Movie prime

പള്ളിപ്പുറം നോളജ് സിറ്റിയില്‍ സ്പേസ് പാര്‍ക്കും സ്പേസ് മ്യൂസിയവും

തിരുവനന്തപുരം: ബഹിരാകാശ സാങ്കേതികവിദ്യയില് വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയില് കേരളത്തെ മുന്നിലെത്തിക്കുന്നത്തിന് ലക്ഷ്യമാക്കി നിര്ദ്ദിഷ്ട സ്പേസ് പാര്ക്ക് പദ്ധതി വിപുലീകരിച്ചു നടപ്പാക്കാന് സര്ക്കാര് തീരുമാനിച്ചു. കേരള സര്ക്കാര് പള്ളിപ്പുറം ടെക്നോസിറ്റിയിലെ നോളജ് സിറ്റിയില് സ്ഥാപിക്കുന്ന സ്പേസ് പാര്ക്കില് സ്റ്റാര്ട്ടപ് ഇന്കുബേറ്ററുകള്, നൈപുണ്യ പരിശീലന സംവിധാനം, സ്പേസ് ടെക്നോളജി ആപ്ലിക്കേഷന് ഡെവലപ്മെന്റ് ഇക്കോ സിസ്റ്റം, ഉല്പാദന യൂണിറ്റുകള് എന്നിവയെല്ലാം ഉള്പ്പെടുത്തും. മുന് രാഷ്ട്രപതി എപിജെ അബ്ദുല് കലാമിന്റെ ഓര്മയ്ക്കായി തുമ്പ വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രവുമായി സഹകരിച്ചു More
 
പള്ളിപ്പുറം നോളജ് സിറ്റിയില്‍ സ്പേസ് പാര്‍ക്കും  സ്പേസ് മ്യൂസിയവും

തിരുവനന്തപുരം: ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയില്‍ കേരളത്തെ മുന്നിലെത്തിക്കുന്നത്തിന് ലക്ഷ്യമാക്കി നിര്‍ദ്ദിഷ്ട സ്പേസ് പാര്‍ക്ക് പദ്ധതി വിപുലീകരിച്ചു നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കേരള സര്‍ക്കാര്‍ പള്ളിപ്പുറം ടെക്നോസിറ്റിയിലെ നോളജ് സിറ്റിയില്‍ സ്ഥാപിക്കുന്ന സ്പേസ് പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററുകള്‍, നൈപുണ്യ പരിശീലന സംവിധാനം, സ്പേസ് ടെക്നോളജി ആപ്ലിക്കേഷന്‍ ഡെവലപ്മെന്‍റ് ഇക്കോ സിസ്റ്റം, ഉല്പാദന യൂണിറ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തും.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്‍റെ ഓര്‍മയ്ക്കായി തുമ്പ വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രവുമായി സഹകരിച്ചു നിര്‍മിക്കുന്ന നിര്‍ദ്ദിഷ്ട സ്പേസ് മ്യൂസിയവും ലൈബ്രറിയും സ്പേസ് പാര്‍ക്കിന്‍റെ ഭാഗമാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കി.

പദ്ധതി ധൃതഗതിയില്‍ നടപ്പാക്കുന്നത് ലക്ഷ്യമാക്കി സര്‍ക്കാരിന്‍റെ കീഴിലുള്ള ഐസിടി അക്കാദമിയുടെ സിഇഒ സന്തോഷ് കുറുപ്പിനെ സ്പേസ് പാര്‍ക്ക് സ്പെഷല്‍ ഓഫീസറായി നിയമിച്ചു. സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പായിരിക്കും പദ്ധതി നടപ്പാക്കുന്നത്.

ഇതിനുവേണ്ട 20.01 ഏക്കര്‍ നോളജ് സിറ്റിയില്‍നിന്ന് സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (കെഎസ്ഐടിഐഎല്‍) പാട്ടത്തിനു നല്‍കും. ടെക്നോപാര്‍ക്കിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം.

തിരുവനന്തപുരത്ത് കവടിയാറിലാണ് സ്പേസ് മ്യൂസിയം നിര്‍മിക്കാനുദ്ദേശിച്ചിരുന്നത്. പൈതൃക മേഖലയായ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രയാസമായതുകൊണ്ടാണ് നോളജ് സിറ്റിയിലേയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കെഎസ്ഐടിഐഎല്‍-നു നല്‍കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

സ്പേസ് പാര്‍ക്ക് നിര്‍മിക്കുന്നതിന് നോളജ് സിറ്റിയില്‍ പ്രത്യേകസാമ്പത്തികമേഖലയായി മാറ്റിയിരുന്ന 16.07 ഏക്കറും കെഎസ്ഐടിഐഎല്ലിനു നല്‍കാന്‍ തീരുമാനമായി.

പാര്‍ക്ക് നിര്‍മിക്കുന്നതിന് ടെക്നോപാര്‍ക്കിന്‍റെ കോ ഡെവലപ്പര്‍ ആയി കെഎസ്ഐടിഐഎല്ലിനെ സര്‍ക്കാര്‍ നിയോഗിച്ചു. സ്പേസ് പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കമ്പനികളില്‍നിന്ന് വാടക ഈടാക്കി അതില്‍നിന്ന് ടെക്നോപാര്‍ക്കിനുള്ള പാട്ടത്തുക നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തുമ്പ വിഎസ്എസ്സി ഉള്‍പ്പെടെ ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സും നിര്‍മാണ യൂണിറ്റുകളടക്കമുള്ള നിര്‍ദ്ദിഷ്ട സ്പേസ് പാര്‍ക്കും സ്പേസ് മ്യൂസിയവും കൂടിച്ചേരുന്നതോടെ തിരുവനന്തപുരം ബഹിരാകാശ ഗവേഷണത്തിലും ഉല്പന്ന വികസനത്തിലും നൂതന സാങ്കേതികവിദ്യയിലും ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ശ്രീ എം.ശിവശങ്കര്‍ അറിയിച്ചു.