Movie prime

കവര്‍ സ്റ്റോറി വീണ്ടുമെത്തുന്നു 

 

മലയാള ദൃശ്യ മാധ്യമ രംഗത്ത് മുൻ നിരയിലുള്ള വനിതാ ജേർണലിസ്റ്റും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ സിന്ധു സൂര്യകുമാർ അതരിപ്പിക്കുന്ന കവർ സ്റ്റോറി  എന്ന പരിപാടി ചാനലിൽ വീണ്ടുമെത്തുന്നു. സെപ്റ്റംബർ 4 മുതൽഎല്ലാ ശനിയാഴ്ചയും രാത്രി 9.30നാണ് സംപ്രേഷണം.ഏഷ്യാനെറ്റ്  ന്യൂസിലെ ഈ ജനപ്രിയ പ്രതിവാര  പരിപാടി ഒരിടവേളയ്ക്കു ശേഷമാണ്‌ മടങ്ങിയെത്തുന്നത്. മലയാളികള്‍ പറയാന്‍ ആഗ്രഹിച്ചിരുന്ന തുറന്ന് പറച്ചിലാണ് സിന്ധു സൂര്യകുമാറിലൂടെ കവര്‍ സ്റ്റോറിയില്‍ കേട്ടിരുന്നത്. 500 എപ്പിസോഡ് പൂര്‍ത്തിയാക്കിയപ്പോള്‍ സിന്ധു സൂര്യകുമാര്‍ പറഞ്ഞത് പോലെ, മനസിലാകുന്നതും മനസിലുള്ളതും തുറന്ന് പറഞ്ഞിരുന്ന പരിപാടിയായിരുന്നു ഇത്. രൂക്ഷമായ ഭാഷയിലെ രാഷ്ട്രിയ വിമര്‍ശനമായിരുന്നു കവര്‍ സ്റ്റോറിയുടെ ഹൈലൈറ്റ്.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫായിരുന്ന, യശ:ശരീരനായ ടി.എന്‍.ഗോപകുമാറാണ് ഇത്തരമൊരു പ്രതിവാര വാര്‍ത്താവലോകന പരിപാടി തുടങ്ങാന്‍ പ്രചോദനമെന്ന് സിന്ധു സൂര്യകുമാര്‍ പറഞ്ഞിട്ടുണ്ട്. 2006ൽ ആരംഭിച്ച കവർ സ്റ്റോറിയിൽ പിണറായിയും കെ.കരുണാകരനും വി.എസ്.അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വെള്ളാപ്പള്ളിയും ജി.സുകുമാരൻ നായരും ഉൾപ്പെടെ  മുതിര്‍ന്ന രാഷ്ട്രീയ-സാമുദായിക നേതാക്കളടക്കം  വിമര്‍ശനത്തിന് പാത്രമായിട്ടുണ്ട്. ഓരോ ആഴ്ചയിലെയും പ്രധാന സംഭവങ്ങളുടെ അവലോകനമാണ് കവര്‍‌സ്റ്റോറിയിലൂടെ മലയാളി കേട്ടിരുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തക അവതരിപ്പിക്കുന്ന പരിപാടിയെന്ന നിലയില്‍ കൂടുതല്‍ സ്വീകാര്യത കവര്‍‌സ്റ്റോറിക്ക് ലഭിച്ചിട്ടുണ്ട് എന്ന കാര്യത്തിലും തര്‍ക്കമില്ല. മലയാള ദൃശ്യമാധ്യമ രംഗത്തെ ആദ്യ തലമുറയില്‍പ്പെട്ട സിന്ധു സൂര്യകുമാര്‍ തുടക്കം മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലുണ്ട്. സ്വകാര്യ ചാനലില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയില്‍ എത്തുന്ന ആദ്യ വനിതയെന്ന വിശേഷണവും സിന്ധു സൂര്യകുമാറിനാണ്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് കവര്‍‌സ്റ്റോറി അവസാനമായി കണ്ടത്. സി.പി.എമ്മിലെ സ്ഥാനാർ‍ത്ഥി പട്ടികയും വെട്ടിനിരത്തലും ഈ എപ്പിസോഡ് ചർച്ച ചെയ്തു. തോമസ്‌ ഐസക്കും ജി.സുധാകരനും രവീന്ദ്രനാഥും ഇല്ലാത്ത മന്ത്രിസഭയെ കുറിച്ചാണ് അന്ന് കവര്‍‌സ്റ്റോറി പറഞ്ഞത്. വി.എസ്. സുനില്‍കുമാറനെയും സി.ദിവാകരനെയും ഒഴിവാക്കിയ അതേ വഴിയിയില്‍ പിണറായിയും സി.പി.എമ്മും എന്നതായിരുന്നു വിഷയം. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെങ്കിലും തോമസ്‌ ഐസക്ക് അടക്കമുള്ള ഒഴിവാക്കപ്പെട്ടതിന്റെ കാരണമെന്തെന്ന ചോദ്യവുമുയർത്തി. വാര്‍ത്തകളുടെ പിന്നാമ്പുറത്ത് പലതുമുണ്ടാകും. അതറിയാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്. അത് തുറന്ന് പറഞ്ഞതാണ് കവര്‍‌സ്റ്റോറി. പുതിയ വിഷയത്തിൽ കവര്‍‌സ്റ്റോറിയുമായി സിന്ധു സുര്യകുമാര്‍ വീണ്ടുമെത്തുകയാണ്,