ്പുനീരുകൾ കുടിച്ചിറക്കിക്കൊണ്ടാണ്. More
 
ഇന്ത്യാ ചരിത്രം തിരുത്തിയെഴുതി സോനഝാരിയ മിൻസ

ഒരു സർവകലാശാലയുടെ തലപ്പത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ഒരു വനിത നിയമിക്കപ്പെടുന്നത് ഇന്ത്യാചരിത്രത്തിൽ ആദ്യമായാണ്. ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സോനഝാരിയ മിൻസ ജനിച്ചത്. 100-ൽ 100 മാർക്ക് നേടിയിട്ടും കണക്കിൽ ബിരുദമെടുക്കാനുള്ള പട്ടികവർഗ പെൺകുട്ടിയുടെ അഭിനിവേശത്തെ “തുംസേ നാ ഹോ പായേഗാ” എന്ന വാക്കുകൾ കൊണ്ട് കെടുത്താൻ ശ്രമിച്ച ഗണിതാധ്യാപകനാണ് കണക്കിൽത്തന്നെ ഉപരിപഠനം നടത്താനുള്ള നിശ്ചയദാർഢ്യത്തിൻ്റെ വീറും വാശിയും പകർന്നു നല്കിയത്. പിൽക്കാലത്ത് പ്രഗത്ഭയായ ഒരു അധ്യാപികയായി മിൻസ മാറുന്നതും “നീ അത്ര പോര” എന്ന അവഹേളനങ്ങളുടെ പലതരം കയ്പുനീരുകൾ കുടിച്ചിറക്കിക്കൊണ്ടാണ്. ഭോപ്പാൽ, മധുര യൂണിവേഴ്സിറ്റികളിൽ നിന്ന് ജെ എൻ യു വരെ എത്തുന്ന അധ്യാപന ജീവിതം. 1992 മുതൽ ജെ എൻ യു വിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആൻ്റ് സിസ്റ്റംസ് സയൻസസിൽ പഠിപ്പിക്കുന്നു. 2018-19 കാലത്ത് ജെ എൻ യു ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ടായിരുന്നു. ലോക്ക് ഡൗൺ കാലത്ത് റാഞ്ചിയിൽ കഴിയവെയാണ് വൈസ് ചാൻസലർ ജോലിക്ക് അപേക്ഷിക്കുന്നത്. സിഡോ കൻഹു മുർമു സർവകലാശാല വൈസ് ചാൻസലറായി

സോനഝാരിയ മിൻസയെ നിയമിച്ചുകൊണ്ടുള്ള ജാർഖണ്ഡ് സെക്രട്ടേറിയറ്റ് വിജ്ഞാപനം വന്നതോടെ രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന വ്യക്തിത്വമായി അവർ മാറിയിരിക്കുന്നു. മൂന്നു വർഷമാണ് എസ് കെ എം യു വൈസ് ചാൻസലർ പദവിയിൽ മിൻസ ഇരിക്കുക. പിന്നീട് ജെഎൻയു വിൽ മടങ്ങിയെത്തുമെന്നും അധ്യാപന ജോലി തുടരുമെന്നും അവർ പറയുന്നു.

ഈ നിയമനത്തിൻ്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചും പ്രൊഫ. സോനഝാരിയ മിൻസ എന്ന വ്യക്തിത്വത്തിൻ്റെ സവിശേഷതകളെ പറ്റിയുമാണ് ഷിജു ദിവ്യ തൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ എഴുതുന്നത്.

ഇന്ത്യാ ചരിത്രം തിരുത്തിയെഴുതി സോനഝാരിയ മിൻസ
ഷിജു ദിവ്യ

പോസ്റ്റ് പൂർണ രൂപത്തിൽ

………..

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സര്‍വകലാശാലയുടെ

വൈസ് ചാന്‍സലറായി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒരു വനിത നിയമിക്കപ്പെടുകയാണ്. അങ്ങനെയാണ് സോനഝാരിയ മിൻസ ചരിത്രമാവുന്നത്.

അതൊരു ഔപചാരിക പ്രതിനിധാനമല്ലെന്നു ബോദ്ധ്യമാക്കും അവരുടെ വാക്കുകൾ.

ജെ.എൻ.യു ഈയടുത്തു കണ്ട പ്രക്ഷോഭങ്ങളുടെ മുഴുവൻ മുൻനിരയിൽ സോന ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 5ന് ജെ എൻ യു വിൽ നടന്ന പോലീസ് ആക്രമണത്തിൽ അവർക്ക് പരിക്കേൽക്കുകയുണ്ടായി.

“ഈ മഹാമാരിയുടെ കാലത്ത് നമ്മുടെ പ്രധാനമന്ത്രി, ഭരണകൂടം നമ്മളോട് വീടുകളിൽ അടച്ചിരിക്കാൻ പറഞ്ഞു. സുരക്ഷിതമായ അകലം പാലിക്കാൻ പറഞ്ഞു. തീർച്ചയായും നാമിപ്പോൾ അത് അനുസരിക്കുന്നു. പക്ഷേ അപ്പോൾ ഒരു ചോദ്യം ഉയർന്നുവരും. അടച്ചിടാൻ ഒരു വീടില്ലാത്ത എത്ര ശതമാനം മനുഷ്യരുടേതു കൂടിയാണ് ഇന്ത്യ ? അവരെന്താണ് ചെയ്യാൻ പോവുന്നത്. അതുവരെ അദൃശ്യമായ ഒരിന്ത്യയുടെ, ആരും ശ്രദ്ധിക്കാത്ത ഒരു ഇന്ത്യയുടെ ഉയിർപ്പാണ് കോവിഡ് കാലത്തിൻ്റെ കാഴ്ചകളിലൊന്ന്. ആ ഇന്ത്യയാണ് കുഞ്ഞുങ്ങളെ തലയിലും തെരുവിലുമേറ്റി നൂറുകണക്കിന് കിലോമീറ്ററുകൾ ദേശീയ പാത താണ്ടിയത്. ഈ കാഴ്ചകൾ, അടച്ചിരിക്കാനൊരു വീടില്ലാതെ അലയുന്ന ഇന്ത്യയുടെ കാഴ്ച ഇന്ത്യൻ മദ്ധ്യവർഗ്ഗത്തിൽ, പ്രിവിലേജ്ഡ് സമൂഹങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ആ സഹതാപം പലതരം സഹായങ്ങളായി ഈ അരികുവൽക്കരിക്കപ്പെട്ട മനുഷ്യരിലേക്കെത്തുന്നുണ്ട്. അത് ആശ്വാസകരമാണ്. പക്ഷേ കോവിഡാനന്തര ഇന്ത്യയിൽ നാം, ആദിവാസികൾ, ദലിതുകൾ, കീഴാളർ ഉയർത്തേണ്ട ചോദ്യം, ഈ സഹതാപം എപ്പോഴാണ് അനുതാപമായി, ഞങ്ങളുടെ ദുരിതാനുഭവങ്ങളോടുള്ള താദാത്മ്യമായി മാറുക എന്നതാണ്. ഇത്തിരി സഹായങ്ങൾക്കപ്പുറം ഈ രാഷ്ട്രത്തിലെ വിഭവങ്ങളിൽ അർഹമായ അവകാശങ്ങൾ ലഭ്യമാവുന്നിടത്തേക്ക് എപ്പോഴാണ് വികസിക്കുക എന്നതാണ്.

തീർച്ചയായും ഇന്ത്യയെന്ന രാഷ്ട്ര സ്വരൂപം , ഭരണകൂടം അതിൻ്റെ അരികുകളാൽ ചോദ്യം ചെയ്യപ്പെടും. അതു വെറും ചോദ്യങ്ങൾ മാത്രമല്ല. ഉത്തരം ലഭിക്കുന്നതു വരെ ഉയരേണ്ട ചോദ്യങ്ങൾ. RTI (വിവരാവകാശ നിയമം) നമ്മളെ ‘എന്ത് ‘ എന്ന ചോദ്യമുയർത്താൻ പ്രാപ്തരാക്കുന്നു. ഇനി നമുക്ക് എന്തുകൊണ്ട് എന്ന ചോദ്യമുയർത്തേണ്ടതുണ്ട്.”

ഇന്ത്യാ ചരിത്രം തിരുത്തിയെഴുതി സോനഝാരിയ മിൻസ

റാഞ്ചിയിലെ തൻ്റെ വീട്ടിലിരുന്ന് കോവിഡാനന്തരകാലത്തെ ആദിവാസി ജീവിതത്തെക്കുറിച്ച് പ്രൊഫ. സോനാഝാരിയ മിൻസ സംസാരിച്ചതാണിത്.

എന്തൊരു കരുത്താണ് , എത്ര ഹൃദ്യമാണ് ടീച്ചർ നിങ്ങളുടെ വാക്കുകൾ!

ജാർഖണ്ഡിലെ ആദിവാസി ജനത ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്കിനെക്കുറിച്ചും നാൾക്കുനാൾ അവർക്ക് കൈമോശം വരുന്ന പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ച് സോന തുടരുന്നുണ്ട്. എന്നാൽ ഭൂതകാലമെന്നതിനെ കാല്പനികവൽക്കരിക്കുന്നേയില്ലാത്ത അവർ ആദിവാസി ജനത ആധുനികതയേയും ആധുനിക വിദ്യാഭ്യാസത്തേയും സ്വാംശീകരിക്കേണ്ടതിൻ്റെ ആവശ്യകത കൂടി ഉറപ്പിച്ചു പറയുന്നു. “നമ്മുടെ പോരാട്ടങ്ങളുടെ പാരമ്പര്യം, തജ്ജന്യമായ അറിവുകൾ, സംസ്കാരം എന്നിവ നില നിൽക്കണമെങ്കിൽ പോലും നാം ആധുനിക വിദ്യാഭ്യാസം സ്വാംശീകരിക്കേണ്ടതുണ്ട്.”

ജാര്‍ഖണ്ഡിലെ പ്രമുഖ ബ്രിട്ടീഷ് വിരുദ്ധ സാന്താൾസ്വാതന്ത്ര്യ സമരപ്പോരാളികളായ

സിഡോ മുർമുവിൻ്റെയും കന്‍ഹുമുര്‍മുവിൻ്റെയും പേരിലുള്ള സര്‍വകലാശാലയുടെ

വൈസ് ചാന്‍സലറായാണ് സോന നിയമിതയാവുന്നത് എന്നത് ഈ ചരിത്രത്തിൻ്റെ മറ്റൊരു മനോഹാരിതയാണ്. എത്രയോ സർവ്വകലാശാലകളും എത്രയോ വൈസ് ചാൻസലർമാരും ഉണ്ടായിട്ടും ഇത്രയും പതിറ്റാണ്ടുകൾ വേണ്ടിവന്നു ആദിവാസികളിൽ നിന്നൊരാൾ ആ ഇരിപ്പിടത്തിലെത്താൻ.

ഏറ്റവും കൗതുകകരമായ കാര്യം ചരിത്രമോ സാമൂഹ്യ ശാസ്ത്രമോ അല്ല കമ്പ്യൂട്ടർ സയൻസ് ആണ് അവരുടെ പഠന മേഖല എന്നതാണ്. ഡാറ്റാ വിശകലനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ ഇതിനോടകം അന്താരാഷ്ട്ര ജർണലുകളിൽ അവരുടേതായിട്ടുണ്ട്.

സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സാമൂഹ്യാവബോധവും പ്രക്ഷോഭോന്മുഖതയും വളരെ പ്രധാനമാണ് വരും കാലങ്ങളിൽ. പുതിയ ഇടത്തേക്കുള്ള അവരുടെ ഉറച്ച കാൽവയ്പുകൾക്ക് ഹൃദയത്തിൽ നിന്നുളള അഭിവാദ്യങ്ങൾ.