in ,

വിജ്ഞാനവും കൗതുകവും നിറച്ച് എസ് പി സി പ്രശ്നോത്തരി

തിരുവനന്തപുരം: സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സമ്മര്‍ ക്യാമ്പിന്‍റെ ഭാഗമായി ബുധനാഴ്ച തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല പ്രശ്നോത്തരി മത്സരം (സ്റ്റുഡന്‍റ് ഇന്‍റെലക്ച്വല്‍ മാരത്തണ്‍) കൗതുകവും വിഞ്ജാനവും പകരുന്നതായി. 

ആദ്യം ഉത്തരം പറയാനുള്ള കൊച്ചു മിടുക്കന്‍മാരുടെ വെമ്പല്‍ കാരണം ചോദ്യകര്‍ത്താവ് സ്നേഹജ് ശ്രീനിവാസ് ചോദ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നന്നേ ബുദ്ധിമുട്ടി. തീപാറുന്ന പോരാട്ടം കാഴ്ചവച്ച മത്സരാര്‍ത്ഥികളും ആവേശോജ്ജ്വലമായ പിന്‍തുണയോടെ സദസ്സും കൗതുകം ജനിപ്പിക്കുന്ന ചോദ്യശൈലിയുമായി ചോദ്യകര്‍ത്താവും മത്സരം അവിസ്മരണീയമായ അനുഭവമാക്കി. 

സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ച് വിപുലമായ ക്വിസ് മത്സരം അടുത്തവര്‍ഷം നടത്താന്‍ ഉദേശിക്കുന്നതായി സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ ജി പി വിജയന്‍ സൂചിപ്പിച്ചു. ടി കെ ജോസ് ഐ എ എസ് സംഘടിപ്പിച്ചിരുന്ന കുടുംബശ്രീ സംസ്ഥാനതല ബാലസഭകളാണ് ഇത്തരം സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിപ്പോലീസിന്‍റെ ബാന്‍റ് വാദ്യത്തോടെ ആരംഭിച്ച ഉദ്ഘാടനച്ചടങ്ങില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ അധ്യക്ഷനും തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഉദ്ഘാടകനും ആയിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ്കുമാര്‍ ഗുരുദിന്‍ സ്വാഗതവും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംസ്ഥാന അസിസ്റ്റന്‍റ് നോഡല്‍ ഓഫീസര്‍ ഡിവൈ എസ് പി എം രമേശന്‍ കൃതജ്ഞതയും ആശംസിച്ചു. 

19 പോലീസ് ജില്ലകളെ പ്രധിനിധീകരിച്ച് മൂന്ന് പേരടങ്ങുന്ന 19 ടീമുകള്‍ തമ്മിലാണ് മത്സരം ആരംഭിച്ചത്. വാശിയും ഉത്സാഹവും നിറഞ്ഞ ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുശേഷം കോഴിക്കോട് റൂറല്‍, കണ്ണൂര്‍, തിരുവനന്തപുരം റൂറല്‍, തിരുവനന്തപുരം സിറ്റി എന്നീ നാല് ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയത്. കോഴിക്കോട് റൂറല്‍ ജില്ലയില്‍ മുക്കം ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ അന്‍ജല്‍ മൂഹമ്മദ് യൂ പി, ദേവരാഗ്.എ, സിദാന്‍. എസ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് ഇ.കെ നായനാര്‍ സ്മാരക ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ അശ്വതി.പി.എ, കൃഷ്ണ.ടി.കെ, ഗംഗ ടി.കെ എന്നിവരുള്‍പ്പെട്ട ടീമും തിരുവനന്തപുരം സിറ്റി ജില്ലയില്‍ മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഹൃദയേഷ്.ആര്‍.കൃഷ്ണന്‍, ആര്‍ച്ച.എ.ജെ, തമന്ന ഹരി എന്നിവരടങ്ങിയ ടീമും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

ഐ.ജി.മാരായ ദിനേന്ദ്ര കശ്യപ്, പി വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ട്രോഫികള്‍ സമ്മാനിച്ചു. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കേരളത്തിലെ വോട്ടിംഗ് ശതമാനം കൂടുമെന്ന് പ്രതീക്ഷ: ഗവർണർ

ഡിസ്കോ ഡാൻസറിൽ എന്തു കൊണ്ട് മമ്മൂട്ടി? നാദിർഷ പറയുന്നു