Movie prime

സ്‌പെയ്‌സസ് ഫെസ്റ്റിവൽ തിരുവനന്തപുരത്ത്

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘SPACES- Design, Culture & Politics’ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 01 വരെ തിരുവനന്തപുരം കനകക്കുന്നിൽ വച്ച് നടക്കുന്ന ഫെസ്റ്റിവലിൽ ലോകപ്രശസ്തരായ സാമൂഹികചിന്തകർ, എഴുത്തുകാർ, പൊതുപ്രവർത്തകർ, ചലച്ചിത്രതാരങ്ങൾ, കലാ- സാംസ്കാരിക- പരിസ്ഥിതി- രാഷ്ട്രീയ പ്രവർത്തകർ, ഇന്ത്യയ്ക്ക് പുറമെ സ്പെയ്ൻ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത ആർക്കിടെക്ടുമാർ തുടങ്ങിയവർ പങ്കെടുക്കുന്നു. മലയാളത്തിന്റെ അഭിമാനമായ കവി പ്രൊഫ. സച്ചിദാനന്ദൻ ഫെസ്റ്റിവൽ ഡയറക്ടർ പ്രശസ്ത More
 
സ്‌പെയ്‌സസ് ഫെസ്റ്റിവൽ തിരുവനന്തപുരത്ത്

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘SPACES- Design, Culture & Politics’ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 01 വരെ തിരുവനന്തപുരം കനകക്കുന്നിൽ വച്ച് നടക്കുന്ന ഫെസ്റ്റിവലിൽ ലോകപ്രശസ്തരായ സാമൂഹികചിന്തകർ, എഴുത്തുകാർ, പൊതുപ്രവർത്തകർ, ചലച്ചിത്രതാരങ്ങൾ, കലാ- സാംസ്‌കാരിക- പരിസ്ഥിതി- രാഷ്ട്രീയ പ്രവർത്തകർ, ഇന്ത്യയ്ക്ക് പുറമെ സ്‌പെയ്ൻ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത ആർക്കിടെക്ടുമാർ തുടങ്ങിയവർ പങ്കെടുക്കുന്നു.

മലയാളത്തിന്റെ അഭിമാനമായ കവി പ്രൊഫ. സച്ചിദാനന്ദൻ ഫെസ്റ്റിവൽ ഡയറക്ടർ പ്രശസ്ത ആർക്കിടെക്റ്റ് ടി.എം സിറിയക്കാണ് ഫെസ്റ്റിവൽ ക്യുറേറ്റർ.

ചരിത്രം, ഡിസൈൻ, വാസ്തു, കല, രാഷ്ട്രീയം, തത്വചിന്ത, സാഹിത്യം, ആർക്കിടെക്ചർ, സമൂഹം, സിനിമ തുടങ്ങി വിവിധ വിഷയങ്ങളിൽ ഒരേ സമയം മൂന്ന് വേദികളിലായി നൂറിലേറെ സംവാദങ്ങൾ ഇവിടെ അരങ്ങേറുന്നു. മാധവ് ഗാഡ്ഗിൽ, ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ, പ്രശസ്ത ആർക്കിടെക്ട് ബി.വി. ദോഷി, വികാസ് ദിലവരി, ജയാ ജയ്റ്റ്‌ലി, ശശി തരൂർ, ഇറാ ത്രിവേദി, പ്രകാശ് രാജ്, ടി.എം. കൃഷ്ണ, സാറാ ജോസഫ്, എൻ.എസ്. മാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്രീലങ്കൻ ആർക്കിടെക്ട് പലിൻഡ കണ്ണങ്കര, ഡീൻ ഡിക്രൂസ്, റസൂൽ പൂക്കുട്ടി, സത്യപ്രകാശ് വാരാണസി, നീലം മംഞ്ജുംനാഥ്, ബോസ് കൃഷ്ണമാചാരി, സുനിൽ പി. ഇളയിടം, സണ്ണി എം. കപിക്കാട്, കെ.ആർ. മീര, പദ്മപ്രിയ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്ന സെഷനുകൾക്ക് പുറമെ മുഖാമുഖങ്ങൾ, പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, വർക്ക് ഷോപ്പുകൾ, പരമ്പരാഗത തൊഴിൽവിദഗ്ധരുടെ അനുഭവാഖ്യാനങ്ങൾ എന്നിവയും ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആർക്കിടെക്ച്ചർ എന്ന സംസ്‌കാരത്തെപ്പറ്റിയും കേരളത്തിന്റെ ആഗോള സ്വത്വത്തെ കുറിച്ചും മുംബൈയിലെ പൈതൃകസംരക്ഷണത്തെക്കുറിച്ചും പുണ്യസ്ഥലങ്ങളിലെ ജ്ഞാനഭാവത്തെക്കുറിച്ചും വായനശാല, ചായക്കട, ഷാപ്പ് തുടങ്ങിയ പങ്കുവയ്ക്കിലിടങ്ങളിലെ ബലതന്ത്രത്തെക്കുറിച്ചും ഒന്നാം ദിവസം ചർച്ച ചെയ്യും. പ്രകൃതിക്ഷോഭങ്ങൾ തുടർക്കഥയാകുന്ന കേരളത്തെ പ്പറ്റി ഡോ. വി.എസ്. വിജയൻ പ്രൊഫ. മാധവ് ഗാഡ്ഗിലുമായി സംഭാഷണം നടത്തും.

സിനിമയിലേയും സാഹിത്യത്തിലേയും കഥപറച്ചിലിന്റെ ആർക്കിടെക്ച്ചറും, നമ്മുടെ കരകൗശലപാരമ്പര്യങ്ങളുടെ പുനരുജ്ജീവനവും സൂക്ഷിപ്പും, സ്വതന്ത്ര സമൂഹങ്ങളുമൊക്കെ രണ്ടാംനാൾ ചർച്ചചെയ്യപ്പെടും. മനു എസ് പിള്ളയുമായും റസൂൽ പൂക്കുട്ടിയുമായുള്ള സംഭാഷണങ്ങളും ഇതേദിവസം നടക്കും.

കേരളത്തിലെ വാസ്തുകലയിലെ പ്രകൃതിയേയും ആധൂനികതയേയും കുറിച്ചുള്ള സെഷൻ മൂന്നാംനാൾ ഉണ്ടായിരിക്കും. സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ സന്യാസി മഠങ്ങളിലെ ഉള്ളറകളെക്കുറിച്ച് ചർച്ച ചെയ്യുന്ന സെഷനിൽ പങ്കെടുക്കും.

അവസാന ദിവസമായ സെപ്റ്റംബർ ഒന്നിന് കോളനി അനന്തര നഗരശാസ്ത്രം ഇന്ത്യയിൽ എന്ന വിഷയത്തിൽ നെഹ്രുവിന്റെ ആധുനിക വീക്ഷണതലങ്ങളെപ്പറ്റി ഡോ. ശശി തരൂർ നടത്തുന്ന പ്രഭാഷണം സ്‌പെയ്‌സസ് വേദിയെ സംവാദഭൂമിയാക്കും. ലിംഗം, ഇടം എന്നിവിടങ്ങളിലെ സമവാക്യങ്ങളെക്കുറിച്ചും, ഇംഗ്ലീഷുകാർ തന്നുപോയ വാസ്തുപാരമ്പര്യത്തെക്കുറിച്ചും, കേരളത്തിന്റെ പുനനിർമ്മാണം, ദുരന്തമുഖത്തെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുമൊക്കെ നാലാംനാൾ ചർച്ചകൾ നടക്കും. അന്നേദിവസം ഡി സി കിഴക്കേമുറി സ്മാരകപ്രഭാഷണം മാഗ്‌സസെ അവാർഡ് ജേതാവ് ടി.എം കൃഷ്ണ നിർവഹിക്കും.

ടി.എം കൃഷ്ണ അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, തകര ബാൻഡിന്റെ റോക്ക് ഷോ, എംടി വാസുദേവൻ നായരുടെ ജീവിതവും കൃതികളും കോർത്തിണക്കി പ്രശാന്ത് നാരായണൻ അണിയിച്ചൊരുക്കിയ, കളം തീയറ്റർ ആന്റ് റപ്രട്ടറി കേരള അവതരിപ്പിക്കുന്ന മഹാസാഗരം, കലാശ്രീ രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത് എന്നിവയും കനകക്കുന്നിന്റെ സായാഹ്നങ്ങളെ കലാസാന്ദ്രമാക്കും.

പ്രശസ്ത ചിത്രകാരനും ബിനാലെ സംഘാടകനുമായ റിയാസ് കോമുവിന്റെ പുസ്തക ഇൻസ്റ്റലേഷനും പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോൽസവവും ഫെസ്റ്റിന്റെ മാറ്റ് കൂട്ടും.