രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്, വാസ്തുശില്പ്പ വാര്ഷിക സമ്മേളനമായ കൊച്ചി ഡിസൈന് വീക്ക് ഉച്ചകോടി ഡിസംബര് രണ്ടാം വാരം കൊച്ചിയില് നടക്കും. ഈ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരുള്പ്പെടെ 5000-ല്പരം പേരാണ് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഒരുക്കുന്ന ത്രിദിന ഉച്ചകോടിയില് പങ്കെടുക്കുന്നത്.
അസെറ്റ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഐടി വകുപ്പ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ ബോള്ഗാട്ടി പാലസില് ഡിസംബര് 12 മുതല് 14 വരെയാണ് ഡിസൈന് വീക്ക്.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖര് ഉച്ചകോടിയില് പങ്കെടുക്കും. കൂടാതെ വിദേശത്തു നിന്നും സ്വദേശത്തു നിന്നുമെത്തുന്ന വാസ്തുകല-രൂപകല്‍പ്പന വിദഗ്ധര്‍, ചിന്തകര്‍, നയകര്‍ത്താക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, എന്നിവര്‍ ഉച്ചകോടിയിലെത്തും.
ഉച്ചകോടിയുടെ ആദ്യ ദിനം രൂപകല്‍പ്പനയിലടിസ്ഥാനമായ ചര്‍ച്ചകളാണ് ഉണ്ടാകുന്നത്. 13, 14 തിയതികളിലെ ചര്‍ച്ചകള്‍ വാസ്തുകലയുമായി ബന്ധപ്പെട്ടാകും.
വാസ്തുകലാ-രൂപകല്‍പ്പന ഉച്ചകോടി, രൂപകല്‍പ്പന ചര്‍ച്ചകള്‍, പ്രദര്‍ശനം, പ്രതിഷ്ഠാപനങ്ങള്‍, രൂപകല്‍പ്പന മത്സരം തുടങ്ങിയവ ഇതിലുണ്ടാകും. സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അവലംബിക്കാവുന്ന ഭാവി സാങ്കേതികവിദ്യ, ആവാസവ്യവസ്ഥിതി, രൂപകല്‍പനാശയങ്ങള്‍ എന്നിവ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ബോള്‍ഗാട്ടി പാലസിനെ ഉച്ചകോടിയോടനുബന്ധിച്ച് ഡിസൈന്‍ ഐലന്‍റാക്കി മാറ്റും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രതിഷ്ഠാപനങ്ങള്‍ സ്ഥാപിക്കും. ദേശീയ അന്തര്‍ദേശീയ പ്രഭാഷകരും ഉച്ചകോടിയിലെത്തുന്നുണ്ട്. വാസ്തുകല, അകത്തള രൂപകല്‍പന തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളും ഉണ്ടാകും.
സംസ്ഥാനത്തെ നിര്‍മ്മാണ രംഗം, ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍, ഐടി തുടങ്ങിയ മേഖലകളില്‍ ഡിസൈനിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് കൊച്ചി ഡിസൈന്‍ വീക്കിലൂടെ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോയും ഉച്ചകോടിയുടെ സ്പെഷ്യല്‍ ഓഫീസറുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. 2018 ല്‍ നടന്ന ഡിസൈന്‍ വീക്കിന്‍റെ ആദ്യ ലക്കത്തിന്‍റെ വിജയം ഈ രംഗത്തെ കാഴ്ചപ്പാടിന് ക്രിയാത്മകമായ മാറ്റം വരുത്തി. കാലാനുസൃതമായി ഡിസൈന്‍ സാങ്കേതിക വിദ്യയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും സുസ്ഥിര നിര്‍മ്മാണ രീതികള്‍ സ്വായത്തമാക്കാനും കൊച്ചി ഡിസൈന് വീക്ക് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.