thanishq
in

ഈ നാടിന്റെ സാംസ്കാരിക വൈവിധ്യത്തെ ഇതിനേക്കാൾ ഭംഗിയായി എങ്ങനെയാണ് അടയാളപ്പെടുത്തുക!

Thanishq

ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണവും സംഘടിതമായ ബഹിഷ്കരണവും ഭയന്നാണ് തനിഷ്‌ക് ജ്വല്ലറി അതിൻ്റെ മനോഹരമായ പരസ്യചിത്രം പിന്‍വലിച്ചത്.  ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹിന്ദു വർഗീയവാദികള്‍ തനിഷ്കിനെതിരെ തിരിഞ്ഞത്. ബോയ്‌കോട്ട് തനിഷ്‌ക് എന്ന ഹാഷ് ടാഗ് ഉപയോഗിച്ചായിരുന്നു സംഘപരിവാറിൻ്റെ സംഘടിതമായ സൈബര്‍ ആക്രമണം. മുസ്ലീമായ അമ്മായി അമ്മയും ഹിന്ദു മരുമകളുമായിരുന്നു പരസ്യചിത്രത്തിൽ. ഗര്‍ഭിണിയായ മരുമകള്‍ക്കൊപ്പം അമ്മായിയമ്മയും പങ്കെടുക്കുന്ന ഒരു ബേബി ഷവർ ചടങ്ങ്. അതിൽ ഇരുവരും തമ്മിൽ ഒരു സംഭാഷണമുണ്ട്. ഹിന്ദു-മുസ്ലിം വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും നമ്മുടെ രാജ്യത്ത് പുലർന്നുപോരുന്ന സമ്പന്നമായ സാംസ്കാരിക പാരമ്പര്യമാണ് ആ സംഭാഷണത്തിൽ പ്രതിഫലിക്കുന്നത്. സംഘപരിവാർ ശക്തികൾ ലൗ ജിഹാദ് ദർശിച്ചത് അതിലാണ്. വർത്തമാനകാല ഇന്ത്യയിൽ കാഴ്ചയുടെയും കേൾവിയുടെയും രസതന്ത്രങ്ങൾ മാറിമറിയുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ഉദാത്ത മൂല്യങ്ങൾക്കാണ് ശോഷണം സംഭവിക്കുന്നത്. നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന സുന്ദരമായ ഒരു കലാസൃഷ്ടിയാണ് തീവ്രവാദികളുടെ തിട്ടൂരങ്ങളിൽപ്പെട്ട് തീപ്പെട്ടു പോകുന്നത്. ഹിന്ദുത്വ ഭീകരവാദികളുടെ സൈബര്‍ ആക്രമണത്തിന് വിധേയമായ പരസ്യചിത്രത്തിൻ്റെ ഗരിമയെക്കുറിച്ചും അത് പങ്കുവെയ്ക്കുന്ന സൗന്ദര്യത്തെക്കുറിച്ചുമാണ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുത്തുകാരനും സാമൂഹ്യ ചിന്തകനുമായ സുധീഷ് കെ എൻ എഴുതുന്നത്.Thanishq

പോസ്റ്റ് പൂർണരൂപത്തിൽ താഴെ

………

ഈ നാടിന്റെ സാംസ്കാരിക വൈവിധ്യത്തെ ഇതിനേക്കാൾ ഭംഗിയായി എങ്ങനെയാവും അടയാളപ്പെടുത്തുക! ഹിന്ദു മതവിശ്വാസിയായ മരുമകളുടെ ഗർഭകാലചടങ്ങുകൾ ആഘോഷിക്കുന്ന മുസ്‌ലിം ഫാമിലിയുടെ എത്രയും സ്നേഹപൂർണ്ണമായ നിമിഷങ്ങളാണിത്.

നല്ലൊരു നാളെയുടെ പ്രതീക്ഷകൾ അതിലെങ്ങും വീണുകിടക്കുന്നത് കാണാനാകുന്നില്ലേ? വിവിധ മതവിശ്വാസികൾ ഇടതിങ്ങി പാർക്കുന്നൊരിടത്ത്, ഈ കൂട്ടിക്കലരലുകളാകില്ലേ പ്രത്യാശ പകരുന്നത്?

ഈ സുന്ദര നിമിഷങ്ങളിലും മത വിദ്വേഷം കണ്ടെത്തുന്നവരുടെ മനസ്സ് എത്രമാത്രം ഇരുളടഞ്ഞതാകും!

ഹിന്ദു വിശ്വാസിയായ പത്നി ജോധാബായിക്കായി അന്തഃപുരത്തിനുള്ളിൽ ശ്രീകോവിലൊരുക്കിയ അക്ബർ ചക്രവർത്തിയുടെ നാടാണിത്!

അദ്വൈത ദർശനത്തെ അനൽഹഖിലൂടെ ഇസ്ലാമുമായി സമന്വയിച്ച സൂഫി പാരമ്പര്യത്തിന്റെ നാടാണിത്!

ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും, ‘ഹിന്ദു-മുസ്ലിം’ മിസ്റ്റിസിസത്തെ അധികരിച്ച് ‘മജ്‌മാ ഉൽ ബഹറൈൻ’ എന്ന ഗ്രന്ഥം രചിയ്ക്കുകയും ചെയ്ത ‘ദാരാഷിക്കോ’ എന്ന മുഗൾ രാജകുമാരന്റെ നാടാണിത്!

സംസ്‌കൃതവും, പേർഷ്യനും മറ്റനേകം പ്രാദേശിക ഭാഷകളും കൂട്ടിക്കലർന്നുണ്ടായ ഉറുദു ഭാഷയുടെ നാടാണിത്!

ഗസലും, കവ്വാലിയും സമ്പന്നമാക്കുന്ന സംഗീത പാരമ്പര്യത്തിന്റെ നാടാണിത്!

സാംസ്കാരികമായ കൂടിക്കലരൽ ഒരനിവാര്യതയാണ്! അതിനെതിരായി ശബ്ദമുയർത്തുന്നവർ മാനവികതയുടെ ശത്രുപക്ഷത്താണ്!

നമുക്കെനിയെങ്കിലും നല്ല മനുഷ്യരായി ജീവിച്ചാൽ പോരെ!

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

syringe manufacturers

വാക്സിൻ വരവ് കണക്കിലെടുത്ത് വൻതോതിൽ ഉത്പാദനത്തിനൊരുങ്ങി ഇന്ത്യൻ സിറിഞ്ച് നിർമാതാക്കൾ

800

ശ്രീലങ്കൻ തമിഴനായി ജനിച്ചത് തന്റെ തെറ്റാണോ എന്ന് 800 വിവാദത്തിൽ മുത്തയ്യ മുരളീധരൻ