ugc
in

വിദ്യാർഥികൾ പരീക്ഷകൾക്ക് തയ്യാറെടുക്കുക, ഇനിയും മാറ്റിവെയ്ക്കുമെന്ന തോന്നൽ വേണ്ട: യുജിസി  സുപ്രീം കോടതിയിൽ

UGC

ലോക്ഡൗൺ കാരണം മാർച്ച് മുതൽ നടക്കാതെപോയ പരീക്ഷകൾക്കായി വിദ്യാർഥികൾ ഒരുങ്ങിയിരിക്കണമെന്നും ഇനിയും അവ നീട്ടിവെയ്ക്കുമെന്ന് കരുതരുതെന്നും സുപ്രീം കോടതിയിൽ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ.കോളജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവസാനവർഷ പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾക്കാണ് യുജിസിയുടെ മുന്നറിയിപ്പ്. സുപ്രീം കോടതിയിൽ വാദം നടക്കുന്നതിനാൽ പരീക്ഷകൾ വീണ്ടും നീട്ടിവെയ്ക്കുമെന്ന് വിദ്യാർഥികൾ കരുതരുത്.UGC

പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടരണം. സുപ്രീംകോടതിയിൽ വാദം നടക്കുന്നതിനാൽ പരീക്ഷകൾ സ്റ്റേ ചെയ്യുമെന്ന ധാരണയിൽ ഇരിക്കരുത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഏകോപനം, നിർണയം, മാനദണ്ഡങ്ങളുടെ പരിപാലനം തുടങ്ങിയ ഉത്തരവാദിത്തം യുജിസിക്കാണ്.

സെപ്റ്റംബറിൽ അവസാന വർഷ പരീക്ഷ നടത്താനുള്ള യുജിസിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച് കമ്മീഷൻ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്. അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച കോടതി വാദം കേൾക്കുന്നത് ഓഗസ്റ്റ് 10 ലേക്ക് മാറ്റി.

സെപ്റ്റംബറിൽ പരീക്ഷകൾ നടത്താനുള്ള  തീരുമാനവും,ഓൺലൈനിൽ പരീക്ഷ നടത്തുന്നതുൾപ്പെടെയുള്ള  നിർദേശങ്ങളും യുജിസി ഏകപക്ഷീയമായി കൈക്കൊണ്ടതാണെന്ന് ഹർജിക്കാരിൽ ഒരാൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ് വി വാദിച്ചു. ചില സർവകലാശാലകളിൽ അടിസ്ഥാന ഐടി ഇൻഫ്രാസ്ട്രക്ചർ പോലും ഇല്ല. അതിനാൽ ഓൺലൈൻ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്നും സിംഗ് വി ചൂണ്ടിക്കാട്ടി.ഓപ്ഷണൽ പരീക്ഷ പ്രശ്നമാകുമെന്നും ഒരാൾക്ക് ഹാജരാകാൻ കഴിയാതെ വരുന്നതും പിന്നീട് ഓപ്ഷൻ നൽകുന്നതും കുഴപ്പമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇത് വിദ്യാർഥികൾക്ക് പ്രയോജനം ചെയ്യില്ലേ എന്ന് കോടതി എടുത്തു ചോദിച്ചു.

പരീക്ഷകൾ റദ്ദാക്കിയാൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് സിംഗ് വി വാദിച്ചു. ദുരന്തനിവാരണ നിയമത്തിലെ ചില വകുപ്പുകളെ പരാമർശിച്ചു കൊണ്ട് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ കോളജുകളിലെ അവസാന വർഷ പരീക്ഷ റദ്ദാക്കിയ മഹാരാഷ്ട്ര സർക്കാരിനോട്, സംസ്ഥാന ദുരന്ത നിവാരണ സമിതി ഇക്കാര്യത്തിൽ കൈക്കൊണ്ട തീരുമാനം എന്തായിരുന്നു എന്ന് രേഖാമൂലം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.

കോടതി ഇന്ന് പരിഗണിച്ച  ഹർജികളിൽ ഒന്ന് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ആദിത്യ താക്കറെയുടേതാണ്. ശിവസേനയുടെ യുവജന വിഭാഗം വഴിയാണ് ഹർജി നല്കിയത്. പരീക്ഷകൾ നടത്തണമെന്ന് നിർബന്ധം പിടിക്കുന്ന യുജിസി വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അപകടത്തിലാക്കുകയാണെന്ന് ഹർജിക്കാർ ആരോപിച്ചു.

പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും കോടതി ആവശ്യപ്പെട്ടു. അവസാന വർഷ പരീക്ഷകൾ നടത്താമെന്നാണ് നേരത്തേ മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നത്.  വിദ്യാർഥികൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടരണമെന്നാണ് അഭിപ്രായമെന്നും ഇക്കാര്യത്തിൽ തിങ്കളാഴ്ചയ്ക്കകം(ഓഗസ്റ്റ് 3)  മറുപടി നൽകാമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായത്.

ബിഹാറിലെ വെള്ളപ്പൊക്കം കാരണം പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാണെന്നും ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നുമുള്ള മറ്റൊരു ഹർജിക്കാരൻ്റെ ആവശ്യം കോടതി തള്ളി.

രാജ്യത്ത് കൊറോണ വൈറസ് ആശങ്കാജനകമായ നിലയിൽ ഉയരുമ്പോഴും കോളജ്, സർവകലാശാല വിദ്യാർഥികളുടെ അവസാന വർഷ പരീക്ഷ നടത്താനുള്ള  യുജിസിയുടെ തീരുമാനത്തിനെതിരെ പരക്കെ വിമർശനമുയർന്നിരുന്നു. ഏകപക്ഷീയമായല്ല തങ്ങൾ തീരുമാനം കൈക്കൊണ്ടതെന്നും, പരീക്ഷകൾ ഒഴിവാക്കുന്നത്  നിലവാരത്തെ ബാധിക്കുമെന്ന അഭിപ്രായം ഉന്നയിച്ച സംസ്ഥാന സർക്കാരുകളുടെ ആവശ്യം കൂടി പരിഗണിച്ചാണ്  തീരുമാനം എടുത്തതെന്നുമാണ് യുജിസിയുടെ വാദം.പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പ്രത്യേക അവസരം നൽകുമെന്നും കമ്മീഷൻ പറയുന്നു.

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഡി, എം ആർ ഷാ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വീഡിയോ കോൺഫറൻസിലൂടെയാണ് കേസ് പരിഗണിച്ചത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Old age home

വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

amazon

ആമസോൺ പ്രൈം ഡേ സെയിൽ ഓഗസ്റ്റ് 6, 7 തീയതികളിൽ