Movie prime

ക്രിക്കറ്റ് കോച്ചിംഗ് ആപ്പുമായി സെവാഗ്

 

'ക്രിക്കുരു', ഓൺലൈൻ ക്രിക്കറ്റ് കോച്ചിംഗ് ആപ്പുമായി വീരേന്ദർ സെവാഗ്

എന്തിനും ഏതിനും ഇൻ്റർനെറ്റിൽ വഴികൾ തിരയുന്നവരോടും ഓൺലൈനിലൂടെ പഠിക്കാൻ ശ്രമിക്കുന്നവരോടും പണ്ടൊക്കെ, അത്ര പണ്ടൊന്നുമല്ല, ഈയടുത്ത കാലം വരെയും ചോദിച്ചിരുന്ന ഒരു കുസൃതിച്ചോദ്യമാണ് "ഓൺലൈനിലൂടെ നീന്തൽ പഠിക്കാൻ പറ്റുമോ" എന്ന്... 

നീന്താൻ മാത്രമല്ല, ക്രിക്കറ്റ് കളി പഠിക്കാനും ഓൺലൈനിലൂടെ കഴിയും എന്നേ ഈ കോവിഡ് കാലത്ത് പറയാനുള്ളൂ. സാധ്യതകളുടെ കലയാണ് രാഷ്ട്രീയമെന്ന് പറയാറുണ്ടല്ലോ. അതിൽ ചെറിയൊരു മാറ്റം വരുത്തി സാധ്യതകളുടെ കാലമാണ് കോവിഡ് കാലം എന്നും പറയാം. 

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ വീരേന്ദർ സെവാഗിൻ്റെ നേതൃത്വത്തിലാണ് രാജ്യത്ത് 'ക്രിക്കുരു' എന്ന ഓൺലൈൻ ക്രിക്കറ്റ് പഠന പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചിരിക്കുന്നത്.  ക്രിക്കറ്റ് കളി സീരിയസായി പഠിക്കാൻ, ലോക പ്രശസ്തരായ ക്രിക്കറ്റ് കളിക്കാരിൽ നിന്നുതന്നെ അതിൻ്റെ ബാല പാഠങ്ങൾ ശരിയായി അഭ്യസിക്കാൻ, കളി അറിയുന്നവർക്കും കളിക്കാർക്കും അതിൽ ഉന്നത പരിശീലനം നേടാൻ ക്രിക്കുരു വഴിയൊരുക്കും എന്നാണ് അതിൻ്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.   

രാജ്യത്തെ  യുവതാരങ്ങൾക്കുള്ള ഓൺലൈൻ ക്രിക്കറ്റ് പരിശീലന കളരിയാണ് ക്രിക്കുരു. വീരേന്ദർ സെവാഗിനൊപ്പം,
മുൻ ഇന്ത്യൻ കളിക്കാരനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 2015-2019 കാലത്തെ ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗറും ക്രിക്കുരു എന്ന ഈ ഓൺലൈൻ ക്രിക്കറ്റ് പഠന പ്ലാറ്റ്ഫോമിൻ്റെ തലപ്പത്തുണ്ട്. യുവതലമുറയ്ക്ക് ക്രിക്കറ്റ് പഠിക്കാനുള്ള മികവുറ്റ പാഠ്യപദ്ധതിയാണ് തങ്ങൾ വികസിപ്പിച്ചെടുത്തതെന്ന് സെവാഗും ബംഗറും അവകാശപ്പെടുന്നു.

ഇന്ത്യയിലെ ക്രിക്കറ്റ് പഠനത്തെ ജനാധിപത്യവത്കരിക്കുന്നതിനും നിലവിലുള്ള വിടവുകൾ നികത്തുന്നതിനും കഴിവുള്ള മികവുറ്റ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്നതാണ് ഈ പരീക്ഷണാത്മക ക്രിക്കറ്റ് പഠന പ്ലാറ്റ്ഫോഫോമിൻ്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള പ്രഗത്ഭരും പ്രശസ്തരുമായ കോച്ചിംഗ് വിദഗ്ധരാണ് ക്രിക്കുരുവിലെ ക്രിക്കറ്റ് അധ്യാപകർ. എ ബി ഡിവില്ലിയേഴ്സ്, ബ്രെറ്റ് ലീ, ബ്രയൻ ലാറ, ക്രിസ് ഗെയ്ൽ, ഡ്വെയ്ൻ ബ്രാവോ, ഹർഭജൻ സിംഗ്, ജോണ്ടി റോഡ്‌സ് തുടങ്ങി ക്രിക്കറ്റ് താരങ്ങളുടെ ഒരു നീണ്ട നിര തന്നെ പരിശീലകരിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന 30 കോച്ചുകളാണ് ക്രിക്കുരുവിനൊപ്പം ചേരുന്നത്. ഓരോ കോച്ചിനൊപ്പവും നാല് മണിക്കൂർ ദൈർഘ്യമുള്ള ക്യൂറേറ്റഡ് വീഡിയോ കണ്ടൻ്റ് ലഭിക്കും. 

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്  സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ പഠിതാവിൻ്റെയും പ്രകടനവും പഠന പുരോഗതിയും വിലയിരുത്തും. വ്യക്തിഗത കഴിവുകളും കുറവുകളും ആഴത്തിൽ തിരിച്ചറിയാനും വിലയിരുത്താനും കഴിയുന്ന വിധത്തിൽ കസ്റ്റമൈസ്ഡ് എ ഐ സാങ്കേതികവിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.  മുൻകൂട്ടി റെക്കോർഡുചെയ്‌ത വീഡിയോ കണ്ടൻ്റാണ് വിദ്യാർഥികൾക്ക് നൽകുന്നത്. 

പോസ്, ഫാസ്റ്റ് ഫോർവേഡ്, റീവാച്ച് ഓപ്ഷനുകൾ നല്കിയിട്ടുണ്ട്. ഇതുവഴി ഓരോ ക്ലാസ്സും എത്ര തവണ വേണമെങ്കിലും കാണാനും പഠിക്കാനും തെറ്റുകൾ തിരുത്താനുമുള്ള അവസരമുണ്ട്.  IOS, Android പ്ലാറ്റ്ഫോമുകളിൽ വെബ്സൈറ്റ് ലഭ്യമാണ്. സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലാണ് സൈറ്റിലേക്കുള്ള പ്രവേശനം.ഒരു വർഷത്തേക്ക് 299 ഡോളർ മുതലുള്ള പാക്കേജുകളുണ്ട്. 

രാജ്യമെമ്പാടുമുള്ള യുവതലമുറക്ക് മികച്ച രീതിയിലുള്ള ക്രിക്കറ്റ് പരിശീലന സാധ്യത ഒരുക്കുകയാണ് ലക്ഷ്യമെന്ന് വീരേന്ദർ സെവാഗ് പറയുന്നു. റ്റിയർ 2, 3 നഗരങ്ങളിൽ പോലും അത് സാധ്യമാക്കാനുള്ള അവസരമാണ് ക്രിക്കുരുവിലൂടെ തുറന്നു കിട്ടുന്നത്. രാജ്യമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക്  എവിടെയിരുന്നും മികച്ച  കോച്ചിംഗ് ലഭ്യമാക്കുക എന്നതാണ് ക്രിക്കുരുവിന് പിന്നിലുള്ള ദർശനം.  

രാജ്യത്തെ വിദൂര പ്രദേശങ്ങളിൽ പോലും  ഇൻ്റർനെറ്റ് പെനിട്രേഷൻ സാധ്യമാകുകയും സ്മാർട്ട്‌ഫോൺ ഉപയോഗം വർധിക്കുകയും ചെയ്യുന്നതിനാൽ താൽ‌പ്പര്യമുള്ളവർക്കെല്ലാം പ്ലാറ്റ്ഫോം ആക്‌സസ് ചെയ്യാൻ‌ കഴിയുമെന്ന് ബംഗാർ‌ അഭിപ്രായപ്പെട്ടു. എന്തായാലും ക്രിക്കുരു എന്ന ക്രിക്കറ്റിങ് ഗുരുവിൻ്റെ വരവോടെ ക്രിക്കറ്റ് ഭ്രാന്തന്മാരുടെ ആവേശവും ഉത്സാഹവും എത്രകണ്ട് വർധിക്കും എന്ന് നമുക്ക് കാത്തിരുന്നു കാണാം.